Thursday, November 8, 2012

മരണത്തിന്റെ തണുപ്പ് ...............................

അപ്രതീക്ഷിതമായി എന്റെ  മോബൈലിലെയ്ക്ക് അപരിചിതമായ നമ്പറില്‍ നിന്നും ഒരു വിളിയെത്തി ...   വര്‍ഷങ്ങള്‍ക്കു പിറകില്‍ നിന്ന് എന്റെ പഴയ ചങ്ങാതി  അജയന്റെ സ്വരം ഞാന്‍ തിരിച്ചറിഞ്ഞു ...സങ്കടം നിറഞ്ഞതായിരുന്നു അവന്റെ ശബ്ദം ...ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്ന  കൂട്ടുകാരന്‍ നൃപന്‍ ക്യാന്‍സര്‍ പിടിപെട്ടു മരണത്തോട് മല്ലിടുന്നു ...അവന്‍ നിന്നെ   കാണാന്‍ ആഗ്രഹിയ്ക്കുന്നു കഴിയുമെങ്കില്‍ ഇവിടം വരെ വരുക .....ബസിലിരിയ്ക്കുമ്പോള്‍ എന്റെ ഓര്‍മ്മകള്‍ പിന്നോട്ട് സഞ്ചരിച്ചു... നൃപനും ഞാനും അജയനും  പഴയ മദിരാശി നഗരത്തില്‍ ഒറ്റമുറിയില്‍ താമസിചിരുന്നവരാരയിരുന്നു ...സിനിമ മോഹം തലയ്ക്കു പിടിച്ചു അവിടെയ്ക്ക് വണ്ടികയറിയവനായിരുന്നു ഞാന്‍ എനിയ്ക്ക്  മുന്‍പേ അവിടെ എത്തപ്പെട്ടവരായിരുന്നു അവര്‍ രണ്ടു പേരും ...പട്ടിണിയും കട തിണ്ണകളിലെ വാസവും തളര്‍ത്തിയ ശരീരവും മനസുമായിട്ടാണ് നാട്ടുകാരനായ ഒരു സുഹൃത്തിന്റെ തണല്‍പറ്റി ഞാന്‍ ആ വലിയ മുറിയിലെയ്ക്കെതുന്നത്.. അവിടെയ്ക്കെതുന്ന പതിനെട്ടാമത്തെ അന്തേവാസിയായിരുന്നു ഞാന്‍... പലരും പലതരം ജോലികള്‍ ചെയ്തിരുന്നവര്‍. നൃപന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സ്ടുടെന്റ്റ്‌ ആയിരുന്നു  അജയന്‍ എന്നെപോലെ സിനിമയില്‍ ഭാഗ്യം തേടി വന്നവനും ..ഒരേ ഒരേ പാതയില്‍ സഞ്ചരിയ്ക്കുന്നവരായിരുന്നത് കൊണ്ട് എനിയ്ക്ക് കൂടുതല്‍ അടുപ്പം അവരോടായിതീര്‍ന്നു ...സഹമുറിയന്മാരില്‍ ഭൂരിഭാഗത്തിനും വരുമാനമുണ്ടായിരുന്നത് കൊണ്ട് മിനിമം ഒരു നേരമെങ്കിലും ഞങ്ങള്‍ ഭക്ഷണം കഴിച്ചു ജീവിച്ചു ...ആക്ടിംഗ് സ്ടുടെന്റ്റ്‌ ആയിരുന്ന നൃപനോടോപ്പം ഞാന്‍ മിക്കപ്പോഴുമാവന്റെ ഫിലിം ഇന്സ്ടിടുട്ടില്‍ പോകുമായിരുന്നു അസാമ്മാന്യ കഴിവുകളുള്ള ഒരാളായിരുന്നു നൃപന്‍..പരിശീലന ക്ലാസ്സുകളില്‍ അവന്റെ പെര്ഫോമെന്‍സ് എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്... കാലം ഞങ്ങളോരോരുതരെയും ഓരോ വഴിയിലേയ്ക്കു തിരിച്ചു വിട്ടു ...ഭാഗ്യപരീക്ഷണങ്ങള്‍കകൊടുവില്‍  അജയന്‍ സിനിമ മോഹം ഉപേക്ഷിച്ചു സുഹൃത്തിനൊപ്പം പാരീസില്‍ പഴ കച്ചവടത്തിന് സഹായിയായി ...ചിക്കന്‍ പോക്സ് പിടിപെട്ടു  ആരോഗ്യം നശിച്ച അവസ്ഥയില്‍ ഞാന്‍ നാട്ടിലേയ്ക്ക്  വണ്ടി കയറി ..നൃപന്‍ അവിടെത്തന്നെ തുടര്‍ന്നു ...നാട്ടിലെത്തിയിട്ടും  വല്ലപ്പോഴും എഴുതുന്ന കത്തുകളിലൂടെ  അവരുമായുള്ള  സൌഹൃദം ഞാന്‍ തുടര്‍ന്നിരുന്നു പിന്നെടെപ്പോഴോ അതൊക്കെ നിലച്ചുപോയി ..പിന്നെടോരിയ്ക്കല്‍ വര്‍ഷങ്ങള്‍ക്കു ശേഷം   ഞാന്‍ വീണ്ടും മദിരാശിയില്‍ എത്തിയപ്പോള്‍ അജയനെ തേടിപ്പിടിച്ചു ..നൃപന്‍ എവിടെയാണെന്ന് അജയനും വലിയ പിടിയുണ്ടായിരുന്നില്ല  കുറെ തിരക്കി പക്ഷെ കണ്ടെത്താനായില്ല ...ക്യാന്‍സര്‍ പിടിപെട്ടു മരിച്ച സാബുചായന്റെ  മുഖം ഓര്‍മ്മ വന്നു ... നല്ല വലിയും കുടിയുമായിരുന്നു സാബുചായന്‍ നല്ലൊരു ചിത്രകാരനും ...കയ്യില്‍ സിഗരറ്റൊഴിഞ്ഞ  നേരമുണ്ടായിരുന്നില്ല ആശുപത്രിക്കിടക്കയില്‍ വച്ച് അവസാനം കാണുമ്പോള്‍ എന്റെ കയ്യില്‍ മുറുകെപിടിച്ചു പുഞ്ചിരിച്ചു... മരണം തിരിച്ചറിഞ്ഞ നിമിഷങ്ങള്‍ ...തണുത്തുറഞ്ഞിരുന്നു ആ വിരലുകള്‍ ... തൊണ്ടയ്ക്കു ക്യാന്‍സര്‍ വന്ന സാംകുട്ടിച്ചയനെ ഓര്‍ത്തു ...പെന്തകൊസ്തുകാരനായിരുന്നു ജീവിതത്തിലോരിയ്ക്കലും കുടിയ്ക്കുകയോ വലിയ്ക്കുകയോ  ചെയ്തിട്ടില്ല എന്നിട്ടും ....വണ്ടിയിറങ്ങുമ്പോള്‍ അജയന്‍ കാത്തു നിന്നിരുന്നു ...അവനോടൊപ്പം വലിയ ആശുപത്രിയുടെ ഇടനാഴിയിലൂടെ നടക്കുമ്പോള്‍ പരസ്പ്പരം ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല.. ഞങ്ങള്‍ ചെല്ലുമ്പോള്‍ നൃപന്റെ മുറിയില്‍ ആരുമുണ്ടായിരുന്നില്ല .. വരാന്തയുടെ അങ്ങേ  കോണില്‍ കിടക്കുന്ന  ബെഞ്ചില്‍ ശുഷ്ക്കിച്ചുണങ്ങിയ ഒരു രൂപം അത് നൃപനായിരുന്നു...  തിരിച്ചറിയാനാകാത്ത വിധം മാറിപ്പോയിരിക്കുന്നു അവന്റെ മുഖം ...എന്നെ തിരിച്ചറിഞ്ഞ അവന്റെ കണ്ണുകളില്‍ സന്തോഷത്തിന്റെ നനവുണ്ടായിരുന്നു  പിന്നെടെപ്പോഴോ അത് കണ്ണീരിന്റെ ഒരുറവയായി.. എനിക്കും സങ്കടം സഹിയ്ക്കാനായില്ല ..പൊട്ടിക്കരഞ്ഞുപോയി  ...അജയന്‍ അകലേയ്ക്ക്  മാറി നിന്നു ...മൌനം കനക്കുന്ന നിമിഷങ്ങളില്‍ ഞങ്ങള്‍ പരസ്പ്പരം നഷ്ട്ടപ്പെട്ടവരായി മാറി... നൃപന് ശബ്ധിക്കാനാകില്ല തുടരെ തുടരെ തൊണ്ടയില്‍ നടത്തിയ സര്‍ജെറികളും റേഡിയെഷനും അവന്റെ പഴയ മുഴങ്ങുന്ന ശബ്ദത്തെ ഇല്ലായ്മ  ചെയ്തിരിയ്ക്കുന്നു ...പരിശീലനക്കളരികളില്‍ അവന്‍ അവതരിപ്പിച്ചിരുന്ന ഒറ്റയാന്‍ കഥാപാത്രങ്ങള്‍ ഒന്നൊന്നായി എനിയ്ക്ക് ചുറ്റും വന്നു ചെവിപൊട്ടുമാറുച്ചതില്‍ ആര്‍ത്തട്ടഹസിച്ചു ....ഞാന്‍ തലകുനിച്ചിരുന്നു... ആരോ തൊട്ടു വിളിക്കുന്നു ..അജയന്‍...... നൃപന്‍  വിദൂരതയില്‍ മിഴികള്‍ നട്ടിരിയ്ക്കുന്നു ....ആശുപത്രിയ്ക്ക് പുറത്തെ മരച്ചുവട്ടില്‍ ഞങ്ങളിരുന്നു ..കുറേകാലം നൃപന്‍ എവിടെയായിരുന്നു എന്ന് അജയനും അറിവുണ്ടായിരുന്നില്ല .....ഒരാശുപത്രി വരാന്തയില്‍ വച്ച് വീണ്ടും നൃപനെ കണ്ടുമുട്ടുംബോഴെയ്ക്കും അവന്‍ അസുഖത്താല്‍ അവശനായിതുടങ്ങിയിരുന്നു .അന്ന് മുതല്‍ അജനയനാണ് അവനെ നോക്കുന്നത് അനാഥനായി ജീവിച്ചിരുന്ന നൃപന്റെ പൂര്വ്വകാലം ആര്‍ക്കുമറിയില്ല ...ഒരു സിനിമാ വാരികയില്‍  വന്ന നിന്റെ  ചിത്രം കണ്ടു തിരിച്ചറിഞ്ഞു  നൃപന്‍  കാണണമെന്ന് വാശിപിടിയ്ക്കുകയായിരുന്നു ... നമ്പര്‍ കണ്ടെത്താന്‍  കുറെ ബുദ്ധിമുട്ടി അജയന്‍ പറഞ്ഞുകൊണ്ടേയിരുന്നു ..അന്ന് മുഴുവന്‍ ഞങ്ങള്‍ നൃപനോപ്പം ചിലവഴിച്ചു..മനപ്പൂര്‍വ്വം ഞങ്ങള്‍ പഴയതൊന്നും ഒര്തെടുതില്ല ...പിറ്റേന്ന് യാത്രപറയുമ്പോള്‍ ഒരു ഫോട്ടോ എനിക്ക് താരാന്‍ നൃപന്‍ കയ്യില്‍ സൂക്ഷിച്ചിരുന്നു  വര്‍ഷങ്ങള്‍ക്കു മുന്‍പ് റൂമിലെ സുഹൃത്തിന്റെ ക്യാമറയില്‍ പകര്‍ത്തിയ ഞങ്ങളോരുമിച്ചുള്ള ഒരു ചിത്രം ..എന്റെ കയ്യിലുമുണ്ടായിരുന്നു അതിന്റെ ഒരു കോപ്പി.പക്ഷെ വര്‍ഷങ്ങളുടെ ഇരുട്ടില്‍ അതെവിടെയോ നഷ്ട്ടപ്പെട്ടുപോയിരുന്നു ...കൈവിരലുകളില്‍ തെരുപ്പിടിപ്പിച്ചു എന്നെ യാത്രയാക്കുമ്പോള്‍ അവന്‍ പുഞ്ചിരിയ്ക്കാന്‍ വൃഥാ ശ്രമിച്ചുകൊണ്ടിരുന്നു ...... എന്റെ കയ്യില്‍ പിടിച്ചിരുന്ന അവന്റെ വിരലുകള്‍ക്കു  അപ്പോള്‍ വല്ലാത്ത തണുപ്പുണ്ടായിരുന്നു ..സാബുചായന്റെ കൈകളില്‍ ഞാന്‍ തിരിച്ചറിഞ്ഞ മരണത്തിന്റെ അതെ തണുപ്പ് .. .

No comments: