Friday, October 10, 2014

പണ്ട്‌ നാട്ടിൻപുറത്ത്‌ ബ്രേക്ക്‌ ഡാൻസും നാടകവുമൊക്കെ കളിച്ചു നടന്നിരുന്ന ജൂനിയറായി കാളേജിൽ പഠിച്ചിരുന്ന ഇപ്പോ പ്രവാസ്സിയായൊരു ചങ്ങാതി നാട്ടിലെത്തിയപ്പോ എന്നെത്തിരക്കി വന്നു ..കുമാറിൽ കൊണ്ടിരുത്തി 2 കോപ്പ വീഞ്ഞും കാളയിറച്ചിയും വാങ്ങിച്ചു തന്നു പഴയ കോളേജ്‌ ജീവിതത്തെക്കുറിച്ചും ഫെയിബുക്കിനെക്കുറിച്ചുമൊക്കെ വാചാലനായി...."അണ്ണാ അണ്ണൻ വീട്ടിലേയ്ക്കൊന്നു വരണം നമുക്കു കുറച്ച്‌ ഫോട്ടോസ്‌ എടുക്കണം ..ഒരു ദിവസം നമുക്കവിടക്കൂടാം..സ്കോച്ചൊക്കെയുണ്ട്‌ അണ്ണൻ ധൈര്യമായിപ്പോരെ ..." ...... സ്കോച്ചെന്ന പ്ര ലോഭനത്തിൽ ആവേശ പുളകിതനായി അവന്റെ വീട്ടിലേയ്ക്കു വണ്ടി വിട്ടു..." ചെന്നയുടൻ തന്നെ അളിയ ന്റെ പല പല ഡ്രെസ്സുകളിൽ പല പല പോസ്സുകളിൽ കുറേ പടങ്ങളെടുപ്പിച്ചു ....പിന്നെപ്പോയി കുടുംബക്കാരെയൊക്കെ മേക്കപ്പിടീച്ചു വന്നു പിന്നേം കുറെ പടങ്ങൾ ...വീടിന്നു മുന്നിൽ നിക്കുന്നത്‌ വീടിൻകത്തു നിക്കുന്നത്‌ ..സ്റ്റെയർക്കേയിസിൽ തൂങ്ങി നിക്കുന്നത്‌.. ഫ്രിഡ്ജിൽ ചാരി നിക്കുന്നത്‌..കാറിനകത്തിരിക്കുന്നത്‌ ബോണെറ്റിൽ കേറിയിരിയ്ക്കുന്നത്‌...പെണ്ണുമ്പിള്ളയെ കെട്ടിപ്പിടിയ്ക്കുന്നത്‌ ..കട്ടിലിൽ കാല മെണ്ണിക്കിടക്കുന്ന ഉപ്പൂപ്പാനെ വടി ചാരി എണ്ണീപ്പിച്ചിരുത്തി കെട്ടിപ്പിടിച്ചൊരെണ്ണം...അയൽവക്കത്തെ അമ്മൂമ്മയെ കെട്ടിപ്പിടിച്ചു മറ്റൊന്നു വഴിയേ പോയ മീൻകാരനെ തടഞ്ഞു നിർത്തി ഒരെണ്ണം ..പിന്നെ നാട്ടിൽ കാണുന്നവനെയൊക്കെ പിടിച്ചു കൂടെ നിർത്തി പടത്തോട്‌ പടം...ഉച്ചയ്ക്കു വീട്ടിൽ തിരിച്ചെത്തി ചാപ്പാടടിച്ചു 2 ലാർജ്ജും വിട്ടു ഉഷാറായി അടുത്ത സെക്ഷൻ...ആദ്യം ഹിന്ദു സ്റ്റെയിൽ വേഷമൊക്കെയിട്ടു ഒരു അത്തപ്പൂവൊക്കെ ഉണ്ടാക്കി അതിനു ചുറ്റും പൂവിടുന്ന പോലേ... പിന്നെ മോളുടെ ബെർത്ത്ഡെ കേക്കു മുറിയ്ക്കുന്നത്‌...ഊൂഞ്ഞാലാടുന്നത്‌...വിഷുക്കണി കാണിയ്ക്കുന്നത്‌....അടുത്തത്‌ ക്രിസ്റ്റിയൻ ഡ്രെസ്സിട്ട്‌ ക്രിസ്തുമസ്‌ കേക്കു മുറിയ്ക്കുന്നതും മുട്ടുകുത്തി പ്രാർത്തിയ്ക്കുന്നതും.. പിന്നീട്‌ തലയിൽ തൊപ്പിയും കുർ ത്ത യുമൊക്കെയിട്ട്‌ നിസ്ക്കരിയ്ക്കുന്ന പോസിലൊരെണ്ണം... അങ്ങനെ വ്യത്യസ്ത ഗെറ്റപ്പുകളിൽ വ്യ്ത്യസ്ത പോസ്സുകളിൽ വൈകിട്ടു വരെ പടം പിടുത്തം നീണ്ടു...വൈകിട്ടു അടുത്ത നൊസ്റ്റാൾജിയ സെക്ഷൻ... പള്ളിക്കൂടം .. വയൽ വരമ്പ്‌... ചായക്കട...ആറിന്റെ തീരം ... ചൂണ്ടയിടൽ ..അങ്ങനെ എല്ലാം തീർത്ത്‌ പോകാനിറങ്ങുമ്പോ ഞാൻ രഹസ്യമായി ചോദിച്ചു " എന്തിനാടാ ഇത്രേം പടങ്ങൾ .സിനിമക്കാർക്കു വല്ലോം കൊടുക്കനാണോ...?" ...... അവൻ : " ഏയ്‌ അല്ലണ്ണാ..ഞാനിനി പോയ 3 വർഷം കഴിഞ്ഞല്ലേ വരൂ അപ്പോ ഓരോ സീസണനുസരിച്ചു എഫ്‌ ബിയിൽ പോസ്റ്റ്‌ ചെയ്യാനാ ഇതൊക്കെ ഓണം വരുമ്പോ ആ ഗെറ്റപ്പിൽ പെരുന്നാളു വരുമ്പോ മുസ്ലീം വേഷം ക്രിസ്തുമസ്സാകുമ്പോ ആ ഒരു സെറ്റപ്പിൽ.... പിന്നെ ആഴ്ചയിൽ ഒരു 3 പട മെങ്കിലും പോസ്റ്റിക്കൊണ്ടിരിക്കണം...അപ്പൊ ഇത്തിരി സെറ്റപ്പിൽ ഉള്ള പടമല്ലേ ലൈക്കു കുറയും അതാ അണ്ണ നെക്കൊണ്ടു തന്നെ എടുപ്പിച്ചേ...അണ്ണനാകുമ്പോ ആ ട്രെന്ററിയാമല്ലോ.... പിടിച്ചു നിക്കണ്ടേയെന്റണ്ണാ......

ചില ന്യൂ ജെനറേഷൻ "മുടികൾ ".........

NU : അസാരം വെറുപ്പീരാണു..ക്ഷമയുള്ളവർ മാത്രം വായിയ്ക്കുക....................... ................................................... ...... കഴിഞ്ഞ ചിങ്ങമാസത്തിലെ ഏറ്റവും തിരക്കുള്ളൊരു ദിവസം അവസാനമാണൊരു വർക്കു വന്നത്‌... എന്റെയൊരു സുഹൃത്തിന്റെ സുഹൃത്തായ ഗൾഫ്‌കാരൻ ചെക്കൻ ലീവിനെത്തി നാടൊട്ടുക്കു പെണ്ണു കണ്ടലഞ്ഞിട്ടു ശരിയായില്ല ...കഴിഞ്ഞ 3 പ്രാവശ്യമായി ഇതേ പരീക്ഷണം തുടരുകയാണു ...ഇത്തവണ രണ്ടിലൊന്നറിഞ്ഞേ പോകൂ എന്ന മട്ടിലാണു "പെൺ വേട്ട " നടത്തിയത്‌..ഒന്നര മാസം കൊണ്ട്‌ 37 പെണ്ണിനെ കാണിച്ചു ബ്രോക്കെറന്മരെല്ലാം തളർന്നു...ചെക്കന്റെ സങ്കൽപ്പത്തിലുള്ള പെണ്ണിനെ കണ്ടെത്താൻ പറ്റുന്നില്ല ...പഠിപ്പൊക്കുമ്പോ മുടിയൊക്കില്ല മുടിയൊക്കുമ്പോ മൂടൊക്കില്ല..ഇതെല്ലാം ഒത്തു വരുമ്പോ പെണ്ണിനു ചെക്കനേ പിടിയ്ക്കില്ല..അങ്ങനെ നാടൊട്ടുക്കു തേഞ്ഞുപാഞ്ഞു ഓടിത്തള്ളി ഒടുക്കം ലീവ്‌ തീരാൻ 2 ആഴ്ച മാത്രം ബാക്കിയായ സമയത്താണു ഒരു പരുവത്തിൽ ഒരെണ്ണത്തിനെ തപ്പിയെടുക്കുന്നത്‌...ചെക്കന്റെ സങ്കൽപ്പത്തിലെ "പലതും " കാര്യമായി ഇല്ലെങ്കിലും സമയം തീരാറായതു കൊണ്ടും ചെറുക്കൻ മദമിളകിയ കാള യെപ്പോലെ കെട്ടാൻ കെട്ടു പൊട്ടിച്ചു നിക്കയായതു കൊണ്ടും ഒരു വിധത്തി ഒത്തു വന്നൊരെണ്ണം കയ്യോടങ്ങുറപ്പിച്ചു....പിന്നെ എല്ലാം ഏർപ്പാടാക്കാനുള്ള ഓട്ടത്തിനിടയിൽ നാട്ടിലുള്ള സ്റ്റുഡിയോകളിലൊക്കെ കേറിയിറങ്ങി ആളേക്കിട്ടാതായപ്പോളാണു എന്നെ തിരക്കി വന്നത്‌... ഭാഗ്യത്തിനു ആശാനു വല്യ പണിയൊന്നുമില്ലാതെ ചൊറീം കുത്തിയിരിയ്ക്കുന്ന ടെയിമാരുന്നു...വർക്കേറ്റപ്പോ ഒരു ആവശ്യം ചെറുക്കൻ മുന്നോട്ടു വച്ചു.... "വീഡിയോ എടുക്കാൻ മുടി വളർത്തിയൊരു വീഡിയോക്കാരൻ വേണം ... എങ്കിലേ ഒരു ന്യൂ ജെനറേഷൻ ലുക്ക്‌ കിട്ടൂ .."...... ഞാൻ : " അല്ല ഇനിയിപ്പോ പെട്ടെന്നു നല്ലോണം വർക്കറിയാവുന്നവരെ തന്നെ കിട്ടാൻ പാടാണു...അപ്പോപ്പിന്നെ മുടി കൂടി വേണമെന്നു പറഞ്ഞാൽ..". ... ചെക്കൻ : അതു അണ്ണനെവിടുന്നേലും ഒപ്പിച്ചേ പറ്റൂ... നമുക്കു മുടി മസ്റ്റാണു.....".... ഞാനാകെ വട്ടായി കല്യാണത്തിനു ഇനി 3 ദിവസമേ ബാക്കിയുള്ളൂ..ഈ മുടി വളത്തിയവനെ എവിടെപ്പോയി തപ്പും...ഓർമ്മയിലുള്ള മുടിയന്മാരെയെല്ലാം തപ്പിയെടുത്തു വിളിച്ചു നോക്കി എല്ലാർക്കും വർക്കുണ്ട്‌...പരിസരത്തെ ജില്ലകളിലുള്ള വീഡിയോ സുഹൃത്തുക്കളെയൊക്കെ വിളിച്ചു ..പലയിടത്തും വീഡിയോക്കാരു ഫ്രീയുണ്ട്‌ പ ക്ഷേ മുടിയില്ല....മുടിയില്ലാത്തവനെ ചെക്കനു വേണ്ടാ താനും ...എന്റെ മുടി വളർത്തിയാൽ ചുരുളത്തേയുള്ളു നീളില്ല എന്ന സത്യം ഞാൻ നേരത്തെ ബോധ്യപ്പെടുത്തിയതു കൊണ്ടും സമയത്തിനി തപ്പിയാൽ വേറേ ഫോട്ടോഗ്രാഫറേ കിട്ടാനില്ല എന്നതുകൊണ്ടും എനിയ്ക്കു മുടിയിൽ നിന്നും ഇളവു ആദ്യമേ കിട്ടിയിരുന്നു...ഒടുക്കം എറണാകുളത്തുള്ള ഒരു മുടിയനെ നമ്മടെ ചാത്തന്മാർ പൊക്കിത്തന്നു...പ്രോഫെയിലിൽ കേറി നോക്കിയപ്പോ കട്ട ഫ്രീക്കൻ...കമ്പ്ലീറ്റ്‌ "യോ യോ."...എന്തു പണ്ടാരമായാലും വേണ്ടില്ല ചെക്കൻ കല്യാണമുറപ്പിച്ച പോലെ ഞാനിതുമങ്ങുറപ്പിച്ചു....തലേന്നു ത ന്നെ മുടിയനെത്തി കൂടെ അന്യഗ്രഹജീവികളേപ്പോലുള്ള 2 അസിസ്റ്റന്റന്മാരും...കാലത്തേ മുടിയനെ ചെക്കനെ കാണിച്ചു സംതൃപ്തിപ്പെടുത്തി... ചെക്കൻ ഹേപ്പി...മുടിയനും സൂസോകളും പണിയാരംഭിച്ചു...ആകെ ബഹളം...അലർച്ചയും കൊലവിളിയും ...തട്ടിമറിക്കലും ...അസിസ്റ്റന്റ്‌ സൂസോകളെ കണ്ട കൊച്ചു പിള്ളെരൊക്കെ പേടിച്ചു നെലവിളിച്ചു...കട്ടിലിൽ കാലം ചെയ്യാൻ കിടന്ന അമ്മൂമ്മയെ പൊക്കിയെടുത്തു കല്യണ ചെക്കനേക്കൊണ്ട്‌ യോ യ്യൊ അടിപ്പിച്ചു...മുള്ളുമലേന്നു വന്ന മാമനും ചക്കുവരക്കേന്നു വന്ന മാമിയ്ക്കുമൊക്കെ "യോ യോ "അടിയ്ക്കാൻ ട്രെയിനിംഗ്‌ കൊടുത്തു....അര മണിക്കൂറിനുള്ളിൽ കല്യണവീട്ടിൽ കമ്പ്ലീറ്റ്‌ "യോ യോ "മയമായി...മൂക്കിൻ തുമ്പിൽ വൈഡ്‌ ആംഗിൾ ലെൻസ്‌ മുട്ടിയപ്പോ കണ്ണു തുറന്ന പൂപ്പാറേലെ മൂത്തമ്മ തല കറങ്ങി താഴെ വീണു ...താഴെ കിടന്ന വല്യമ്മയെ കൂളിംഗ്‌ ഗ്ലാസ്‌ വപ്പിച്ചു ചെറുക്കന്റെ കൂട്ടാരു പയലുകൾ പിന്നേം "യോയ്യോ "അടിച്ചു....ആകെ അങ്കം അട്ടഹാസം ...കല്യാണ വീട്ടിലാകെ വീഡിയോക്കാരന്റെ മുടി പാറി... താടി മാത്രമുള്ള ഞാനും "സായിബാബ " കട്ടുള്ള എം എ തായിയും ആരാലും ശ്രദ്ധിക്കപ്പെടാതെ തിണ്ണയിൽ കുത്തിയിരുന്നു കട്ടൻ ബീഡി നീട്ടി വലിച്ചു ...കല്യാണമണ്ഡപത്തിൽ മന്ത്രം ചൊല്ലിയ പൂജാരി മന്ത്രം നിർത്തി തുമ്മലോട്‌ തുമ്മൽ...സ്വാമി താലി പൂജിച്ചാലേ മുഹൂർത്തത്തിനു കല്യാണം നടക്കൂ.....ഒടുക്കം ഒരു വിധം തുമ്മലടങ്ങിയപ്പോ സ്വാമി കോപിഷ്ടനായി അലറി... " പൂജ നടത്തുമ്പോ മൂക്കിന്റെ കീഴീ ഈ മൈ***ന്റെ മുടി കൊണ്ടപ്പൊ തുടങ്ങിയയതാ ഈ തുമ്മൽ ...എവനെ ഇവിടുന്നിറക്കീല്ലെങ്കി എനിക്കു മന്ത്രം ചൊല്ലാൻ പറ്റില്ല..."... മുഹൂർത്തം മൊടങ്ങിയാ നാട്ടാരുടെ തൊഴി മേടിക്കുകയും ഞാൻ പട്ടിണിയാകുകയും ചെയ്യുമെന്നുള്ളതു കൊണ്ട്‌ നടന്നും ഇരുന്നും കെടന്നും പറന്നും പൊങ്ങിച്ചാടിയുമൊക്കെ എടുത്തോണ്ടിരുന്ന മുടിയനെ ഞാൻ താഴെയിറക്കി... ക്ഷമയുടെ നെല്ലിപ്പലകക്കളെല്ലാം ഞാൻ കോൺക്രീറ്റ്‌ ചെയ്തു ബലപ്പിച്ചു....ഓരോരോ ഗതികേടുകളേ....മുഹൂർത്തം കഴിഞ്ഞുടൻ മണ്ഡപത്തിന്റെ അങ്ങേയറ്റത്തൂന്നൊരു മൂളൽ.... മുടിയൻ വീണ്ടും പണി തൊടങ്ങിയിരിയ്ക്കുന്നു.....ന്തായാലും അന്നത്തെ അങ്കങ്ങളെല്ലാം കടിച്ചു പിടിച്ചവസാനിപ്പിച്ചു ഒരു വിധത്തിൽ മുടിയനേയും സംഖത്തിനേയും പായ്ക്ക്‌ ചെയ്തു.... വൈകിട്ടു റൂമിൽ വന്നു മുടിയൻ കോപ്പി ചെയ്തു തന്ന വിഷ്വൽ കണ്ട്‌ ഇടി വെട്ടി കണ്ണിലിരുട്ട്‌ കേറി... നീല ...പച്ച ...ചൊമപ്പ്‌.....മൊത്തം കട്ടപ്പൊക.....അവ ന്റെ ജാഡേം സ്റ്റെയിലുമൊക്കെ കണ്ടാ തോന്നും ഹോളീവുഡ്‌ സിലിമ എടുക്കുവാന്നു.....ഓരോരോ വേഷം കെട്ടലുകളേ..... ചെക്കനെ ഫോണിൽ വിളിച്ചു കാര്യം പറഞ്ഞു....അര മണിക്കൂറു കഴിഞ്ഞപ്പോ ചെക്കനലച്ചു തള്ളി ഓടി വന്നു "ഇനിയിപ്പോ എന്തു ചെയ്യുമണ്ണാ കൊലച്ചതിയായിപ്പോയല്ലോ...."......ഞാൻ : " (തീർത്തും നിസ്സംഗതയോടെ ) ഇനിയൊന്നും ചെയ്യാനില്ല ..മൊത്തം ബ്ലേക്ക്‌ ആന്റ്‌ വൈറ്റിൽ കാണാം വേറൊരു വഴിയുമില്ല .....chekkan : "ന്യൂ ജെനറേഷനാൺ വീഡിയോ ആണെന്നു പറഞ്ഞു ഞാനെല്ലാരുടേം മുന്നിൽ ജാഡയിട്ടതാ... പെണ്ണുമ്പിള്ള വീട്ടുകാരുടെ മൊകത്തു ഞാനിനി എങ്ങനെ നോക്കും ദൈവമേ.... "...ആകെ മുടി പൊങ്ങി ചെക്കനിറങ്ങിപ്പോയി....എം എ തായി കണ്ണാടിൽ നോക്കി കോഴി മൊട്ടയിട്ടിട്ട്‌ കൊക്കുന്ന പോലിരുന്നു ചിരിച്ചോണ്ട്‌ പച്ചൊള്ളം കോരിയൊഴിച്ചു മുടി സ്പൈക്കു ചെയ്തു.... ഞാൻ ബീഡി ആഞ്ഞു വലിച്ചു താടി തടവി അന്തരീക്ഷത്തിലേക്കു പുക വിട്ടു....

.ദൈവം

ബ്ലൂ ലയൺ ബാറിൽ നിന്നും നന്നാലു ബിയറുമടിച്ചു തായ്‌ലന്റ്കാരി എൽമയുടെ തോളിൽ കയ്യിട്ടു ഗോവയിലെ ഡോണാ പൗള ബീച്ചിലൂടെ നിലാവത്തു നടക്കുമ്പോൾ പൊട്ടിവീണ നക്ഷത്രം പോലെ ദൈവം തമ്പുരാനതാ മുന്നിൽ വന്നു നിൽക്കുന്നു..."ദൈവമേ അങ്ങെന്താണീ പാപികളുടെ പറുദീസയിൽ...?..... .....ദൈവം : "ഞാൻ നിന്നെ തിരക്കി പൊന്റൂരു പോയിരുന്നു അപ്പോളാണറിഞ്ഞത്‌ നീ ഗോവാ ഫെസ്റ്റിവെലിനു പോയത്‌... നിനക്കിങ്ങനെ നാടു തെണ്ടി നടന്നാ മതിയല്ലോ...നിന്നോടൊരർജ്ജന്റ്‌ കാര്യം പറയാനുണ്ട്‌ ..ഏതാടാ ഈ പെണ്ണു അവളു കേട്ടാ കൊഴപ്പോണ്ടോ...? "......... ............ഞാൻ : " പേടിയ്ക്കണ്ട കർത്താവേ എവളു തായ്‌ലന്റ്കാരിയാ മലയാളമറിയില്ല ....പ ക്ഷെ അൽപ്പം തമിഴറിയാം... കർത്താവിനു തമിഴറീല്ല ല്ലോ അപ്പോ ഒട്ടും പേടിക്കണ്ട ധൈര്യമായിപ്പറ...എങ്ങനാ വന്നേ ട്രെയിനിനാണോ...? ".......... ..........ദൈവം : " ഓ ..റിസർവേഷൻ കിട്ടിയില്ല പിന്നെ അത്യാവശ്യമായോണ്ട്‌ ലോക്കലിൽ തൂങ്ങി ഇങ്ങു പോരുന്നു.....കാര്യം അൽപ്പം ഗൗരവമുള്ളതാ ... ..ഒന്നു നീയിങ്ങനെ മഹാ തല്ലിപ്പൊളിയായി നടക്കുനതിനെക്കുറിച്ചു കുറേ നാളായി പല പരാതികളും എനിയ്ക്കു കിട്ടുന്നുണ്ട്‌ ...നമ്മളു തമ്മിലുള്ളൊരു ഇരുപ്പു വശം വച്ചിട്ടാ ഞാനതൊന്നും ഇതു വരെ മേലാപ്പീസിലേക്കയക്കാഞ്ഞെ ...നിനക്കറിയാമല്ലോ നിന്റെ ഭാര്യ പണ്ടയച്ച എണ്ണമറ്റ പരാതികൾ കമ്മറ്റി കാണാതെ മുക്കി നിന്നെ ഞാനാ രക്ഷപെടുത്തിയത്‌ ...അതെല്ലാം കൂടി മേപ്പോട്ടയച്ചിരുന്നേ കാലൻ അന്നേ നിന്റെ ചീട്ടു കീറിയേനെ...എന്നിട്ടും ഏതോ പെമ്പിള്ളേരു പീഡന കേസാരോപിച്ചു വിട്ട ഇ മെയിൽ കണ്ടിട്ട്‌ കാലന്റെ അസിസ്റ്റന്റ്‌ തങ്കു അണ്ണൻ മഹാ കലിപ്പിലാരുന്നു .. നരകത്തിൽ പോയി ക്യൂ നിന്നു അവനൊരു പെയ്ന്റ്‌ വാങ്ങിക്കൊടുത്താ ഞാനതു ഡിലീറ്റ്‌ ചെയ്യിപ്പിച്ചേ....ഇത്ര യൊക്കെ സഹായം നിനക്കു ചെയ്തു തന്നത്‌ നീയെന്നെങ്കിലും നന്നാകുന്നേ നന്നാവട്ടേന്നു വച്ചിട്ടാ...പക്ഷെ നീയിവിടെ കള്ളുകുടിച്ചു കടത്തിണ്ണേക്കിടന്നും കണ്ടവളുമാരുടെ കൂടെ നാടു തെണ്ടീം നടക്കുവാ...നീയെന്റെ കൂട്ടുകാരനായോണ്ടാ ഞാനിതൊക്കേം അങ്ങു പൊറുത്തേ ...ഒന്നു ഞാൻ പറഞ്ഞില്ലെന്നു വേണ്ടാ...ഇക്കണക്കിനു പോയാ നിനക്കു സ്വർഗ്ഗത്തീ കേറാൻപറ്റുമെന്നു വിചാരിക്കണ്ടാ...ഇപ്പൊ തന്നെ നിനക്കു അഡ്മിഷൻ കിട്ടാനുള്ള യോഗ്യതാ പരീക്ഷയിൽ മൊത്തം മൈനസ്‌ മാർക്കാണു....നാട്ടാരെല്ലാം അഡ്മിഷനു ഹൈ റെക്കമെന്റേഷനുമായി നടക്കയാ... നീയവിടുണ്ടേ വല്ലപ്പോഴും ഒളിച്ചും പാത്തുമാണേലും 2 എണ്ണമടിക്കുവേം നിന്റെ അപരാധക്ക ഥകൾ കേക്കുവേം ചെയ്യാല്ലോന്നു വച്ചിട്ടാ ഈ ത്യാഗമൊക്കെ സഹിച്ച്‌ ലോക്കലീക്കേറി നിന്നെ ഉപദേശിച്ചു നേരെയാക്കി സ്വർഗ്ഗത്തീ കേറ്റാൻ വന്നതു ....അപ്പോ ഇവിടെ നീ മറ്റോളേം കെട്ടിപ്പിടിച്ചു നെലാവു കാണാൻ പോകയാ....കള്ള ബഡുവ.....".......... .ഞാൻ : "ചൂടവ ല്ലേ കർത്താവേ ...എനിയ്ക്കീ സ്വർഗ്ഗത്തിലുള്ളോരുടെ ഒണ്ടാക്കിയ സദാചാരം സഹിയ്ക്കാൻ താൽപ്പര്യമില്ലാത്തോണ്ടാ.... നാട്ടിലാണേ ബാറൊക്കെ പൂട്ടാൻപോവാ...ഒള്ള സമയത്തിനു നാലെണ്ണമൊക്കെയടിച്ചു എവളുമാരുടെ യൊക്കെ കൂടെ കറങ്ങി സന്തോഷമായിട്ടങ്ങു ജീവിച്ചു തീർക്കാന്നു വച്ചാ നിങ്ങളതിനു തമ്മയിക്കൂലെ...? ... സ്വഗ്ഗത്തിലെന്നതാ തമ്പുരാനേ ഒള്ളത്‌... കേറിയിരുന്നു കുടിയ്ക്കാൻ നല്ലൊരു ബാറുണ്ടൊ...തുണ്ടു കാണാൻ ഒരു പോർണ്ൺ സൈറ്റ്‌ ഉണ്ടൊ...അൽപ്പം ചോരയൂറ്റാൻ പറ്റിയ നാലു പെൺകൊച്ചുങ്ങളൊണ്ടോ...ഒള്ള ഉർവ്വശിയേയും തിലോത്തമേയുമൊക്കെ നിങ്ങളു ദൈവങ്ങളു പ്രൈവറ്റ്‌ ലിമൈറ്റ്ഡ്‌ ആക്കി വ ച്ചേക്കുവല്ലേ....മരുന്നിനു പോലും ഒരെണ്ണത്തിനെ വെളീ വിടത്തില്ലല്ലോ പിന്നെ ഭൂമിയിൽ ജീവിച്ചപ്പോ ഒരു പാപവും ചെയ്യാത്ത കുറെ പച്ചക്കറികളു മാത്രമുണ്ടവിടെ .... പച്ച വെള്ളം ചവച്ചു കുടിയ്ക്കുന്ന അതിനെയൊക്കെ ആർക്കു വേണം....അറ്റ്‌ ലീസ്റ്റ്‌ അൽപ്പം വാറ്റടിയ്ക്കാൻ പറ്റാത്ത ,ഒരു ഷക്കീലയോ ബാബിലോണയോ പോലുമില്ലാത്ത സ്വർഗ്ഗ മൊക്കെ എന്തു കോണാത്തിലെ സ്വർഗ്ഗമാ മച്ചൂ......".......... ....... ...ദൈവം : " നീ ഒരു കാലത്തും നന്നാവില്ലെടാ വിവര ദോഷീ ...ഇനി നിന്റെ കൊണവതിയാരം കേട്ടോണ്ട്‌ നിന്നാ മാണിക്യം പോലുള്ള ഈ ഞാനുംകൂടെ നിന്റൂടെ കൂടി ചീത്തയാവും..അതോണ്ട്‌ ഞാൻ പോവാ..നീ നിനക്കു തോന്നിയ പോലെ ജീവിയ്ക്കു...." കടൽ പോലെ നീണ്ടു കിടക്കുന്ന മണൽ തരികൾ ചവിട്ടിമെതിച്ചു ദൈവം നടന്നു പോയി......കൂടെ നടന്നവൾ അമ്പരപ്പോടെ എന്റെ മോന്തയ്ക്കു നോക്കി.... ഞാൻ പറഞ്ഞു.:"പേടിക്കണ്ട അങ്ങേരു മ്മടാളാ... എടക്കെടയ്ക്കിങ്ങനെ എന്നെ ഊദേശിക്കാനൊരു വരവുണ്ട്‌.... ചുമ്മ്മാാ "...

. ഓരോ കഥ വരുന്ന വഴിയേ....

ഇൻബോക്സിൽ ഒരു മെസേജ്‌..."ഞാൻ താങ്കളുടെ ചിത്രങ്ങളുടെ ഒരാരാധികയാണു...താങ്കളെ ചില ചിത്രങ്ങളിൽ കണ്ടാൽ സംവിധായകൻ രെഞ്ജിത്തിന്റെ ഒരു ഛായയുണ്ട്‌. (അങ്ങേർക്കത്‌ തന്നെ വേണം) ....താങ്കളുടെ പോസ്റ്റുകളൊക്കെ വായിക്കാറുണ്ട്‌...എങ്ങനെ ഇങ്ങനെ തുറന്നെഴുതാൻ പറ്റുന്നു...?" ....... മറുപടി പറയും മുൻപ്‌ ഞാനീ ആരാധികയുടെ വാളിൽ ഒന്നു നോക്കി...ചറ പറാ ന്യൂ ജെനറേഷൻ കവിതകൾ സ്ത്രീ വിമോചന പോരാട്ട ഷെയറുകൾ.. നിപ്പു സമരം ഇരിപ്പു സമരം...മൂലമ്പള്ളി ...കൂടംകുളം..കാതികൂടം ....ടോൾ സമരം തുടങ്ങി ഒടുവിലത്തെ ജീൻസ്‌ വരെ..അന്യായ പോസ്റ്റുകൾ....ആളു ഭീകര പുലി തന്നെ... എന്നാപ്പിന്നെ മറുപടി കൊടുത്തേക്കാന്നു വച്ചു " തുറന്നെഴുന്നത്‌ ഒരു തെറ്റായി എനിക്കു തോന്നുന്നില്ല ....പലരും ഒളിച്ചു വയ്ക്ക്കുന്ന കാര്യങ്ങൾ എനിക്കു പറയാൻ കഴിയുന്നു അത്ര മാത്രം "...... ..... ആരാധിക : " ഓഹ്‌ എന്നാലും നിങ്ങൾടെ ഭാര്യയെ സമ്മതിയ്ക്കണം ...അവരിതൊക്കെ വായിച്ചിട്ടും നിങ്ങൾ ജീവ നോടിരിയ്ക്കുന്നല്ലോ....ഞാനെങ്ങാനമാരുന്നേ എന്നേ ചിരവയെടുത്തടിച്ചു കൊന്നേനേ...നിങ്ങടെ നംബർ തരൂ എനിക്കു നിങ്ങളെ കൂടുതൽ അറിയണമെന്നുണ്ട്‌ .." .... ഞാൻ നംബർ കൊടുത്തുടൻ വിളി വന്നു.... ഞാൻ : "എന്താ അറിയേണ്ടെ ചോദിച്ചോളൂ..." ....ആരാധിക : " ഒഹ്‌ എന്തൊരു മുഴക്കമാ നിങ്ങടെ ശബ്ദത്തിനു ശരിയ്ക്കും രഞ്ജിത്തിന്റെ ശബ്ദം പോലെ നല്ല കടുപ്പം ...എനിക്കൊത്തിരി ഇഷ്ടമായി ..."..... .... ഞാൻ :" എനിയ്ക്കീ മുഴക്കം ജന്മനാ ഉള്ളതാ ..എന്താണറിയേണ്ടത്‌ .. ചോദിച്ചോളൂ...".... ആരാധിക : " നിങ്ങളീ എഴുതുന്ന അപരാധ്ക്കഥകളൊക്കെ സത്യമാണോ ..?.....നിങ്ങളെക്കുറിച്ചു ധാരാളം കഥകൾ പലരും പറഞ്ഞു കേട്ടിട്ടിണ്ട്‌ അതൊക്കെ സത്യമാണോന്നറിയാനാ വിളിച്ചേ..".......ഞാൻ : "ആളുകൾ പറയുന്ന അറ്റോം മുറീമില്ലാത്ത കഥകൾ വിശ്വസിയ്ക്കരുത്‌.... മൊത്തമായുള്ളത്‌ ഞാൻ പറഞ്ഞു തരാം...." ...ഒരാളങ്ങനെ അതിയായി ആഗ്രഹിച്ചു വരുമ്പൊ നമ്മളവരെ നിരാശപ്പെടുത്താൻ പാടില്ലാല്ലോ... ഞാനൊന്നു ഞെരിഞ്ഞമർന്നു കഥ പറയാനാരംഭിച്ചു.. മൂപ്പത്തി മൂളി മൂളി കേട്ടോണ്ടിരുന്നു ....കഥകളങ്ങനെ കത്തിക്കേറുന്തോറും അങ്ങേയറ്റത്തു ..."ശ്ശോ... ഓ ഗോഡ്‌.. ഈസ്‌ ഇറ്റ്‌ ട്രൂ.... ഐ കാന്റ്‌ ബിലീവ്‌...." എന്നിങ്ങനെയുള്ള ആവേശ ശബ്ദങ്ങൾ കേട്ടുകൊണ്ടിരുന്നു....കഥ പറച്ചിൽ ഒരു മൂന്നാം ഖാണ്ഡമൊക്കെയായപ്പോഴേക്കും അപ്പുറത്തൂന്നു ചില ദീർക്ഖ നിശ്വാസങ്ങളൊക്കെ കേട്ടു തുടങ്ങി....കുറേ കഴിഞ്ഞപ്പോ അതു പതിയെ ഞരക്കവും നെലവിളിയുമായി...പാവത്തിനെങ്ങനേലും ഓടി രക്ഷപെട്ടോളാഞ്ഞു വയ്യ...." ചേട്ടാ എനിക്കു വിശ്വസിക്കാൻ വയ്യ ഇതിൽ ഇങ്ങനെയൊക്കെയുണ്ടെന്നു .. ബട്ട്‌ എനിക്കത്യാവശ്യമായി ഒരസൈൻമന്റ്‌ തീർക്കാനുണ്ട്‌ ... ബാക്കി നമക്കു പിന്നെ പറഞ്ഞാപ്പോരേ...." ...... ഞാൻ : " അതെന്തു പറച്ചിലാ ... എല്ലാമറിയണോന്നു പറഞോണ്ടല്ലേ ഞാനിത്ര കഷ്ടപ്പെട്ടു എല്ലാം"ഡീറ്റെയിലായി " പറഞ്ഞു തരണത്‌...അപ്പോ പിന്നെ പോയാലെങ്ങനാ..."...ഞാൻ വീണ്ടും ആറാമ ത്തെ അദ്ധ്യായം മൂന്നാം വാക്യത്തിലേയ്ക്കു കടന്നു....കുറെ കഴിഞ്ഞപ്പോ അപ്പുറത്തൂന്നു മൂളലില്ല ...ഞാൻ ഒച്ചത്തീ വിളിച്ചു ... " ഹലോ......ഹ ലോ... ഹലോൂൂൂ ....കോളു കട്ടായി.... ആളോടി രക്ഷപെട്ടിരിക്കുന്നു....തിരിച്ചു വിളിച്ചു നോക്കി ഫോൺ സ്വിച്ചോഫ്ഫ്‌....പ്രൊഫെയിലിൽ പോയി നോക്കി... കാണാൻ പറ്റുന്നില്ല .. ആശാൻ ബ്ലൊക്ക്ഡ്‌.....എന്തായാലും വല്ലാത്ത പുരോഗമനവാദി തന്നേ...പുരോഗമനൊം സ്വാതന്ത്ര്യൊം കവിതയുമൊക്കെ പോസ്റ്റിൽ മാത്രം.... ഉള്ളിലിപ്പോഴും പഴയ സധാചാര പ്പോലീസു തന്നെ ..... ഓരോ കഥ വരുന്ന വഴിയേ....

Wednesday, July 16, 2014

ആഹ ഹാ കിളി പോയീ ....

കാലത്തെ എണീക്കാനൽപ്പം താമസിച്ചു....ഓൺ ലൈനിൽ കേറി നോക്കിയപ്പോ രാത്രി ചാറിപ്പെയ്തവളുടെ മെസേജ്‌ കിടക്കുന്നു "ചേട്ടാ ഞാൻ കൃത്യം 8.30 നു ബസ്സ്റ്റാന്റിലെത്തും 8.45 നുള്ള റാന്നി ബസിൽ എനിയ്ക്കു കോളെജിലേയ്ക്കു പോകണം...അതിനു മുന്നേ വരുമോ...? "...വാച്ചിലേയ്ക്കു നോക്കി 7.55 .....ആദ്യത്തെ കൂട്ക്കാഴ്ചയാണു...സമയത്തു ചെന്നില്ലേ അവളവളുടെ പാട്ടിനു പോകും ...ചട പടെന്നു ടൊയിലറ്റിൽ കേറിയിറങ്ങി...ചായ കുടിച്ചോണ്ട്‌ കുളിമുറിയിലേയ്ക്കോടുമ്പോ ഭാര്യ ചോദിച്ചു : "ഇതെന്താ ഇന്നിത്ര ധ്രുതി വർക്കു വല്ലതുമുണ്ടോ..?."......ഒട്ടത്തിനിടയിൽ വിളിച്ചുകൂവി : "ഒരർജ്ജന്റ്‌ മീറ്റിംഗ്‌ ഉള്ളതാ ഈപ്പോ തന്നെ സമയം പോയി...".കതകടച്ചു കൈലി ഊരിയെറിഞ്ഞു നിക്കുമ്പോഴാണു പതിവുപോലെ വെട്ടമിടാൻ മറന്നു പോയെന്നോർത്തത്‌...നീട്ടി വിളിച്ചു : "എടിയേ ആ ലൈറ്റൊന്നിട്ടേ ".......പുറത്തു കൊച്ചു സൂപ്രണ്ട്‌ "ഡോറ ബുജി " കാണുന്നതിന്റെ ഒച്ചയിൽ അവളതു കേട്ടില്ലെന്നു തോന്നി ഒന്നൂടെ ഉച്ചത്തിൽ വിളിച്ചു.....ശ്ശെ എന്തൊരു കഷ്ടമാണിത്‌...ഇരുട്ടു കാരണം സോപ്പെവിടിരിയ്ക്കുന്നെന്നുപോലും അറിയാൻ മേലാ...ദേഷ്യം മൂത്തിട്ടു പിന്നേം കൂവി " ആ ലൈറ്റൊന്നിടോ.." ...ഒരു രക്ഷയുമില്ല.....മുന്നിലിരുന്ന ബക്കറ്റിനാഞ്ഞൊരു ചവിട്ടു കൊടുത്തു ...ഉത്തരവാധിത്വമില്ലാത്തവൾ ...ഭർത്താവിന്റെ കാര്യങ്ങൾ നോക്ക്കാനവൾക്കു സമയമില്ല ...ഒരു പരുവത്തിൽ തല നനച്ചു തോർത്തി ചാടി പുറത്തേയ്ക്കിറങ്ങുമ്പോ വഴിയിൽ വച്ചിരുന്ന അണ്ടാവിൽ കാലു തട്ടി നന്നായി നൊന്തു .....പണ്ടാരം മനുഷ്യനെ കൊല്ലാൻ വേണ്ടിയോരോ കോപ്പെടുത്തു വഴീക്കൊണ്ട്‌ വ ച്ചോളും...എടുത്ത്‌ മുറ്റത്തേക്കൊരെറി വച്ചു കൊടുത്തു...അക ത്തേയ്ക്കു പാഞ്ഞു കേറുമ്പോ ഭാര്യ അടുക്കള വാതുക്കൽ നിക്കുന്നു : "തീർന്നോ അഭ്യാസം ...? ..... ഞാൻ :" പിന്നല്ലാതെ മനുഷ്യനെവിടെങ്കിലും " അത്യാവശ്യത്തിനു " പോകാൻ ധൃതി പിടിച്ച്ചു നിക്കുമ്പോ കുഞ്ഞുകളിയ്ക്കരുത്‌... ആ ലൈറ്റൊന്നിടാൻ ഞാനെത്ര വട്ടം വിളിച്ചു കൂവി ... കേക്കാനെവിടെ നേരം... " .... അവൾ : " ആദ്യത്തെ വിളിയ്ക്കു തന്നെ ഞാൻ സ്വിച്ച്‌ ഇട്ടതാ സംശയമുണ്ടേ ഇങ്ങോട്ടു വന്നു നോക്കിക്കേ...നല്ലോണം കണ്ണു തുറന്നു നോക്കീട്ട്‌ പാത്രം പറക്കിയെറി .." ....... ശരിയാണു സ്വിച്ചിട്ടു തന്നെയാ വച്ചേക്കുന്നെ..പിന്നിതെന്തുപറ്റി ..ഒരു പ ക്ഷെ അവളിതിപ്പോ ഇട്ടതാകുമോ... ബാത്‌ റൂമിൽ നോക്കി... ഇരുട്ട്‌ തന്നെ ...അപ്പോ പണി പാളി ..ബൾബ്‌ ഫ്യൂസായതാ വെറുതെ അവളെ തെറി വിളിച്ചു....മെല്ലെ പുറത്തിറങ്ങി .... കണ്ണിൽ ഒരുകൊട്ടത്തീയുമായി ഭാര്യ നിൽക്കുന്നു ...തോളിൽ കിടന്ന തോർത്തെടുത്തു തലവഴിയിട്ടു പതിയെ നമ്ര ശിരസ്ക്കനായി അകത്തേയ്ക്കു നടന്നു .....ഏതോ മഹാൻ പറഞ്ഞതോർമ്മ വന്നു " കുടുംബ ജീവിതമൊരു ഞാണിന്മേൽക്കളിയാണു...ഒന്നങ്ങോട്ടോ ഒന്നിങ്ങോട്ടോ.... ".....ക്ലോക്കിലേയ്ക്കു നോക്കി......മണി ...9.05

Wednesday, April 23, 2014

"യോ യോ......

നമ്മുടെ കഥാ നായകൻ സുമാർ ഒരു ഒന്നര ക്കൊല്ലം മുൻപു വരെ ഏതൊരു നാട്ടിൻപുറത്തും കാണപ്പെടുന്നപോലെ ലുങ്കിയുടുത്തു സൈക്കിളിൽ പോകുന്ന നാടൻ പയ്യനയിരുന്നു ... അടക്കവും ഒതുക്കവുമായി ചെവിയിൽ തുളസ്സിക്കതിർ ചൂടി പോയിരുന്ന പാവത്താൻ..ആയിടയ്ക്കു നായകൻ ബേംഗ്ലൂരിൽ ജോലിക്കാരനായ ഒരു കടും ഫ്രീക്കൻ ബന്ധുവിനൊപ്പം ജോലി തേടിപ്പോയതാണു ഈ കഥയിലെ ഏക ട്വിസ്റ്റ്‌.... ആറുമാസ്സത്തിനു ശേഷം നാട്ടിലെത്തിയ നായകനെ പെറ്റ തള്ള പോലും തിരിച്ചറിഞ്ഞില്ല...ഓഹ്‌ മാൻ വാട്ട്‌ എ ചെയിഞ്ച്‌....മഞ്ഞ പാന്റും മഞ്ഞയുടുപ്പും പച്ച ഷൂവും...മുടിയൊക്കെ കറണ്ടടിച്ചപോലെ മേൽപ്പോട്ടെഴുന്നേറ്റു നിൽക്കുന്നു....ബക്കിയുള്ളിടത്തു എലി കരണ്ടിയ പോലെ ചിലറ കലാ പരിപാടികൾ..മേൽക്കാതിലും അടിക്കാതിലും സൈക്കിൾ ടയറുകൾ....പാതിരത്രിയിലെങ്ങാനം വെട്ടമില്ലാതെ പെട്ടെന്നു മുന്നിൽക്കണ്ടാൽ പേടിച്ചു കാറ്റു പോയേക്കും...മൊത്തത്തിൽ ഒരു കടും വെട്ടു സാധനം ...സാക്ഷൽ "അൽ കമലാസനൻ " ... നാട്ടാരൊക്കെ ചുള്ളന്റെ "ഫ്രീക്കു " കണ്ടന്തംവിട്ടു...പയ്യൻ കൂളിംഗ്‌ ഗ്ലാസ്സിലൂടെ നാട്ടാരെ നോക്കി .".യോ യോ ".. പറഞ്ഞു...നാട്ടിലെ വളർന്നുവരുന്ന കുട്ടി ഫ്രീക്കന്മാരൊക്കെ മൂപ്പരുടെ.. "യോ യോ "...കമ്പനിയിൽ കൂടാൻ മൽസരം നടത്തി....പിന്നെ കുറേ ദിവസത്തേയ്ക്കു ഇതായിരുന്നു ചർച്ച...അങ്ങനെ ഓരോ ദിവസവും കട്ട നിറങ്ങളിലൂടെ മച്ചു നാട്ടാരെ ആകെ വട്ടാക്കിക്കൊണ്ടിരുന്നു..രണ്ടാഴ്ച്ചയ്ക്കു ശേഷം തിരിച്ചു പോയ മച്ചൂനെ പിന്നെ കാണുന്നതു ഇന്നു രാവിലെയാണു...പാലുവാങ്ങി നടന്നു വരും വഴി കലുങ്കിലൊരു അപരിചിതൻ.... തലയാകെ മൂടിക്കെട്ടിയിരിയ്ക്കുന്നു അടുത്തു ചെന്നു സൂക്ഷിച്ചു നോക്കി....തള്ളേ നമ്മടെ പഴയ "യോ യോ " പയ്യൻ .. ക്ലീൻ ഷേവ്‌..പുരികം പോലുമില്ല ...തലയിലെ കെട്ടഴിച്ചു ... ഞെട്ടിപ്പോയി...അവിടവിടെ പുഴുക്കടി പിടിച്ചപോലെ മുടി വട്ടത്തിലും നീളത്തിലും കൊഴിഞ്ഞു പോയിരിയ്ക്കുന്നു......കറണ്ടും കളറും മാറി മാറിയടിച്ചു ഒടുക്കം ഇങ്ങനായത്രെ ...പാവം പായസ്സത്തിൽ വീണ ടർക്കിക്കോഴിയെപ്പോലെ കലുങ്കിൽ കുന്ത്തിച്ചിരുന്നു.... "ഉള്ള ജോലീം പോയി..പകൽ വീട്ടിനു വെളിയിലിറങ്ങാൻ പേടിയാ ..വീട്ടിലാണേ തള്ള ഒടുക്കത്തെ തെറിവിളി...ഒണ്ടാരുന്ന ലൈനും പൊട്ടി..പകുതി സമാധാനം അധികമാരും തിരിച്ചറിയുന്നില്ലെന്നുള്ളതാ...മരുന്നു കഴിയ്ക്കുന്നുണ്ട്‌ പഴേ പോലെ മുടി വളരുമായിരിയ്ക്കും..." ഫ്രീക്കൻ ഗദ്ഗധഖൺഠനായി അകലേയ്ക്കു നോക്കി ദീർക്ഖ നിശ്വാസം വിട്ടു....മുന്നിൽ കൊഴിഞ്ഞു വീണു കിടന്നിരുന്ന പഴുത്ത "യോ യോ "കളിൽ ചവിട്ടി വീഴാതിരിക്കാൻ ശ്രദ്ധിച്ചു ഞാൻ മുന്നോട്ടു നടന്നു......

പരിഷ്ക്കാരി

ഇസ്തിരിയിടാത്ത കുപ്പായമിട്ടു ഒറ്റമുണ്ടുമുടുത്തു ഇന്നീ രാജധാനിയിലേയ്ക്കു വന്നൊരാൾ ഞാൻ മാത്രമാണു ...അതുകൊണ്ടു തന്നെ വേഷ ഭൂഷകളുടെ അളവുകോൽ കൊണ്ട്‌ മാന്യതയുടെ തലനാരിഴ കീറുന്ന "പരിഷ്ക്കാരികൾ " ചിലപ്പോഴെങ്കിലും എന്നെ തുറിച്ചു നോക്കി കടന്നുപോകുന്നുണ്ട്‌...