Friday, July 5, 2013

ശ്രുതി.....

.വെയിൽ പരന്നപ്പോഴാണ് ഉറക്കമുണർന്നത്...പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്ത  ഒരു ദിവസം കൂടി ...സിനിമ സ്വപ്നം കണ്ടു ഈ നഗരത്തിൽ വന്നിട്ട് കാലം കുറെയാകുന്നു...എങ്ങും എത്തിപ്പെടാൻ കഴിഞ്ഞില്ല...വല്ലപ്പോഴും അച്ചടിച്ച്‌ വരുന്ന കവിതകള്ക്കും കഥകൾക്കും  കിട്ടുന്ന ചെറിയ പ്രതിഭലങ്ങളിൽ അരിഷ്ട്ടിച്ചു നീങ്ങുന്ന ജീവിതം ..മൊബലിൽ ശ്രുതിയുടെ 3 മിസ്കോളുകൾ..ഇവളിത്ര രാവിലെ എന്തിനാണാവോ വിളിച്ചത്...? തിരിച്ചു വിളിക്കാൻ മൊബലിൽ പൈസയുമില്ല. മുറിപൂട്ടി പുറത്തേയ്ക്ക് നടന്നു ..നല്ല വിശപ്പ്‌  ...പോക്കെറ്റിൽ തപ്പി നോക്കി ഇരുപതു രൂപയുണ്ട് ..ഒരു നെരേം എന്തെങ്കിലും കഴിക്കണോ അതോ മൊബൈൽ ചാർജ് ചെയ്യണോ ...നിരത്തിലൂടെ വെറുതെ നടന്നു .....എങ്ങോട്ടും പോകാനില്ല ആരെയും കാണാനുമില്ല ...കാണുമ്പോൾ തിരക്ക് നടിച്ചു പോകാൻ ശ്രമിയ്ക്കുന്ന ആളുകളെ വെറുതെ എന്തിനു പിന്നെയും ബുധിമുട്ടിയ്ക്കണം ..ബസ് സ്സറ്റാന്ടിനു അപ്പുറത്തുള്ള ചായക്കടയ്ക്ക് മുന്നിൽ തൂക്കിയിട്ടിരിയ്ക്കുന്ന സിനിമാ വീകകിലികളിൽ നോക്കി നിന്നു ..വെയിൽ കനക്കുന്നു ഒപ്പം വിശപ്പും ...ശ്രുതി വിളിക്കുന്നു "ഏട്ടാ എവിടെയാ പി ആർ എസ്സിൽ ഒരാൾക്ക്‌ അത്യാവശ്യമായി രക്തം കൊടുക്കണം എനിക്കിന്ന് ക്ലാസ്സ്‌ കട്ട് ചെയ്യാൻ പറ്റില്ല ...തിരക്കൊന്നുമില്ലെങ്കിൽ ഒന്ന് പോകാമോ  ..? "  എനിയ്ക്കെന്തു തിരക്ക് ...ശ്രുതി നല്ല കുട്ടിയാണ് ഒരു രക്തദാന ക്യാമ്പിൽ വച്ച് പരിചയപ്പെട്ടതാണ് അവളെ ..കുറച്ചു കാലം മുൻപ് വരെ അച്ഛനമ്മ മാര്ക്കൊപ്പം ഗൾഫിലായിരുന്നു. ജനിച്ചതും വളര്ന്നതുമൊക്കെ അവിടെത്തന്നെ ..അവിടെ തുടരാൻ ഇഷ്ട്ടമില്ലാതയപ്പോ ബന്ധങ്ങളുടെ വേരുകൾ തേടി നാട്ടിലേയ്ക്ക് പോരുന്നു...വിദേശത്ത് ജീവിച്ചു പോയതിന്റെ ഒരശുധ്ധിയും  തൊട്ടു തീണ്ടാത്ത മനസ്.. വായനയും എഴുത്തും സിനിമയുമോക്കെയാണ് ഞങ്ങളെ തമ്മിൽ സുഹൃത്തുക്കളാക്കിയത് .. ...  രക്തം  കൊടുക്കുന്ന മുറിയ്ക്ക് മുന്നിൽ ഊഴം കാത്തു നിന്നു ...ആര്ക്ക് വേണ്ടിയാണെന്ന് അറിയില്ല. ശ്രുതിയുടെ കൂട്ടുകാരി പാര്വ്വതിയാണ് അവിടെ ഡൂട്ടിയിലുള്ളത് അവൾക്കറിയാമായിരിയ്ക്കും ..പാറു ഒന്ന് ചിരിച്ചു... വിടവുള്ള പല്ലുകൾക്കിടയിൽ വിരിയുന്ന  നിഷ്കളങ്കമായ ചിരി ...ചോരയൂറ്റിക്കഴിഞ്ഞപ്പോൾ  പാറുവിനെ കാത്തു നിന്നു ..അപ്രതീക്ഷിതമായെത്തിയ ഒരു ആക്സിടന്റ്റ് കേസിന്റെ തിരക്കിനോപ്പം അവൾ ഒഴുകിപ്പോയി ..രക്തമൂറ്റു കഴിയുമ്പോൾ കിട്ടാറുള്ള പതിവ് ഫ്രൂട്ടിയും ആ തിരക്കിനോപ്പം നഷ്ട്ടപ്പെട്ടു ...പുറത്തിറങ്ങുമ്പോൾ ഒരാൾ കാത്തു നിന്നിരുന്നു മെല്ലിച്ചു മുഷിഞ്ഞ വേഷം ..ദൈന്യം നിറഞ്ഞ കണ്ണുകൾ "ന്റെ അമ്മയ്ക്കാ ചോര കൊടുത്തെ " പുറത്തേയ്ക്ക് നടക്കനോരുങ്ങുമ്പോൾ കയ്യിലേയ്ക്കു ചുളുക്ക് വീണ  അഞ്ഞൂറ് രൂപയുടെ ഒരു നോട്ടു ബലമായി വച്ച് തന്നു ...ഇത്തരം അനുഭവങ്ങൾ ആദ്യമല്ല ...അയാളെ തിരികെ വിളിച്ചു പൈസ പോക്കെറ്റിൽ വച്ച് കൊടുത്തു..." ഒന്നും വേണ്ട പൈസയ്ക്ക് വേണ്ടിയല്ല ഞാനിതു ചെയ്തത് " ...പൊക്കോട്ടെ ....പുറത്തിറങ്ങുമ്പോൾ പൊള്ളുന്ന ചൂട് ..പതിയെ തംബാനൂരെയ്ക്കു നടന്നു ....തൊട്ടരുകിൽ ഒരു സ്കൂട്ടർ നിരത്തി ..ശ്രുതിയുടെ സ്കൂട്ടറിനു പിന്നിലിരിയ്ക്കുമ്പോൾ തലകറങ്ങുന്നതായി തോന്നി  നന്നായി ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളാകുന്നു ..ചോര കൂടി നഷ്ട്ടപ്പെട്ടപ്പോൾ തലയ്ക്കൊരു പെരുപ്പ്‌ പോലെ ...ഏതൻ‌സ് ഹോട്ടലിൽ അവൾ  വാങ്ങിത്തന്ന ചോറ് വാരി വിഴുങ്ങുമ്പോൾ മറ്റെല്ലാം മറന്നു ..പുറത്തിറങ്ങി അവളുടെ കയ്യിലുണ്ടായിരുന്ന മുകുന്ദന്റെ"പ്രവാസം"  കടം വാങ്ങി മുറിയിലേയ്ക്ക് പതുക്കെ നടന്നു ..ജീവിതത്തിലെ ഒരു ദിവസം കൂടി കടന്നു പോകുന്നു .....

Thursday, June 27, 2013

മിയാ... നീയെനിയ്ക്കേതു രാഗമായിരുന്നു ......


അശ്വതിയുടെ കുറച്ചു പടങ്ങളെടുക്കനാണ് ഞാനും റാമും മ്യൂസിയം ലൊക്കെഷൻ ആക്കിയത് ..ചിത്രങ്ങളെ ടുക്കുന്നതിനിടയിൽ എവ്ടെനിന്നോ ഒഴുകിയെത്തുന്ന ഗസലിന്റെ ഉറവിടം തേടിയ ഞാനെത്തിയത് അല്പ്പം പ്രായം ചെന്ന ഒരു മനുഷ്യനരുകിലെയ്ക്കാന് ...തന്റെ ചെറിയ മൊബൈലിൽ പാട്ടുകേട്ട് ഒറ്റയ്ക്ക്കിരിയ്ക്കുന്ന സദാശിവൻ എന്ന കിളിമാനൂർ സ്വദേശി..ഇപ്പോൾ കൊച്ചിയിലാണ് താമസം ....പെൻഷൻ പറ്റി ജോലിയിൽ നിന്ന് പിരിഞ്ഞിട്ടു 17 വര്ഷമായി.. പ്രമേഹരോഗം നന്നായി ബുധിമുട്യ്ക്കുന്നുണ്ട് ..അസുഖങ്ങൾ മൂലം ബുദ്ധിമുട്ടുന്ന ഭാര്യക്കൊരു ഭാരമാകാതിരിയ്ക്കാൻ അതിരാവിലെ യാത്ര തുടങ്ങും..അവരെ കരുതാൻ സഹോദരങ്ങൾ അടുത്ത് താമസിയ്ക്കുന്നുണ്ട് എന്ന ആശ്വാസത്തിൽ ... ഒറ്റ മകൻ
സംഗീതത്തെ ഉപാസിയ്ക്കുന്നു ...തിരുവനന്തപുരത്തെതിയാൽ മ്യുസിയമാണ് അഭയസ്ഥാനം ...ജീവിതത്തിന്റെ സങ്കടങ്ങല്ക്കും വേദനകൾക്കുമിടയിൽ എവിടെവച്ചോ ഗസലുകൾ സഹയാത്രികരായി .....ജഗജിത് സിങ്ങും അനൂപ്‌ ജലോട്ടയും അലക്ക യഗ്നിക്കുമൊക്കെ സദാശിവേട്ടന്റെ സങ്കടങ്ങളുടെ മുറിവുകളിൽ സംഗീതത്തിന്റെ തേൻ പുരട്ടി ആശ്വാസം പകര്ന്നു....... "കോയി സായാ ജിൽ മിലയാ രാത് കെ പിച്ചിലെ പഹൽ "....ഓർമ്മകൾ ഒരു നനുത്ത മഴച്ചാറ്റൽ പോലെ എന്നിലേയ്ക്ക് കടന്നു വന്നു ..നാട് വിട്ടു ഉത്തരേന്ത്യയിൽ ജോലി തേടിപോയ പഴയകാലം ...പട്ടിണിയും ഏകാന്തതയും സഹയാത്രികരായിരുന്ന ആ കാലത്താണ് ഗസലുകൾ എന്റെ കൂട്ടുകാരകുന്നത് ...നഗര ജീവിതത്തിന്റെ ഒറ്റപ്പെടലിൽ വാടകമുറിയിൽ പഴയ താമസക്കാരൻ ഉപേക്ഷിച്ചു പോയ കാസ്സെറ്റിൽ നിന്നും ജഗജിത് സിംഗിന്റെ വിരഹം നിറഞ്ഞ സാന്ത്വനം " മുസ്കുരാക്കാർ മിലാ കരോ ഹംസേ ....." ഗൃഹാതുരത്തത്ത്തിന്റെ ഓര്മ്മകളും നഷ്ട്ടപ്രണയം സമ്മാനിച്ച മുറിവുകളും ഉറക്കം നഷ്ട്ടപ്പെടുത്തിയിരുന്ന രാത്രികളിൽ ജഗജിത് സിംഗ് പതിഞ്ഞ താളത്തിൽ എനിയ്ക്ക് വേണ്ടി പാടിക്കൊണ്ടേയിരുന്നു "ഖർ സെ നികലെ തെ ഹോസുല കർകെ ലോട്ട് വായെ ഹുഥാ... ഹുഥാ കർകെ..." പിന്നീടോക്കെയും തേടിപ്പിടിച്ചു ...പങ്കജ് ഉധാസും ഹരിഹരനും,ചിത്ര സിങ്ങുമൊക്കെ എന്റെ സന്ഗീതാസ്വാധനത്ത്തിനു പുതിയ വഴികൾ തെളിച്ചു തന്നു ...നഗരം ഉറങ്ങുകയും ഉണരുകയും ചെയ്തുകൊണ്ടേയിരുന്നു ...കഷ്ട്ടപ്പടുകളുടെ തീമഴ പെയ്തിരുന്ന കാലങ്ങളിൽ എരിയുന്ന വയറിനെയും തീപിടിയ്ക്കുന്ന ചിന്തകളെയും മറക്കാൻ ഹരിഹരാൻ പാടി " ജോ ഭി ധുഖ് യാധ് നാ ധാ യാധ് ആയ ...ആജ് ക്യാ ജാനിയെ ക്യാ യാധ് ആയാ ...." മഴപെയ്തിറങ്ങിയ ഇടവഴികളുടെ നനഞ്ഞ മണ്ണിലേയ്ക്ക് ... അകന്നുപോയ കൊലുസ്സുകളുടെ മർമ്മരങ്ങളിലെയ്ക്ക് ... മഴത്തുള്ളികൾ മഷി പടർത്തിയ പ്രണയലേഖനങ്ങളുടെ ചുരുൾ തുമ്പുകളിൽ വായിചെടുക്കനാകാതെ പോയ സ്വപ്നങ്ങളിലേയ്ക്ക് ....നഷ്ട്ടപ്പെടലുകളിലെയ്ക്ക് ...മിയാ... നീയെനിയ്ക്കേതു രാഗമായിരുന്നു ..? അറിയില്ല ....ഇടയിലെപ്പോഴോ മഴ പെയ്തു തുടങ്ങിയിരിയ്ക്കുന്നു ...കഥപറഞ്ഞു തീരുമ്പോൾ സദാശിവേട്ടൻ തന്റെ നീരുവന്നു തുടങ്ങിയ കാലുകളിൽ തടവി അകലേയ്ക്ക് മിഴിയൂന്നിയിരുന്നു ....യാത്ര പറഞ്ഞു നടന്നകലുമ്പോൾ പിന്നിൽ ചാറ്റൽ മഴയ്ക്കൊപ്പം ഗസൽ ഒരു നോവായി പെയ്തിറങ്ങുന്നു ...ഫൂൽ ഹേ ചാന്ധ് ഹേ ക്യാ ലഗത ഹേ ..ഭീഡ് മി സബസേ ജുധ ലഗത ഹേ

Wednesday, June 19, 2013

സ്റ്റേഷനറി  കടയിൽ നിൽക്കുമ്പോൾ ഒരു കുഞ്ഞു ചോദ്യം അങ്കിൾ മായിക്കർ ഉണ്ടോ ..? കാര്ട്ടൂണ്‍ കഥാപാത്രങ്ങളുടെ രൂപത്തിലുണ്ടാക്കിയ പെൻസിൽ കട്ടെറുകൾ തൂകിയിട്ടിരിയ്ക്കുന്ന കവറിലേയ്ക്ക് നോക്കി ഒരു കുഞ്ഞു മുഖം ..മഴ നനഞ്ഞു  മുഷിഞ്ഞ വേഷം.. കടയുടമ : മായിക്കർ ഇല്ല മോനെ കട്ടെർ ഉണ്ട്  ...നിരാശ പൂണ്ട അവന്റെ മുഖം .." നിനക്ക് കട്ടെർ വേണോ "..? ഞാൻ ചോദിച്ചു അവനാദ്യം ഒന്നും മിണ്ടിയില്ല ..പിന്നെ പതിയെ പറഞ്ഞു " ഞാൻ വീട്ടിലേയ്ക്ക് മുളക് വാങ്ങിയ്ക്കാൻ വന്നതാ കട്ടെറിനുള്ള പൈസ എന്റെ കയ്യിലില്ല" ..അവൻ മുഖം താഴ്ത്തി നിന്നു..സങ്കടം നിറഞ്ഞ കണ്ണുകൾ...  "നിനക്ക് ഞാൻ വാങ്ങി തന്നാലോ" ..അവൻ ഒന്നും മിണ്ടിയില്ല കട്ടെർ വാങ്ങി കൊടുത്തു ഒപ്പം കുറെ മിട്ടായികളും ....മായിക്കർ വരുമ്പോ  നിനക്കിവിടുന്നു തരും .. പൈസ കൊടുത്തിട്ടുണ്ട് ..അവന്റെ മെല്ലിച്ച കണ്ണുകളിൽ തെളിയുന്ന ചെറിയ സന്തോഷം ഞാൻ തൊട്ടറിഞ്ഞു ....വീട്ടിലേയ്ക്ക് വണ്ടിയോടിയ്ക്കുമ്പോൾ മനസ്സിൽ ഞാൻ എന്റെ കുട്ടിക്കാലത്തെ മുഖം തിരയുകയായിരുന്നു  ...ഒരിയ്ക്കലും നടക്കാതെ  പോയ കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങളിൽ ....കിട്ടാതെ പോയ കളിപ്പാട്ടങ്ങളിൽ ...പിഞ്ഞികീറിയ ഉടുപ്പിന്റെ ഒഴിഞ്ഞ കീശയിൽ ..മുട്ടായി ഭരണികൾക്ക്  മുന്നിൽ പതറി നിന്ന നിമിഷങ്ങളിൽ ... 

Monday, June 10, 2013


കഴിഞ്ഞ 2 ആഴച്ചകളായി തുടര്ച്ചയായി നടത്തിയ ഒരു പ്രയത്നം ഇന്നു പൂർണ്ണതയിലെത്തിയ്ക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഞാൻ ..റിയാസിന്റെ കുടുംബത്തിനെ ഈ അടിയന്തിര ഖട്ടത്തിൽ സഹായിക്കാൻ ഇറങ്ങിപ്പുറപ്പെടുമ്പോൾ ആശങ്കകൾ ഏറെ ആയിരുന്നു ...ഇത്ര വലിയൊരു തുക കുറഞ്ഞ സമയത്തിനുള്ളിൽ സങ്കടിപ്പിയ്ക്കുക എന്നുള്ള ദൌത്യം ഇന്നു അതിന്റെ പൂർണ്ണതയിൽ എത്തിചേര്ന്നു... ലൈക് ചെയ്യാനും ഷെയർ ചെയ്യാനും ചോദ്യങ്ങൾ ചോദിയ്ക്കാനും ധാരാളം പേർ വന്നുവെങ്കിലും സഹായിക്കാൻ മുന്നോട്ടു വന്നവർ വിരലിലെണ്ണാവുന്നവർ മാത്രം ..വന്നവർ നല്ല മനസ്സുള്ളവർ ആയിരുന്നു ...ചെറുതും വലുതുമായി അവർ നല്കിയ സഹായങ്ങളുടെയും പിന്തുണയുടെയും ഭലമായി ഒരു ലക്ഷത്തി ഇരുപത്തി ആറായിരം രൂപ {1,26000 }ശേഖരിച്ചു റിയാസിനും കുടുംബത്തിനും കൈമാറാൻ ഇന്നു സാധിച്ചു... ഈ പ്രയത്നത്തെ പ്രതീക്ഷിച്ചതിനും അപ്പുറത്തെത്തിയ്ക്കാൻ കഴിഞ്ഞു എന്നുള്ളത് ഒത്തിരി സന്തോഷം നല്കുന്നു ...കാനഡയിൽ നിന്നും ഇതിന്റെ പകുതിയിൽ കൂടുതൽ പൈസ സമാഹരിച്ചു നല്കിയ പേര് വെളിപ്പെടുത്താൻ ആഗ്രഹിയ്ക്കാത്ത സുഹൃത്തിനെയും ഭാര്ത്തവിനെയും ,സിങ്കപ്പൂരിലെ മലയാളി വിധ്യാര്തികളുടെ കൂട്ടായ്മയായ സഹൃദയം ഗ്രൂപ്പിലെ എല്ലാവരോടും ,അവരിലേയ്ക്ക് ഈ വാര്ത്ത എത്തിച്ച എന്റെ നാട്ടുകാരൻ അരവിന്ദ്, എന്റെ സുഹൃത്തുക്കളായ ജിം ,സ്മിത,ലീന മേഴ്സി ,നിഷാദ് ആനപ്പാറ,ബെറ്റ്സി ജോണ്‍,അനുരാജി ,ഒഷ്യാനെറ്റ് ഇന്റർനെറ്റ്‌ കഫെ എന്നിവര്ക്കൊപ്പം പൊന്നമ്മ കൊച്ചമ്മ ,അമ്മച്ചി എന്നിവരോടുമുള്ള എന്റെ ഹൃദയം നിറഞ്ഞ നന്ദി ഇവിടെ രേഖപ്പെടുത്തിക്കൊള്ളട്ടെ


Wednesday, June 5, 2013

ദൈവമേ ..നീയിത്ര ക്രൂരനാകരുത് ...

സന്ധ്യയ്ക്ക് അലക്ഷ്യമായി  നഗരപാതയിൽ സ്കൂട്ടെർ ഓടിച്ചിരുന്ന ആൾ അല്പ്പം കൂടി ശ്രധ്ധിചിരുന്നെങ്കിൽ ചിലപ്പോൾ ഞങ്ങള്ക്ക് മുൻപിൽ   ഈ കുഞ്ഞു പൂച്ചയുടെ രക്തം ചിതറി തെറിയ്ക്കിലായിരുന്നു  ...കയ്യുകളും മുഖവും ചതഞ്ഞരഞ്ഞു അത് വേദനയോടെ പുളയുന്നത് കാണേണ്ടി വരില്ലായിരുന്നു ...ഓടിക്കൂടിയവരിൽ കരുണയുള്ളവരുടെ മുഖങ്ങൾ കാണാൻ കഴിഞ്ഞു എന്നുള്ളത് ആശ്വാസം പകരുന്നു ഷെമീർ നീ നല്ലവനാണ് ജീവന് വേണ്ടി പിടയുമ്പോൾ ഇത്തിരി  വെള്ളമിറ്റിയ്ക്കാൻ നീ ഓടി വന്നു. പരിചരിയ്ക്കുന്ന നമ്മളെ കണ്ടു വണ്ടി നിർത്തിയിട്ടു "ഓ പൂച്ചയായിരുന്നോ " എന്ന് ചോദിച്ചു പരിഹാസത്തോടെ പോയവർ ഓര്ത്തില്ല അടുത്ത നിമിഷങ്ങളിൽ എപ്പോഴോ ഊര്ന്നു പോയേക്കാവുന്ന ജീവനാണ് സ്വന്തമെന്നു കരുതി അഹങ്കരിക്കുന്നതെന്ന് ...പൂച്ചയെ രക്ഷപെടുത്താൻ നാളെ രാവിലെ മൃഗാശുപത്രിയിൽ പോകണമെന്ന് പറഞ്ഞപ്പോൾ "നിങ്ങൾക്ക് വട്ടാണോ " എന്ന് ചോദിച്ച കൂട്ടുകാരി അറിയുന്നില്ല പൂച്ചയുടെയും അവളുടെയും ശരീരങ്ങൾ മരിച്ചു മണിക്കൂറുകൾ കഴിഞ്ഞാൽ പുഴുവരിച്ചു ദു ര്ഗന്ധം വമിപ്പിയ്ക്കുന്നതാണെന്നു ..വഴിയരുകിലെ പഴയ കെട്ടിടത്തിന്റെ കൊവേണിപ്പടിയുടെ കീഴിൽ ഒരു ചതുരപ്പെട്ടിയിൽ സൂക്ഷിച്ചിട്ടുണ്ട് ഞങ്ങളവളെ... നാളെ ആശുപത്രി തുറക്കുമ്പോൾ കൊണ്ട് പോയി ജീവൻ രക്ഷിക്കാൻ കഴിയുമോ എന്നുറപ്പില്ല എങ്കിലും .........ഉറങ്ങാൻ കഴിയുന്നില്ല ...ചുറ്റിനും ചിതറി തെറിച്ച ചോരത്തുള്ളികൾ ...പിടച്ചിലാണ് കണ്മുന്നിൽ ..ജീവന് വേണ്ടിയുള്ള പിടച്ചിൽ ...ദൈവമേ ..നീയിത്ര ക്രൂരനാകരുത് ...

Friday, May 31, 2013

"അവളുടെ തുള വീണ നിക്കറുകൾ "... {A}


കാലത്തെ ഉണർന്നപ്പോൾ നല്ല മഴ .....നല്ല മഴക്കാഴ്ച്ചകൾ കിട്ടണേ എന്ന് മനസ്സിൽ പ്രാർഥിച്ചു കൊണ്ട് ജനാലയ്ക്കൽ പോയി നിന്ന് കണ്ണ് തുറന്നു......കണി ..കണി ...ഹോ ഭീകരം... അപ്പുറത്തെ അപ്പാർട്ട്മെന്റിലെ സുന്ദരി ചേച്ചി കഴുകി അയയിൽ ഉണക്കാനിട്ടിരിയ്ക്കുന്ന അവരുടെ നിക്കറുകളുടെ നീണ്ട നിര ...എന്തായാലും കണി പാളി ... ഒരു ബ്ലാക്കിനു തീ കൊളുത്തി അലക്ഷ്യമായി പുകയൂതിവിട്ടു... നിക്കറിലെ തുളകളെ കുറിച്ചും അവയുടെ പഠന സാധ്യതകളെ കുറിച്ചും വിലയിരുത്തി ..."അവളുടെ തുള വീണ നിക്കറുകൾ " എന്നൊരു ന്യു ജെനറേഷൻ കഥ എഴുതിയാലോ എന്ന് ആലോചിച്ചു നേരെ ഫെയിസ്ബുക്കിലെയ്ക്ക് കയറി ...അമേരിക്കൻ ഗേൾ ഫ്രെണ്ട് ലിസ്സ മർഫിയുടെ "ചൂടൻ" സ്വിം സ്യൂട്ചിത്രങ്ങളുടെ നീണ്ട നിര ..ആഹഹ ..ചാറ്റ് ബോക്സിൽ ഒരു മെസേജ് അയച്ചു " യു ആർ ടൂ ഹോട്ട് ബേബി ..." ലിസ്സ : ഹേ മ സ്വീറ്റ് ബോയ്‌ ആർ യു ഹോട്ട് ...? കര്ത്താവേ അവള് ദെ വീഡിയോ കാൾ വിളിയ്ക്കുന്നു ...കാലത്തെ ഇവിടെ എന്തെങ്കിലുമൊക്കെ നടക്കും ....ചെറിയൊരു ടീ ഷർട്ടും ഷോര്ട്ട്സും ഇട്ടു ഇതാ അവൾ ലിസ്സ എന്ന രതി ദേവത ..കണ്ട്രോള് പുണ്യാളാ അടിയനെ കാത്തോണേ..എന്തായാലും അങ്കം കുറിയ്ക്കുക തന്നെ ..വലതു മാറി... ഇടതു മാറി ...ചാടി മറിഞ്ഞു ....ഞെരിഞ്ഞമർന്നു.. ഹോയ് .....കണ്ണുകൾ പുറത്തേയ്ക്ക് തള്ളി ..ഞരമ്പുകൾ വലിഞ്ഞു മുറുകി ..സ്ക്രീനിൽ പാഞ്ചാലീ വസ്ത്രാക്ഷേപം കഥകളി ....അപ്പോളതാ അടുത്ത ചാറ്റ് ബോക്സിൽ പഴയ അധ്യാപകനും ഇപ്പോഴത്തെ സുഹൃത്തുമായ നസീർ സാറിന്റെ മെസേജ് :Seee mathrubhumi news...now...... my favorite photographer.....
Balan Madhavan......
I hpoe u know Balan Madhavan......
Nature photographer... ഓ പണ്ടാരം കഥകളിയ്ക്കിടയിലാ നേച്ചർ ഫോട്ടോഗ്രാഫി ...മറുപടി കാണാതാകുമ്പോ സാറ് സ്ഥലം വിട്ടോളും ..മിണ്ടാതിരുന്നു ...അപ്പുറത്ത് മർഫി കൊച്ചു പകുതി വച്ച് കാത്തിരിയ്ക്കുകയാ ഇതൊന്നു തീര്ത്തിട്ടു വേണം അവളക്കുറങ്ങാൻ പോകാൻ ...അപ്പൊ സാറ് ദെ വീണ്ടും "da r u sleeping....? " അങ്ങേരു വിടാൻ ഭാവമില്ല ...കൊണ്ടേ പോകു... സാറ് പണ്ടേ അങ്ങനെയാ ഒന്നുപറഞ്ഞു രണ്ടാമത്തെതിന് ഗെറ്റ് ഔട്ട്‌ അടിക്കും സ്ഥിരമായി ഒരു ഗെറ്റ് ഔട്ട്‌ സ്ടുടെന്റ്റ്‌ ആയിരുന്നു ഞാൻ ....എന്തായിപ്പോ ചെയ്യുക ഒരു വശത്ത് വസ്ത്രാക്ഷേപം മറുവശത്ത് ഗുരുനാഥൻ ..അവിടെ കല്യാണം ..ഇവിടെ പാലുകാച്ച് ..ഇവിടെ പാലുകാച്ച് അവിടെ കല്യാണം" ...മനസ്സിൽ പൊരിഞ്ഞ വടം വലി നടക്കുന്നു... കല്യാണം ..പാലുകാച്ച് .പാലുകാച്ച്... കല്യാണം ...പരീക്ഷണമാണല്ലോ കര്ത്താവേ..ഒടുക്കം ചെകുത്താൻ സടകുടഞ്ഞെഴുന്നേറ്റു സാറിനെ കുത്തിമലർത്തി..സാറിനെ പിന്നെയും കാണാം മറ്റേതു എപ്പോഴും കിട്ടില്ല ..ഒടുവിൽ സാർ കീഴടങ്ങി "Ok...u r sleeping.....I don't want to disturb u...." ഓടി ഇപ്പുറത്തെത്തി ചതിച്ചോ പുണ്യാളാ വടം വലിയ്ക്കിടയിൽ ലിസ്സാമ്മ കാൾ കട്ട്‌ ചെയ്തു ഓളുടെ പാട്ടിനു പോയി ..."ഉധ്രിതമായ വികാരവിക്ഷോപങ്ങൾ തണുത്തുറഞ്ഞു" ..എന്നാലും എന്റെ സാറേ ഇതു വല്ലാത്ത ചതിയായിപ്പോയി ..കാലത്തെ ആ അരിപ്പ നിക്കറു കണി കണ്ടപ്പോളേ തോന്നി ..ഒക്കെ തുലച്ചു....ഒരു സിഗരറ്റിനു കൂടി തീ കൊളുത്തി ...വലയെടുത്ത് ഒന്നൂടെ വീശി വിരിച്ചു ..ങ്ഹാ ഇനിയെതെങ്കിലും മര്ഫികൾ വരുമോ എന്ന് നോക്കാം .....കാലത്തെ വേറെ പണിയൊന്നും ഇല്ലല്ലോ ...

Sunday, May 26, 2013

"റ്റെംറ്റേഷൻ "

നിന്റെ വിയര്പ്പിന്റെ ഗന്ധം നിറഞ്ഞ ഈ മുറിയിലിരുന്നാണ് ഞാനീ പ്രണയകാവ്യം എഴുതി തീർത്തത്......"റ്റെംറ്റേഷൻ "എന്ന് ഇതിനു പേരിട്ടത് യാദൃശ്ചികവും ... നിനക്കും ഈ കവിതയ്ക്കും ഒരേ മണമാണ് ...ചോക്ലേറ്റിന്റെ  ലഹരിപിടിപ്പിക്കുന്ന മണം .........

Saturday, May 11, 2013

ശിവാനി.....

 ചാറ്റ് ബോക്സിൽ തമിഴ് കലര്ന്ന മലയാളത്തിൽ കുട്ടിത്തം നിറഞ്ഞ ചോദ്യങ്ങൾ കൊണ്ട് ശിവാനി എന്നെ ബുദ്ധിമുട്ടിയ്ക്കുമ്പോൾ എനിക്കാദ്യം അല്പ്പം നീരസ്സമാണ് തോന്നിയത് ... ഉദാസീനതയൊടെ ഞാൻ മറുപടികൾ നല്കിത്തുടങ്ങി ...ഒടുവിൽ അവൾ ചോദിച്ചു എട്ടന് അച്ഛനും അമ്മയുമുണ്ടോ അവര്ക്കൊക്കെ ഏട്ടനോട് വലിയ ഇഷ്ട്ടമാണോ ..? ചോദ്യം കേട്ടപ്പോൾ ഞാൻ അല്പ്പം അമ്പരന്നു എന്താണിങ്ങനെ ഒരു ചോദ്യം ..? അവൾ : എനിയ്ക്കച്ചനും അമ്മയും ഉണ്ട് പക്ഷെ അവര്ക്കെന്നെ ഇഷ്ട്ടമല്ല ........ചില നിമിഷങ്ങളിൽ ഞാൻ നിശബ്ദനായി... എന്താണങ്ങനെ എന്ന് ചോദിയ്ക്കണമെന്നുണ്ടായിരുന്നു ....അവൾ : എനിയ്ക്ക് ക്യാൻസർ ആണ് .....എന്റെ നാളുകൾ എണ്ണപ്പെട്ടതും .....കേട്ടപ്പോൾ വലിയൊരു ഷോക്ക്‌ ആണെനിക്കുണ്ടായത് ..ഇത്ര ഊര്ജ്ജ്വസ്വലമായി സംസാരിയ്ക്കുന്ന ഒരു കൊച്ചു പെണ്‍കുട്ടി ...അവളിങ്ങനെപെട്ടെന്നു പറയുമ്പോൾ ....ഡോക്ട്ടെഴ്സോക്കെ കയ്യൊഴിഞ്ഞ കേസാ ...പക്ഷെ ദുഖിച്ചിരിയ്ക്കാൻ എനിക്ക് താല്പ്പര്യമില്ല ...എനിയ്ക്കിങ്ങനെ സന്തോഷമായി മരിയ്ക്കുന്നതാ ഇഷ്ട്ടം ...അമ്മയില്ലാത്ത ആറു കുട്ടികളെ ഞാൻ ദത്തെടുത്തു വളര്ത്തുന്നുണ്ട് അവരോടൊപ്പം സന്തോഷമായി ഞാനും ജീവിയ്ക്കുന്നു ....സ്വന്തം ജീവിതം കൊണ്ട് എന്തെങ്കിലും ഒരു അര്ത്ഥമുണ്ടാകട്ടെ ..അപ്പൊ ഓക്കേ ചേട്ടാ ഗുഡ് നൈറ്റ് .. മറുപടി പറയാനാകാതെ ഞാൻ തളര്ന്നിരുന്നു ... ..."ഗുഡ് നൈറ്റ് പറ ഏട്ടാ ...എനിയ്ക്ക് വല്ലാത്ത വേദന ...മരുന്നൊക്കെ ഓവർ ഡോസ് ആണ് കഴിയ്ക്കുന്നത്.. ഈയിടെയായി വേദന സഹിയ്ക്കാൻ വയ്യ ...എങ്ങനെയെങ്കിലും ഒന്നുറങ്ങണം ..ഏട്ടൻ ഗുഡ് നൈറ്റ് പറഞ്ഞിട്ടേ ഞാൻ പോണുള്ളൂ"...അവൾ വാശിപിടിച്ചു .... ഞാൻ പറഞ്ഞു ..ഗുഡ് നൈറ്റ് മോളെ.....ഉറങ്ങിക്കൊള്ളു...സ്ക്രീനിലെ അക്ഷരങ്ങൾ മങ്ങിപ്പോയി .....അടക്കിവയ്ക്കനാകാത്ത ഒരു തേങ്ങൽ ...കുഞ്ഞനുജത്തി നീ ......

നിന്റെ ഗന്ധങ്ങൾ ........

മുഖത്തേയ്ക്കു അലസ്സമായി പാറി വീണ ഷാമ്പൂ മണമുള്ള നിന്റെ ചുരുൾ മുടിത്തുംബുകളാണ് ...ദീർഖ യാത്രയുടെ സുഖകരമായ മയക്കത്തിൽ നിന്നുമെന്നെയുണര്ത്തിയത് അരുകിൽ അവൾ .... വയലറ്റ് പൂക്കൾ നിറഞ്ഞ കുപ്പായത്തിൽ പൊതിഞ്ഞ സുന്ദരി ... എന്തുകൊണ്ടോ ആ മുടിയിഴകൾ നല്കിയ തലോടലുകളെ എനിയ്ക്ക് നിഷേധിയ്ക്കാനായില്ല .... ....പിന്നെയും നുകരാൻ കൊതിപ്പിയ്ക്കുന്ന്നഅവളുടെ പേരറിയാത്ത ഗന്ധങ്ങളെയും ,,പിടയ്ക്കുന്ന മിഴിതുംബുകൾക്ക് പിന്നിലെ മിനുന്ക്കങ്ങൾക്കിടയിലെപ്പോഴോ പാളി വീഴുന്ന കണ്‍നോട്ടങ്ങൾ ......ക്ലാര ....അവള്ക്കും ഇതേ മണമായിരുന്നു ....വർഷങ്ങൾക്കപ്പുറം പുതിയതും പഴയതുമായ പുസ്തകങ്ങളുടെ ഗന്ധം പേറുന്ന കോളേജ് ലൈബ്രറിയുടെ നീളൻ ഷെൽഫുകൾ നല്കുന്ന ഇരുളിൽ നീ നല്കിയ ചുംബനങ്ങൾ കൊണ്ടിപ്പോഴും എന്നെ നിന്റെ ഓർമ്മകളിൽ തളച്ചിടുന്നു ...ആരോ പറഞ്ഞതോര്ക്കുന്നു ഓർമ്മകൾക്ക് സുഗന്ധമുണ്ടെന്നു
ചില കണ്ടുമുട്ടലുകൾ അങ്ങനെയാണ് ...അവിചാരിതമായി .... ദൈവം നമുക്കായി കാത്തുവച്ചിട്ടുണ്ടാകും വിസ്മയത്ത്തിന്റെ ചില നിമിഷങ്ങൾ...ഉള്ളിൽ തറയ്ക്കുന്ന പതിഞ്ഞ നോട്ടങ്ങൾ ...ചുറ്റുമുള്ളതെല്ലാം ശൂന്യമായിപ്പോകുന്ന, നീയും ഞാനും മാത്രം, നിറയുന്ന ദൈവീക നിമിഷങ്ങൾ .....
ഇവിടം നിന്റെ ഓർമ്മകൾ നിറഞ്ഞതാണ്‌ ..ഈ തെരുവിന്റെ ഞെരുക്കങ്ങൾക്കിടയിൽ വച്ചാണ് നിന്നെ ആദ്യം കണ്ടുമുട്ടുന്നത് ...പിന്നീടൊരിയ്ക്കൽ മൌനത്തിന്റെ മുഖപടം ചാർത്തി നീ പോയ്‌ മറഞ്ഞപ്പോൾ ....നിസ്സഹായനായി നോക്കി നിൽക്കാനേ എനിയ്ക്കായുള്ളൂ.....ഇന്നിവിടെ നുരയ്ക്കുന്ന ആൾക്കൂട്ടങ്ങൾക്കിടയിൽ എന്റെ നഷ്ട്ടപ്പെട്ടുപോയ സ്വപ്നങ്ങളെ തിരയുകയാണ് ഞാൻ ....നിന്റെ ഓർമ്മകൾ പോലെ ... മാജി എവിടേയ്ക്കാണ് നീ പോയ്‌ മറഞ്ഞത് ..?

Tuesday, April 30, 2013

ചില സൈക്കടലിക് സ്വപ്‌നങ്ങൾ ഇങ്ങനെയാണ്..........................

തണുപ്പ് മുരളുന്ന ഗോവയിലെ രാത്രി ...ഫോണ്‍ നിർത്താതെ മണിയടിച്ചു കൊണ്ടിരിയ്ക്കുന്നു ....ശല്യം ആരാണീ രാത്രിയിൽ ..കിടക്കയുടെ അങ്ങേയറ്റത്ത് കൊണ്ജ്യാക്കിന്റെ ലഹരിയിൽ ഉറങ്ങിക്കിടക്കുന്ന ഡെൽമയെന്ന സ്വീഡൻ സുന്ദരി ....അവളുടെ തിളയ്ക്കുന്ന നഗ്നതയിൽ നിന്ന് കണ്ണെടുക്കാൻ തോന്നുന്നില്ല... ദൈവം ഇത്രയും സൌന്ദര്യം ഉള്ള പെണ്ണുങ്ങളെ സൃഷ്ട്ടിച്ചു മറ്റുള്ളവന്റെ ഉറക്കം കെടുത്തുന്നതെന്തിനാണ്..? ലഹരിയുടെ വീഞ്ഞ് പകര്ന്നു അവളോടൊപ്പം ചിലവഴിച്ച സുന്ദര നിമിഷങ്ങൾ ഓർത്തെടുക്കാൻ ശ്രമിച്ചു ......തലയ്ക്കു വല്ലാത്ത ഭാരം ....ഫോണെടുത്ത് നോക്കി 5 മിസ്സ്‌ കോളുകൾ സുരെഷിന്റെത് ..തിരികെ വിളിച്ചു ...ഭയം നിറഞ്ഞ അവന്റെ ശബ്ദം ....ഒപ്പം വന്ന കൂട്ടുകാരിലൊരാൾ കടല്ത്തിരകളുടെ ആഴങ്ങളിൽ ന്ഷ്ട്ടപ്പെട്ടിരിയ്ക്കുന്നു ....ചില നിമിഷങ്ങളിൽ ഉള്ളിലുറഞ്ഞു കൂടിയ അബോധത്തിന്റെ കണങ്ങൾ അലിഞ്ഞില്ലാതായി ..നേരം പുലരാൻ ഇനിയും നാഴികകൾ ബാക്കിയാകുന്നു ...മരണത്തിന്റെ തണുപ്പ് നിറഞ്ഞ ഈ ശവമുറിയിൽ നിന്റെ തണുത്തുറഞ്ഞ ശരീരത്ത്തിനരുകിൽ നിൽക്കുമ്പോൾ എനിയ്ക്ക് വല്ലാത്ത ഭയം തോന്നുന്നു .....ചുറ്റിനും ശൂന്യത വലയം ചെയ്യുന്നപോലെ ....ശ്വാസം മുട്ടുന്നു ...കാലുകൾക്ക് ചലന ശേഷി നഷ്ട്ടപ്പെട്ടപോലെ ...ഒന്നുറക്കെ നിലവിളിച്ചുനോക്കി ശബ്ദം തൊണ്ടയിൽ തടഞ്ഞു നില്ക്കുന്നു...എപ്പോഴോ കൈവന്ന ധൈര്യത്തിൽ വാതിൽ വലിച്ചു തുറന്നു ഞാൻ പുറത്തേയ്ക്കിറങ്ങി വേഗത്തിൽ നടന്നു ....ഡെൽമയുടെ വിയര്പ്പിന്റെ സുഗന്ധം തേടി .......... കൊണ്ജ്യാക്കുകൾ പൂക്കുന്ന ഗലികളിലൂടെ ......

എഴുതപ്പെടാത്ത പ്രണയകവിത...................

................................. ജയിലിൽ നിന്നിറങ്ങുമ്പോൾ 38 തികഞ്ഞ അവന്റെ മനസ്സിൽ പ്രണയമുണ്ടായിരുന്നില്ല ...പിന്നീട് ജോലി തേടി ഈ മണലാരന്യത്തിലെത്തുമ്പോഴും ....... ഫെയിസ്ബുക്കിലെത്തി അവളെ കണ്ടെത്തുവോളം ...പിന്നീടവൾക്ക് വേണ്ടിയായി ജീവിതം.... രാവും പകലും മഴയും വെയിലും കടന്നു പോയത് അവനറിഞ്ഞില്ല ...ഹൃദയമിടിപ്പുകൾക്കിടയിലെ താളപ്പിഴകളിൽ ജീവൻ തുലാസിലാടിയിരുന്ന അവൾക്കു വേണ്ടി അവൻ നേർച്ചകൾ നേർന്നു..ദൈവത്തോട് പറഞ്ഞു... എന്റെ ജീവനെടുത്തു കൊള്ളുക പകരം എനിയ്ക്കെന്റെ ജീവനെ തരിക .....ഇടയിലെപ്പോഴോ അവളെ കാണാതെയായി ...കണ്ണുകൾ തോരാമഴയാക്കി അവൻ കാത്തിരുന്നു ..ദിവസങ്ങളുടെ പകലറുതികൾക്കൊടുവിൽ...അവളുടെ പച്ചവെളിച്ചം തെളിഞ്ഞു ...തികഞ്ഞ അപരിചിതത്വം ....വാക്കുകളിൽ മിതത്വം "i know u r my well wisher and my best friend in dis world..but u 4get to write 4 me one poem..may coz of ur pray and blessing its happened in my life.....thanks 4 ur pray and support.......forever i cant 4get such friend. .............nw a days i m not on chat ..coz i commited with someone..so the direction and storey nw with his hands..athalle bharatha sthree yude bhavashudhi ?ife is sort of adjustment..sooooooo dont mis understand me......if i disturb u realy soryy.....................................thanks..How r u? hw is life...? .......... "ഇവിടെ ഇരുണ്ട വെളിച്ചം ബോധം മറയ്ക്കുന്ന ഈ മധുശാലയ്ക്കുള്ളിൽ വച്ച് ഈ കഥ അവസാനിയ്ക്കുന്നു .......എനിക്കൊപ്പം മാജിക് മോമെന്റിന്റെ അവസാനത്തെ ഗ്ലാസ്സും കാലിയാകി അവൻ ഇറങ്ങിപോയി ...... എവിടെയ്ക്കെന്നു ഞാൻ ചോദിച്ചില്ല ....ഒരു ബ്ലാക്കിനു തീകൊളുത്തി ഞാൻ എന്റെ മടയിലെയ്ക്ക് സാവധാനം നടന്നു... പെയ്തൊഴിഞ്ഞ ഒരു വലിയ മഴയുടെ ബാക്കിപത്രമായി ചാറ്റൽ മഴ നനയിച്ചു കൊണ്ട് എനിക്കൊപ്പം കൂടി .........അടുത്ത കഥ ആരുടെതാണാവോ അറിയില്ല ....
നീയൊരു മഴമുകിലാണ്... എന്റെ സ്വപ്നങ്ങളിൽ പെയ്തൊഴിയാതെ പോയവൾ ....

നീ പറയുന്നത് മരുഭൂമിയുടെ അതിരുകൾ തേടിയുള്ള യാത്രയെ കുറിച്ചാണ് ... ഞാനോ വേരുകളറ്റുപോയ നിന്റെ പ്രണയമാരത്ത്തിന്റെ ചുവട്ടിൽ മഴകാത്തിരിയ്ക്കുന്നു....
ഒരിയ്ക്കൽ...........ചുവപ്പൻ പൂക്കളുടെ മേല്ക്കൂര മെനഞ്ഞ വാകമരത്തിനു കീഴിലെ പടിക്കെട്ടുകൾക്കു താഴെ ഞാൻ കാത്തു നിന്നിരുന്നു ...നിന്റെ കൊലുസ്സിന്റെ മര്മ്മരങ്ങൾക്കായി കാതോര്ത്ത് ...... നിന്റെ പിടയ്ക്കുന്ന കണ്‍നോട്ടങ്ങളെ എതിരിടാനാകാതെ ....

{ എഴുതപ്പെടാത്ത ജീവിതം }

ബോധതീരങ്ങളിലെയ്ക്ക് മണൽതരികൾ പോലെ ഭ്രാന്തിന്റെ കണികകൾ അരിച്ചിറങ്ങുന്നത് എനിക്കനുഭവിച്ചറിയാൻ കഴിയുന്നു ....ചിലപ്പോഴെങ്കിലും ഞാനും ഈ വരവിനെ ആഗ്രഹിച്ചു പോയിട്ടുണ്ടാകും .. ...ബന്ധങ്ങള്ക്കും ബന്ധനങ്ങൾക്കും ഇടയിൽ ഞെരിഞ്ഞമർന്നു ശ്വാസം മുട്ടി മരിച്ച എന്റെ സ്വപ്നങ്ങളുടെ നേർത്ത പോകുന്ന നിലവിളികൾ പോലെ ...ഞാൻ സ്വയം നഷ്ട്ടപ്പെട്ടുകൊന്ടെയിരിയ്ക്കുന്നു ....

സന്തോഷം വരുമ്പോൾ കൂട്ടുകാര്ക്കൊപ്പം പൊട്ടിചിരിയ്ക്കാനും ദുഖം വരുമ്പോൾ ഒറ്റയ്ക്കിരുന്നു കരയാനും ,സ്നേഹിയ്ക്കാനും സ്വപനങ്ങളെ പ്രണയിയ്ക്കാനും...മദിപ്പിയ്ക്കുന്ന സൌന്ദര്യത്തെ കാമിയ്ക്കാനും ജീവിതമൊരു മധുശാലയാക്കി തെരുവുകളിൽ നിന്നും തെരുവുകളിലെയ്ക്ക് ഒഴുകിയകന്നു ഒടുവിൽ ആരോരുമറിയാത്തവന്റെ സ്വാതന്ത്ര്യത്തോടെ മരണത്തെ പുൽകാനുംഇഷ്ട്ടപ്പെടുന്നു ഞാൻ .............

{ ഓർമ്മകളിൽ പ്രിയ റോയിയ്ക്ക് }


ഒരു നീണ്ട യാത്രയുടെ ഒടുവിൽ വീട്ടിലേയ്ക്കുള്ള വഴിയിലെ പോസ്റ്റിൽ പതിച്ചിരിയ്ക്കുന്ന കറുത്ത നിറവും നിറയെ പൂക്കളുമുള്ള പോസ്റ്റെറിലെ നിന്റെ ചിരിയ്ക്കുന്ന മുഖം എന്നോട് പറഞ്ഞത് ..നീ ജീവിച്ചിരിപ്പില്ല എന്ന ഉൾക്കൊള്ളാനാകാത്ത സത്യമാണ് ....സ്കൂളിലേയ്ക്കുള്ള വഴിയിലെ എന്റെ മുന്ഗാമി ആയിരുന്നു നീ ...പിന്നീടെപ്പോഴോ നീയെന്റെ ചങ്ങാതിയുമായി....വര്ഷങ്ങളുടെ ഒഴുക്കിൽ നീയും ഞാനും രണ്ടു ദിശകളിലെയ്ക്കൊഴുകി പോയി ...ഒരിയ്ക്കൽ അനന്തപുരിയിലെ മധ്യശാലയിൽ വച്ച് വീണ്ടും കണ്ടുമുട്ടുമ്പോൾ നിന്റെ മുഖത്തിന്‌ ചുവപ്പ് നിറമായിരുന്നു ...കുഴഞ്ഞൊഴുകുന്ന നിന്റെ വാക്കുകൾ എന്നോട് പറഞ്ഞത് കുത്തഴിഞ്ഞുപോയ നിന്റെ ജീവിതത്തെ കുറിച്ചായിരുന്നു ..... ചില്ലുകൂടുകൾ വില്ക്കുന്ന നിന്റെ കടയുടെ മുന്നിലിരുന്നു രാത്രി മുഴുവൻ നീ നിന്റെ നഷ്ട്ടങ്ങളെകുറിച്ച് പറഞ്ഞ്കൊന്ടെയിരുന്നു ...പിരിയുമ്പോൾ എനിക്ക് നിന്നോടും നിനക്ക് എന്നോടും ഒന്നും പറയാനുണ്ടായിരുന്നില്ല ...എന്റെയീ യാത്ര തുടങ്ങിയ ദിവസം ചുമരിൽ ഞാൻ വെറുതെ "ഒരു രാത്രി വണ്ടിയുടെ ചൂളം വിളിയ്ക്കായ് കാതോര്ത്ത് " ..എന്ന് കുറിചിട്ടതെന്തിനാനെന്നു എനിക്കിപ്പോഴും അറിയില്ല ... നാട്ടിലെ സുഹൃത്തുക്കൾ പറഞ്ഞറിഞ്ഞു അന്ന് ആ രാത്രിയിൽ നിന്റെ കടങ്ങളെയെല്ലാം വിട്ടെറിഞ്ഞ്‌ ..പാഞ്ഞുപോയൊരു പേരറിയാ തീവണ്ടിയുടെ മുന്നിൽ നീ നിന്നെ നഷ്ട്ടപ്പെടുതിയെന്നു ....കൂട്ടുകാരാ ക്ഷമിയ്ക്കു എന്റെ വാക്കുകൾ അറം പറ്റിയോ ..? അക്ഷരങ്ങളെ എനിക്കിപ്പോൾ ഭയമായി തുടങ്ങിയിരിയ്ക്കുന്നു ....

മരണ ഗസല് ഞാന്‍ പാടിത്തിമര്‍്ക്കട്ടെ...നല്ലമൂഡിലാണിന്നെന്റെ കൂട്ടുകാര്‍...................

...സ്വന്തം ആത്മാവിഷ്ക്കാരത്തിന്റെ ഹൃദയ വ്യഥകളില്‍ രക്തം വാര്‍ന്നു ,ലഹരി പൂക്കുന്ന വഴികളില്‍ കൂട്ടം തെറ്റി മേഞ്ഞു ഒടുവില്‍ ഉള്ളിലൊതുക്കിയ വേഭനകള്‍്ക്കെല്ലാം അവധി കൊടുത്ത് ശൈത്യം വിറങ്ങലിച്ചു നില്‍ക്കുന്ന മരണത്തിനൊപ്പം ഒരു ' മാന്‍ഷന്‍ ഹൌസിന്റെ "കഴുത്തു പൊട്ടിച്ചു യാത്ര പോയവന്‍ സന്തോഷ്‌ ജോഗി ... അല്ല.. കിഷോരിലാല്‍...ജോഗിയെ അങ്ങനെ വിളിക്കാനാണ് നാം ഇഷ്ട്ടപ്പെട്ടത്‌. ഓര്‍മ്മകള്‍ കൂട്ടിക്കൊണ്ടു പോകുന്നത് പഴയ ഒരു സിനിമാ സൗഹൃദ സദസിലെയ്ക്ക് .....പത്രപ്രവര്‍ത്തകനായ എന്‍റെ ഒരു സുഹൃത്തുമൊത്തു നഗരത്തിലെ ഇടുങ്ങിയ തെരുവിന്റെ അങ്ങേയറ്റത്ത്‌..അങ്ങാടിക്കുരുവികള്‍ കൂടുകൂട്ടിയ ഒരു പഴയ കെട്ടിടത്തിന്റെ മരഗോവേണി കയറിതുടങ്ങുമ്പോള്‍ വരവേറ്റത് ഒരു ഗസലിന്റെ ഈണമായിരുന്നു .... മുകള്‍ നിലയിലെ തെരുവിന്നഭിമുഖമായ കുടുസ്സു മുറിയിലെ കൂട്ടുകാര്‍്ക്കിടയിലിരുന്നു ജോഗി ഗസല്‍ പാടുകയായിരുന്നു... മുന്നില്‍ ഒഴിഞ്ഞു തുടങ്ങിയ ലഹരി പാത്രം... പാനപാത്രത്തില്‍ ബാക്കിയായത് പകുത്തു മോന്തി..അന്ന് രാത്രി വൈകുവോളം ജോഗിയുടെ ഗസലിലലിഞ്ഞുതീര്‍ന്നു.... കുപ്പികള്‍ ഒഴിയുകയും ഗ്ലാസുകള്‍ നിറയുകയും ചെയ്തു.. വീണ്ടും വീണ്ടും ...ജോഗി പാടിക്കൊണ്ടേയിരുന്നു... ഒടുവില്‍ ഔദ്യോഗികമായ പരിചയപ്പെടല്‍...ബലിഷ്ട്ടമായ കരം നീട്ടി ഹസ്തധാനം ചെയ്യുമ്പോള്‍ അതൊരു കെട്ടിപ്പുണരലായി... മിഴികള്‍ നിറഞ്ഞിരുന്നു... കഴിഞ്ഞ ജന്മങ്ങളിലെവിടെയോ...നഷ്ട്ടപ്പെട്ടുപോയ സുഹൃത്തിനെ തിരിച്ചു കിട്ടിയപോലെ....കുറെ സംസാരിച്ചു സിനിമയെപ്പറ്റി, ഗസലിനെപ്പറ്റി.. ജോഗി മനസ്സില്‍ പെയ്തു നിറയുകയായിരുന്നു..അന്ന് ജോഗി നടനായി വലിയരീതിയില്‍ അറിയപ്പെട്ടു തുടങ്ങിയിരുന്നില്ല . നിലത്തുറയ്ക്കാത്ത കാലുകളോടെ സുഹൃത്തിന്റെ തോളില്‍ കയ്യിട്ടു പടിയിറങ്ങി പോകുന്ന ജോഗിയുടെ മങ്ങി മറഞ്ഞ ദൃശ്യം ഇപ്പോഴും കണ്മുന്നിലുണ്ട്....പിന്നീടു ജോഗിയെക്കുറിച്ചു കൂടുതല്‍ തിരക്കിയറിഞ്ഞു.. മനസു നിറയെ സിനിമയെ ഭ്രാന്തമായി പ്രണയിച്ചു നടന്ന ജോഗിയുടെ ചെറുപ്പകാലം ...ആഗ്രഹങ്ങളുടെ ചെടികള്‍ പുഷ്പ്പിക്കാതയപ്പോള്‍ പിന്നെ മറ്റു പലവേഷങ്ങള്‍ ...ഗായകന്‍ ,നടന്‍ ,എഴുത്തുകാരന്‍ ...അങ്ങനെ ജീവിതത്തില്‍ കെട്ടിയ വേഷങ്ങലോരുപാട് ....ഒടുവില്‍ സിനിമയെന്ന തന്റെ സ്വപ്ന തീരത്ത്...ചെറുതും വലുതുമായ കുറെ വേഷങ്ങള്‍ ..കീര്‍ത്തി ചക്രയിലെ കിശോരിലാലിലൂടെ..ഒരു നടനെന്ന തിരിച്ചറിവിലേക്ക്... പതിയെ പതിയെ സന്തോഷിലെ നടന്‍ വളരുകയായിരുന്നു..പക്ഷെ പലപ്പോഴും ലഹരി നിറയ്ക്കുന്ന സൗഹൃദങ്ങളുടെ വലയിലായിരുന്നു ജോഗി ..ആരൊക്കെയോ ചേര്‍ന്ന് ആ മനുഷ്യനെ തെറ്റില്‍ നിന്നും തെറ്റിലേയ്ക്ക് വലിച്ചിഴയ്ക്കുകയായിരുന്നു..ഉള്ളില്‍ നിന്നും ഭ്രാന്തമായി പുറത്തേയ്ക്ക് ചാടാന്‍ വെമ്പല്‍ കൊണ്ട ആത്മാവിഷ്ക്കാര ത്വരകള്‍ പലപ്പോഴും ഒരു ഉന്മാതത്തിന്റെ വക്കിലെയ്ക്ക് ജോഗിയെ കൊണ്ടെത്തിച്ചിരുന്നു ...ആരൊക്കെയോ എവിടൊക്കെയോ സന്തോഷിന്റെ സ്വപ്നങ്ങളെ മതില്‍ക്കെട്ടിനുള്ളില്‍ തളയ്ക്കാന്‍ ശ്രമിച്ചു ..ആ മതില്‍ക്കെട്ടിനു പുറത്തു കടക്കാനാവാതെ ശ്വാസം മുട്ടുകയായിരുന്നു സന്തോഷ്‌ ..പലപ്പോഴും അതിനായി സന്തോഷ്‌ മുട്ടിയ വാതിലുക്ളൊന്നും തുറന്നില്ല ..തന്റെ മനസിനെ മഥിച്ചുകൊണ്ടിരുന്ന.. ഭ്രാന്തമായ സ്വപ്നങ്ങളെ പിടിച്ചു നിര്‍ത്താനും ജോഗിയ്ക്കായില്ല ..ഒടുവില്‍ തോറ്റുപോയി സന്തോഷ്‌ ജീവിതത്തോട്..പാടിക്കൊണ്ടിരുന്ന ഒരു ഗസല്‍ പകുതിയില്‍ മുറിഞ്ഞപോലെ...എവിടെയായിരുന്നു കൂട്ടുകാരാ നിനക്ക് കണക്കു കൂട്ടലുകള്‍ പിഴച്ചുപോയത്...? ആരായിരുന്നു നിന്നെ മരണന്തിന്റെ വഴി തിരഞ്ഞെടുക്കാന്‍ ..പ്രേരിപ്പിച്ചത്...?....... പിന്നെയും തുടരുന്ന ഉത്തരമില്ലാത്ത ചോദ്യങ്ങള്‍.... ഉത്തരം കിട്ടില്ലെന്നറിഞ്ഞിട്ടും ഒന്ന് കൂടി ചോദിച്ചു കൊള്ളട്ടെ .... സുഹൃത്തിന്റെ ഫ്ലാറ്റില്‍ ലഹരിയുടെ കാണാക്കയങ്ങളില്‍ മുങ്ങി ...ഒരുമുഴം തുണിത്തുംപില്‍ മരണത്തിനു കൂട്ട് പോയപ്പോള്‍ നീ തോല്പ്പിച്ചതാരെയാണ്....?

{ ഒറ്റപ്പെട്ടവൻ }

മറ്റൊരു മൌനത്തിന്റെ തടവറയിലെയ്ക്കാണീ യാത്ര... സ്വയം നഷ്ട്ടപ്പെടാതിരിയ്ക്കാൻ ഞാനീ നെരിപ്പോട് നെഞ്ഞിലേറ്റുന്നു ....മറ്റുള്ളവരെന്നെ കുറ്റവാളിയെന്നു വിധിച്ചേക്കാം ...എന്നെങ്കിലുമൊരിയ്ക്കൽ തിരിച്ചറിയപ്പെടുന്നൊരു കാലത്ത് ....നമുക്ക് വീണ്ടും കണ്ടുമുട്ടാൻ കഴിഞ്ഞേക്കും ...അതുവരേയ്ക്കും നിന്നെ മറക്കുന്നു ഞാൻ ....

{മറക്കപ്പെട്ടവരുടെ നഗരം}

ഒരിയ്ക്കൽ.......... സമയസൂചികൾക്കിടയിലെ നിമിഷവേഗങ്ങൾക്കിടയിൽ സംഭവിയ്ക്കുന്ന സ്പന്ദനമായിരുന്നു നീ....കാലത്തിന്റെ വേഗതകൾക്കിടയിൽ നിന്റെ ടിക്ക് ടിക്ക് ശബ്ധങ്ങൾക്കൊപ്പം എന്റെ കാലുകൾക്ക് വേഗത പോര എന്ന് നീ പറഞ്ഞതെപ്പോഴാണെന്നു എനിക്കൊർത്തെടുക്കാൻ കഴിയുന്നില്ല ...കഫെറ്റെരിയയിലെ ശീതീകരിച്ച മുറിയിൽ ഇരുന്നു ഫിൽറ്റെർ കോഫി നുണഞ്ഞിറക്കുമ്പോൾ നിനക്ക് ഞാനവനെ പരിചയപ്പെടുത്തിയ ദിവസവും ഞാനോർക്കുന്നില്ല ...എനിയ്ക്കറിയാത്ത്ത ഭാഷയിൽ നിങ്ങൾ അന്ന് പറഞ്ഞതെന്താണെന്നും എനിയ്ക്കറിയില്ല .......പിന്നീട് കണ്ടപ്പോൾ അവൻ നിന്നെ പൊട്ടിച്ചിരിയോടെ "കില്ലെർ " എന്ന് വിളിച്ചതെന്തിനാണെന്നും എനിക്കറിയില്ല ...നിന്റെ ചുണ്ടുകൾക്കിടയിൽ ഒളിപ്പിച്ച ഗൂഡസ്മിതം അവനോടു സംവേദിച്ചതെന്താനെന്നും ഞാൻ തിരഞ്ഞില്ല ഇന്ന്............... മറക്കപെട്ടവരുടെ പേരുകൾ കൊണ്ട് ചുമരുകൾ പണിതിട്ടുള്ള നിന്റെയീ നഗരത്തിൽ വണ്ടിയിറങ്ങുമ്പോൾ .... നിന്റെ പേര് പോലും എനിയ്ക്കൊർത്തെടുക്കാൻ കഴിയുന്നില്ല ....അല്ലെങ്കിൽ തന്നെ നിന്റെ പേര് " മറവി " എന്നായിരുന്നോ ..?
ഇന്നു ഞാന്‍ തിരിച്ചറിയുന്നു... അന്ന് നിന്റെ കണ്ണിലൂറിയ നനവിനെ ....നിന്റെ ഹൃദയമുറിവില്‍ നിന്നിറ്റുവീണ ചുവപ്പിന്റെ തുള്ളികളെ .... ...ശപിക്കാതെ പോയ മനസ്സിന്റെ തേങ്ങലിനെ.......എനിക്ക് നഷ്ട്ടപ്പെട്ടതിനെ ....{തിരിച്ചറിവ് }
കൈക്കുടന്നയില്‍ കോരി നിറച്ചു കാത്തു വയ്ക്കാന്‍ ശ്രമിയ്ക്കുന്ന ജീവ ജലം പോലെ ....ആഗ്രഹിച്ച ജീവിതം ചോര്‍ന്നൊലിച്ചു പോകുന്നത് ...നിസംഗതയോടെ കണ്ടു നില്‍ക്കേണ്ടി വരുന്നു ......{ "ആത്മ" ഹത്യ }
നിനക്കായി കുറിച്ചുവച്ചിരിപ്പുണ്ടൊരു പ്രണയകവിത ..നിറം മങ്ങാത്ത മഷിതണ്ടിനാല്‍ .....ഓര്‍മ്മയുടെ പുസ്തക താളുകളില്‍ ....
സ്വപ്‌നങ്ങള്‍ നിറച്ചതാണ് നഗരസത്രത്ത്തിലെ ഈ മുറി ...അഴുക്കുപുരണ്ട ഭിത്തിയില്‍ പതിച്ചിരിയ്ക്കുന്ന കണ്ണാടിയ്ക്ക് ചുറ്റും പടര്‍ന്നു കിടക്കുന്ന സിന്ധൂര പൊട്ടിനു നിങ്ങളോട് ഒരായിരം കഥകള്‍ പറയാനുണ്ടാകും ....

പ്രണയിക്കപ്പെടാത്ത ദൈവം .......{അല്ലെങ്കില്‍ ഒരു ബോറന്‍ കഥ }

................................... അവളാണ് ആദ്യമായ് ഹായ് പറഞ്ഞത് .... അവന്‍ സന്തോഷിച്ചു ...അവളയയ്ക്കുന്ന ഗുഡ് മോര്‍ണിംഗ് മേസേജുകള്‍ക്കായി അവന്‍ ഉറങ്ങാതെ കാത്തിരുന്നു തുടങ്ങി ..ഒരിക്കലവന്‍ പറഞ്ഞു എനിക്ക് നിന്നോട് പ്രണയമാണെന്ന് ..അവള്‍ പൊട്ടിച്ചിരിച്ചു ...എനിക്ക് നിന്നോട് പ്രണയം തോന്നുന്നില്ല ഞാന്‍ മറ്റൊരാളെ പ്രണയിയ്ക്കുന്നുണ്ട് .... മനസ് നൊന്തിട്ടും അവന്‍ പ്രതീക്ഷയോടെ കാത്തിരുന്നു ...... പിന്നീടൊരിയ്ക്കല്‍ അവള്‍ പറഞ്ഞു എനിക്ക് നിന്നോട് പ്രണയം തോന്നി തുടങ്ങിയിരിക്കുന്നു .... അപരനെ കുറിച്ച് അവന്‍ ചോദിച്ചില്ല
...അവളുടെ മധുര ശബ്ധങ്ങള്‍ക്ക് വേണ്ടി അവന്‍ ജീവിച്ചു ..അവളെ തേടിയാണ് അവന്‍ ആ മഹാ നഗരത്തിലെത്തിയത് .അവള്‍ വാങ്ങിക്കൊടുത്ത ഫിഷ്‌ ബിരിയാണിയില്‍ സ്നേഹത്തിന്റെ ഒരു കടല്‍ രുചിയുണ്ടായിരുന്നു ...പിന്നീടെപ്പോഴോ അവളുടെ . സ്നേഹത്തിന്റെ സ്വരങ്ങള്‍ക്ക് പഴയ മധുരം ഇല്ലാതായി ..ഉറക്കമില്ലാത്ത രാത്രികളുടെ കൂട്ടുകാരനായി അവന്‍ ഏകാന്തതയെ പ്രണയിക്കാന്‍ തുടങ്ങി ...ഒടുവിലവള്‍ പറഞ്ഞു എനിക്കിപ്പോള്‍ നിന്നോട് പ്രണയമില്ല ....കാരണം അറിയില്ല ....ഞാന്‍ നിന്നെ ദൈവത്തെ പോലെ കാണുന്നു......ചീറിപ്പായുന്ന വാഹനങ്ങളുടെ നഗരത്തില്‍ അവന്‍ ശിലയായി നിന്നു...കത്തുന്ന വെയിലില്‍ എരിഞ്ഞടങ്ങി ...കണ്ണുനീര്‍ കൊണ്ട് തിരകളെ സൃഷ്ട്ടിച്ചു ...പകലും രാത്രിയും അവനെ കാണാതെ പോയി ... ഉത്തരം കിട്ടാത്ത ഒരു ചോദ്യം അവനെ പിന്നെയും പിന്നെയും കുഴക്കിക്കൊണ്ടിരുന്നു ... ഏതു ദൈവത്തെയാണ് അവള്‍ എന്നില്‍ കണ്ടിട്ടുണ്ടാകുക ....അറിയില്ല .....

മറവി ...............................................


ഒരു നീണ്ട യാത്രയുടെ ഒടുവില്‍ ഈ നഗരത്തില്‍ ഞാന്‍ വണ്ടിയിറങ്ങിയത് ചില ഓര്‍മ്മകളുടെ തുരുത്തുകള്‍ തേടിയാണ് ......പഴയ ഓര്‍മ്മച്ചിത്രങ്ങള്‍ തേടിപോയ എനിക്ക് ഈ നഗരം സമ്മാനിച്ചത്‌ അത്ഭുതങ്ങളുടെ കാഴ്ചകള്‍ മാത്രമാണ് ..എന്റെ പഴയ നഗരം വല്ലാതെ മാറിപ്പോയിരിക്കുന്നു ... ഓര്‍മ്മകളിലെ നഗരത്തിന്റെ മുഖം ഇതായിരുന്നില്ല ... പഴയൊരു ആത്മ മിത്രം ഈ നഗരത്തില്‍ ജോലി നോക്കുന്നുണ്ട് എന്നുള്ള കാര്യം ഓര്‍മ്മ വന്നു ..ഫോണില്‍ വിളിച്ചപ്പോള്‍ തേടിയെത്താന്‍ വഴി പറഞ്ഞു തന്നു .....വര്‍ഷങ്ങള്‍ക്കപ്പുറത്തു തുടങ്ങിയ സൌഹൃദമാണ് ...അവന്‍ എന്റെ നാട്ടിലേക്ക് ജോലിക്കയത്ത്തിയപ്പോള്‍ തുടങ്ങിയ സൌഹൃദം ..വഴിവക്കില്‍ കാറിടിച്ചു വീന്നു കിടന്ന ഒരു വഴിയാത്രക്കാരനെ ഞാന്‍ ആശുപത്രിയിലെത്തിച്ചു ...മറ്റൊരു നാട്ടില്‍ നിന്നെത്തിയ ആളാണെന്നും ഇവിടെ പരിചയക്കാരായി കൂടുതല്‍ ആരുമില്ലെന്നും പറഞ്ഞപ്പോള്‍ അയാളെ അവിടെ ഉപേക്ഷിച്ചു പോകാന്‍ മനസ്സ് വന്നില്ല ...ആശുപത്രി വിട്ടു കഴിഞ്ഞപ്പോഴേക്കും ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി മാറിയിരുന്നു .. മുകുന്ദന്റെ കഥകളും ,ചുള്ളിക്കാടിന്റെ കവിതയും ,ഗസലും , യാത്രകളും സിനിമയുമൊക്കെ ഞങ്ങള്‍ക്കിടയിലെ ദൂരങ്ങളെ അലിയിച്ച്ചില്ലാതാക്കി ... എന്റെ പഴയ യമഹ ബൈക്കില്‍ ഞങ്ങള്‍ താണ്ടിയത് നല്ല സൌഹൃദത്തിന്റെ കാതങ്ങളായിരുന്നു...ചെറിയ വരുമാനക്കരനായിരുന്ന അവന്റെ ഭക്ഷണത്തിന്റെയും നാട്ടിലേയ്ക്കുള്ള യാത്രകളുടെയും മിക്കപ്പോഴുമുള്ള പ്രയോജകാന്‍ ഞാന്‍ ആയിരുന്നു എന്റെ കൂട്ടുകാര്‍ അവന്റെയും കൂട്ടുകാരായി .. .. കുറെ കാലങ്ങള്‍ക്ക് ശേഷം ട്രാന്‍സ്ഫര്‍ കിട്ടി അവിടത്തോട് യാത്രപറഞ്ഞു മറ്റൊരു നഗരത്തിലേയ്ക്ക് കുടിയെരിയപ്പോഴും ഞങ്ങളുടെ സൌഹൃധത്ത്തിനു ഇളക്കം സംഭവിച്ചില്ല സമയം കിട്ടിയപ്പോലോക്കെ ഞാന്‍ അവനരുകിലെക്കെത്തി ...നഗരരാത്രികളുടെ തിരക്കുകളില്‍ ഞങ്ങള്‍ സൊറ പറഞ്ഞ്ഞു നടന്നു .... കാലം പോയ്ക്കൊന്ടെയിരുന്നു ..ഔദ്യോകിക ജീവിതത്തിന്റെ ഉയര്ച്ച്ചകള്‍ക്കിടയില്‍ അവന്റെ ഫോണ്‍ വിളികള്‍ കുറഞ്ഞഞ്ഞു തുടങ്ങി ...തുടരെതുടരെയുള്ള യാത്രകള്‍ വല്ലാത്തൊരു തിരക്കിലേയ്ക്ക് എന്നെയും തള്ളിയിട്ടു കഴിഞ്ഞിരുന്നു അപ്പോഴേയ്ക്കും ...എനിക്കും അവനുമിടയിലെ ആത്മ ബന്ധത്തിന്റെ നൂലുകള്‍ ചിലതൊക്കെയും വേര്‍പെട്ടു പൊയ്ക്കൊണ്ടിരുന്നു ....ചിലപ്പോഴെങ്കിലും ഓര്‍ത്തെടുത്തു ഞാന്‍ വിളിച്ച്ചപ്പോഴൊക്കെ അവന്‍ തിരക്കിലായിരുന്നു .. ഒരിക്കല്‍ അവന്റെ ഒരു വിളി എന്നെ തേടിയെത്തി വിവാഹത്തിനു ക്ഷണിച്ചു കൊണ്ടുള്ളതായിരുന്നു അത് ... ഇവിടത്തെ മറ്റു ചങ്ങാതിമാരെ ആരെയും അവന്‍ ക്ഷണിച്ചില്ല ... വിവരമറിഞ്ഞ്ഞ്ഞപ്പോള്‍ പലര്‍ക്കും വിഷമമായി ... ഞാന്‍ അവരെ ആശ്വസിപ്പിച്ചു ...നിങ്ങളെ വിളിക്കും അവന്റെ തിരക്കുകള്‍ കൊണ്ടായിരിക്കും ... പോകണോ വേണ്ടയോ എന്ന് പലതവണ ആലോചിച്ചു ...ഒടുവില്‍ പോകാന്‍ തന്നെ തീരുമാനിച്ചു .. വലിയ നിലയില്‍ നിന്നായിരുന്നു അവന്റെ വധു ...ആര്ഭാടങ്ങളില്‍ മുങ്ങിയ വിരുന്ന്... തിരക്കുകള്‍ക്കിടയില്‍ ഞാന്‍ തേടിയത് അവന്റെ അമ്മയെ ആയിരുന്നു പുതിയ കസവ് മുണ്ടൊക്കെ ചുറ്റി ഒരു കുട്ടിയോടൊപ്പം ഓടിറ്റൊറിയതതിന്റെ മൂലയില്‍ ഇരുന്ന ആ അമ്മ പ്രായത്തിന്റെ അവശതയിലും എന്റെ ശബ്ദം തിരിച്ചറിഞ്ഞു ... തിരക്കൊഴിഞ്ഞപ്പോള്‍ അവനോടു യാത്ര പറഞ്ഞു ഞാന്‍ തിരികെ പോരുന്നു .... പിന്നീടൊരിക്കലും ഞാന്‍ അവനെ വിളിച്ചിരുന്നില്ല അവന്‍ എന്നെയും ... ഇപ്പോള്‍ യാത്രക്കിടയില്‍ ഈ നഗരത്തില്‍ വന്നിറങ്ങുമ്പോള്‍ ഓര്‍ത്തിരുന്നില്ല അവനെ കാണണം എന്ന് .. റിസെപ്ഷനില്‍ തിരക്കിയപ്പോള്‍ മീറ്റിങ്ങില്‍ ആണെന്നും കാത്തിരിക്കാനും നിര്‍ദേശം കിട്ടി ...കാത്തിരിപ്പിന്റെ നീളം വല്ലാതെ കൂടിയപ്പോള്‍ ഞാന്‍ പുറത്തേയ്ക്ക് നടന്നു ... തെരുവിലൂടെ വെറുതെ നടന്നു .....മൊബൈലിലേയ്ക്ക് വീണ്ടും വിളിച്ചു ... എടുക്കുന്നുണ്ട്ടായിരുന്നില്ല ... ഇനി തിരികെ പോകാം എന്റെ ഓര്‍മ്മകളിലെ സുഗന്ധങ്ങള്‍ ഒന്നും ഇപ്പോള്‍ ഇവിടെ അവശേഷിക്കുന്നില്ല ... നഗരത്തിന്റെ മാറ്റത്തിനൊപ്പം മാറിപ്പോയ ആള്‍ക്കൂട്ടങ്ങളുടെ ഈ തിരക്കില്‍ ഇനി ഞാന്‍ ആരെ തിരയാന്‍ .....മടക്കയാത്രക്കായി റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കുമ്പോള്‍ ഒരിക്കല്‍ കൂടി അവനെ വിളിച്ചു .. സോറി ഡാ ഞാന്‍ വല്ലാതെ തിരക്കിലായിപ്പോയി വൈഫ് ലണ്ടനില്‍ നിന്നും വരുന്നുണ്ടായിരുന്നു അവളെ പിക് ചെയ്യാനുള്ള തിരക്കില്‍ ഞാന്‍ നിന്നെ മറന്നു പോയി .. ഓക്കേ ഡാ ഇനി വരുമ്പോള്‍ കാണാം ... മറുപടിയായി ഞാന്‍ ഒന്നും മിണ്ടിയില്ല ഫോണ്‍ കട്ട് ചെയ്തു അവന്റെ നമ്പര്‍ ഡിലീറ്റ് ചെയ്തു പോക്കറ്റിലിട്ടു ...മറക്കപ്പെട്ടവരുടെ പട്ടികയില്‍ ഒടുവിലിതാ ഞാനും ... സാരമില്ല എല്ലാം സ്വാഭാവികം വെറുതെയെങ്കിലും മനസ്സ് പറഞ്ഞു ...പ്രിയ സ്നേഹിതാ നിനക്കെല്ലരെയും മറക്കാം ....കാറിടിച്ച്ചു വഴിയില്‍ വീണപ്പോള്‍ നിന്നെ താങ്ങിയെടുത്ത് വെള്ളം തന്ന മുറുക്കാന്‍ കടക്കാരന്‍ മുരളിയണ്ണന്‍ ഇപ്പോഴും നിന്നെ തിരക്കാറുണ്ട് ജീവന്‍ പണയം വച്ചു ആ കാറിനെ പിന്തുടര്‍ന്ന് വണ്ടി പിടിച്ചു പോലീസില്‍ ഏല്‍പ്പിച്ച എന്റെ സുഹൃത്തുക്കളും സ്നേഹത്തോടെ ചോറ് വിളമ്പിയിരുന്ന രുക്മിണി ചേച്ചിയും ,വണ്ടിയിടിച്ച്ച്ച കേസ് ഒരു രൂപ പോലും വാങ്ങാതെ കോടതിയില്‍ വാദിച്ചു നിനക്ക് നഷ്ട്ടപരിഹാരം വാങ്ങിത്തന്ന വക്കീല്‍ മധുചേട്ടനും ,നിനക്ക് വേണ്ടി കവിത പാടിയിരുന്ന ദിലീപും ,നിന്നെ ഇടിച്ചിട്ട വണ്ടി ഓടിക്കുകയും പിന്നീട് നമ്മളെ വന്നു കണ്ടു മാപ്പ് പറഞ്ജ്ഞ ഡ്രൈവര്‍ ഫസലുധീനും ,നിന്റെ കൂടെ ഇവിടുത്തെ ചെറിയ ആപ്പീസില്‍ ജോലിചെയ്തിരുന്ന സഹപ്രവര്‍ത്തകരും ചായപ്പീടികയിലെ നസീറും ഒക്കെ ഇപ്പോഴും നിന്നെ തിരക്കാറുണ്ട് ...അവരാരും ഇപ്പോഴും നിന്നെ മറന്നിട്ടില്ല

മകന്‍..............................

കഴിഞ്ഞ കുറെ ദിവസങ്ങളായി ഞാന്‍ തുടര്‍ച്ചയായ യാത്രകളിലായിരുന്നു .ഇന്നലെയാണ് ഇവിടെയ്ക്ക് തിരികെ എത്തിയത്.. വര്‍ഷങ്ങളായി ഉച്ച സമയത്ത് വൈകിയെത്തി ഭക്ഷണം കഴിക്കുന്ന വെജിറ്റെറിയന്‍ ഹോട്ടലിലെയ്ക്ക് ഞാന്‍ നടന്നു......നാട്ടിലുണ്ടെങ്കില്‍ മിക്കപ്പോഴും ഉച്ചയ്ക്ക് ഇവിടെയ്ക്കാണെത്തുക... അവിടത്തെ കൃഷ്ണേട്ടന്‍ എപ്പോഴും എനിക്കായി ഒരു ഊണ് കരുതി വച്ചിരിക്കും.. ഒരു നേരത്തെ ഭക്ഷണത്തിന് വക കണ്ടെത്താന്‍ ഞാന്‍ പാട് പെട്ടിരുന്ന കാലം മുതല്‍ ഉള്ള സൌഹൃദമാണ് കൃഷ്നേട്ടനുമായി ..എന്റെ ഉയര്‍ച്ച താഴ്ചകള്‍ എല്ലാം അടുത്ത് നിന്ന് കണ്ടറിഞ്ഞ മനുഷ്യരില്‍ ഒരാള്‍ ....കൃഷ്ണേട്ടനെ കണ്ടു സലാം പറഞ്ഞതും എനിക്ക് വല്ലാത്ത അത്ഭുതം തോന്നി... ..ഇതുവരെ ഞാന്‍ കണ്ടിരുന്ന കൃഷ്നെട്ടനായിരുന്നില്ല അത് നരകയറിയ താടി വളര്‍ത്തി ...അല്‍പ്പം മുഴിഞ്ഞ വേഷത്തില്‍ ശോഷിച്ചു പോയൊരു രൂപം... പെട്ടെന്ന് കൃഷ്നെട്ടന് വയസായ പോലെ ...ഹോട്ടലിലെ തിരക്കിനിടയില്‍ എനിക്ക് ഭക്ഷണം കൊണ്ട് തന്നു ഒന്നും മിണ്ടാതെ കൃഷ്ണേട്ടന്‍ പോയി.. അല്‍പ്പം തിരക്കൊഴിഞ്ഞപ്പോള്‍ കൃഷ്ണേട്ടന്‍ എന്റെ അരുകിലെത്തി ...ചില നിമിഷങ്ങളുടെ മൌനം ..കൃഷ്ണേട്ടന്‍ കൈകളില്‍ മുഖം താങ്ങി വിങ്ങിക്കരയാന്‍ തുടങ്ങി ...കൃഷ്ണേട്ടനും ശാരധേട്ടത്തിയ്ക്കും ഒരേയൊരു മകനെ ഉണ്ടായിരുന്നുള്ളൂ അവനും എന്റെ പേരായിരുന്നു ...കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് അവന്‍ ആത്മഹത്യ ചെയ്തിരിക്കുന്നു ..ഒരു നിമിഷം കഴിച്ചു കൊണ്ടിരുന്ന ചോറെന്റെ തൊണ്ടയില്‍ കുടുങ്ങി ...എന്തുപറഞ്ഞു കൃഷ്ണേട്ടനെ ആശ്വസിപ്പിയ്ക്കും എന്നറിയാതെ ഞാന്‍ കുഴങ്ങി ...വര്‍ഷങ്ങളായി ഈ ഹോട്ടലിലെ സപ്ലെയര്‍ ജോലി ചെയ്താണ് കൃഷ്ണേട്ടന്‍ കുടുംബം പുലര്‍ത്തിയിരുന്നത് ...കിട്ടുന്നതില്‍ നിന്നും മിച്ചം പിടിച്ചും ചിട്ടി കൂടിയുമോക്കെയാണ് മകനെ വളര്‍ത്തിയതും പഠിപ്പിച്ചതും ...കൂടെ പഠിച്ചിരുന്ന ഏതോ ഒരു പെണ്‍കുട്ടിയുമായി അവനു പ്രണയം ഉണ്ടായിരുന്നു....പിന്നീട് കൃഷ്ണേട്ടന്‍ അവന്റെ ഒരു നോട്ട് ബുക്ക്‌ എന്നെ ഏല്‍പ്പിച്ചു...അതിന്റെ മറുപുറം മുതല്‍ പുറകോട്ടു അവളെ കുറിച്ച് അവനെഴുതിയ കവിതകളും കുറിപ്പുകളുമായിരുന്നു ...ഒരു നല്ല സുഹൃത്തിനോട്‌ ഒരിക്കലും തുറന്നു പറയാനാകാതെ പോയ അവന്റെ പ്രണയത്തിന്റെ നൊമ്പരങ്ങളായിരുന്നു ആ വരികള്‍ മുഴുവന്‍... അവളുടെ പേരുപോലും എവിടെയും എഴുതിക്കണ്ടില്ല ..ഒരുപക്ഷെ അവള്‍ പോലും തിരിച്ചറിയപ്പെടാതെ പോയ ..അവന്റെ ഉള്ളില്‍ മാത്രം സൂക്ഷിക്കപ്പെട്ട പ്രണയം .. അവന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ക്ക് പോലും ഇങ്ങനെ ഒന്ന് അവന്റെ ഉള്ളില്‍ ഉള്ള കാര്യം അറിയില്ലായിരുന്നു .. കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഒന്ന് മനസിലായി അവന്റെ പെണ്‍ സുഹൃത്തുക്കളില്‍ ഒരാള്‍ കുറച്ചു നാള്‍ മുന്‍പ് ഒരു പ്രണയത്തകര്ച്ചയുടെ പേരില്‍ ആത്മഹത്യ ചെയ്തിരുന്നു ..... ആ മരണത്തിനു ശേഷം അവനെ കൂടുതല്‍ മൌനിയായി കാണപ്പെട്ടു എന്നൊരു സുഹൃത്ത്‌ സൂചിപ്പിച്ചു ഒരുപക്ഷെ അവളായിരുന്നിരിക്കുമോ...അതും ആര്‍ക്കും അറിയില്ല....പ്രണയിച്ചവരും ..പ്രണയം അറിയാതെ പോയവരും എല്ലാം തിരശീലയ്ക്കുള്ളിലെയ്ക്ക് പിന്‍വാങ്ങിയിരിക്കുന്നു മറ്റുള്ളവരുടെ ഓര്‍മ്മകളില്‍ അവയൊക്കെയും ചിതലരിച്ച പുസ്തകങ്ങളായിരിക്കുന്നു... മറക്കാനാവാത്ത നൊമ്പരങ്ങളുമായി ഈ കൊച്ചു വീട്ടില്‍ ഒരച്ഛനും അമ്മയും ജീവിചിരിയ്ക്കുന്നു.. ആര്‍ക്കുവേണ്ടി ജീവിയ്ക്കുന്നു എന്നറിയാതെ ...ഒരു നിമിഷമെങ്കിലും അവനു ഒന്ന് ആലോചിക്കാമായിരുന്നു ..നൊന്തു പെറ്റു വളര്‍ത്തി വലുതാക്കിയ മക്കള്‍ നഷ്ട്ടപ്പെടുന്നവര്‍ക്കെ ആ വേദന മനസിലാക്കാനാകു ... മകന്‍.....

അമ്മ....

 ചാറ്റമഴ പെയ്തു തോര്‍ന്ന ഒരു വൈകുന്നേരം ഒരു അഗതി മന്ദിരത്തിന്റെ വരാന്തയിലൂടെ നടക്കുകയായിരുന്നു ഞാന്‍.. ഒരു മുറിയില്‍ ശൂന്യതയിലേക്ക് കണ്ണുനട്ട് ഒറ്റയ്ക്കിരിക്കുന്ന ഒരമ്മയെ ഞാന്‍ ശ്രദ്ധിച്ചു ...ആ അമ്മയോട് സംസാരിച്ചു തുടങ്ങിയപ്പോളാണ് മനസിലായത് അവരുടെ രണ്ടു കണ്ണിനും കഴ്ച്ച്ചയില്ലെന്നു .....എന്റെ കയ്യില്‍ മുറുകെ പിടിച്ചുകൊണ്ട് അമ്മ അവരുടെ കഥ പറഞ്ഞു തുടങ്ങി .ഒന്‍പതു മക്കളുണ്ടായിരുന്നു ആ അമ്മയ്ക്ക് 4 പേര്‍ മരിച്ചു പോയി ബാക്കി 5 പേര്‍ ജീവനോടെ ഇരിയ്ക്കുന്നു ...ഭര്‍ത്താവ് വളരെ നേരത്തെ മരിച്ചു പോയി ...പ്രായമാകുമ്പോള്‍ മക്കള്‍ നൊക്കിക്കൊള്ളമെന്നു കരുതി കയ്യിലുണ്ടായിരുന്ന സ്വത്തുക്കളെല്ലാം അമ്മ മക്കള്‍ക്ക്‌ വീതിച്ചു നല്‍കി... കുറെ കാലം ഓരോ മക്കളുടെയും വീടുകളില്‍ മാറി മാറി അമ്മ താമസിച്ചു ...പതിയെ പതിയെ ഓരോ കാരണങ്ങള്‍ പറഞ്ഞു മക്കളോരോരുത്തരും അമ്മയെ ഒഴിവാക്കാന്‍ തുടങ്ങി ... ഒടുവില്‍ കയ്യിലൊരു പ്ലാസ്റ്റിക്‌ സഞ്ചിയില്‍ കീറി മുഷിഞ്ഞ വസ്ത്രങ്ങളുമായി അമ്മ തെരുവിലെക്കെത്തപ്പെട്ടു ....വിശന്നു വലഞ്ഞു പലരുടെയും മുന്നില്‍ കൈ നീട്ടിയ അമ്മയെ മനുഷ്യത്വം നശിച്ചിട്ടില്ലാത്ത ചിലര്‍ ഈ അഗതി മന്ദി രത്തിലെത്തിക്കുകയായിരുന്നു ... മക്കളുടെയും കൊച്ചു മക്കളുടെയും പേരുകള്‍ ഒന്നൊന്നായി മുറതെറ്റാതെ അമ്മ പറഞ്ഞ്ഞു തന്നു എന്നെങ്കിലും തന്നെ കൂട്ടിക്കൊണ്ടു പോകാന്‍ മക്കളോ കൊച്ചു മക്കളോ എത്തുമെന്ന പ്രതീക്ഷയില്‍ പ്രായത്തിന്റെ അവശത തളര്‍ത്തിയ ശരീരവും ഒറ്റപ്പെടലിന്റെ തീഷ്ണതയില്‍ മരവിച്ചു പോയ മനസും കാഴ്ച്ച വറ്റി കണ്ണീരുണങ്ങിയ നരച്ച കണ്ണുകളുമായി ഇരുട്ടു നിറഞ്ജ്ഞഈ മുറിയില്‍ ആ അമ്മ കാത്തിരിയ്ക്കുന്നു...പോകാനിറങ്
ങുമ്പോള്‍ ശുഷ്ക്കിച്ച കൈകള്‍ കൊണ്ട് എന്റെ കൈകളില്‍ അമര്ത്തിപ്പിടിച്ച്ചു അമ്മ പറഞ്ഞു എനിക്കെന്റെ മോനെ ഒന്നുകാണണം എന്റെ മോന്‍ ഗോപിയെ.... ...എന്റെ മോള്‍ അമ്പിളിയെ കണ്ടാല്‍ മോന്‍ അവളോട്‌ പറയണം എന്നെ ഇവിടുന്നു കൂട്ടിക്കൊണ്ടു പോകാന്‍ എനിക്കെന്റെ കുഞ്ഞുങ്ങളെ കാണണം ... അമ്മ വിതുമ്പിക്കരഞ്ഞു ... എന്ത് പറഞ്ഞു ഞാന്‍ ഈ അമ്മയെ ആശ്വസിപ്പിക്കും ദൈവമേ ... അമ്മ കാണാന്‍ ആഗ്രഹിക്കുന്ന മക്കള്‍ക്ക്‌ അമ്മയെ കാണണ്ട എന്ന് പറയാന്‍ കഴിയുമോ ...എപ്പോഴോ എന്റെ കണ്ണ് നിറഞ്ഞു കാഴ്ച മങ്ങിപ്പോയി ...അമ്മയെ അവിടെ ഒറ്റയ്ക്കാക്കി പുറത്തേയ്ക്ക് നടക്കുമ്പോള്‍ ഉള്ളില്‍ ഞാന്‍ കരയുകയായിരുന്നു എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് മറ്റാരും കാണാതിരിക്കാന്‍ നന്നേ പാടുപെട്ടു .... മനസ്സു ശൂന്യമായിരുന്നു .. എല്ലാം വെട്ടിപ്പിടിയ്ക്കാനുള്ള ഈ യാത്രയുടെ അവസാനം തെരുവിലോ ഇതുപോലെ ഏതെങ്കിലും ഒരു അനാഥാലയത്തിന്റെ ഇരുണ്ട ഇടനാഴികളില്‍ അവസാനിക്കും എന്നുള്ള തിരിച്ചച്ചറിവു എന്നെ ശ്വാസം മുട്ടിച്ചു .....തലയിലെന്നോ കയറിക്കൂടിയ ഗര്‍വ്വത്തിന്റെ ഭാരങ്ങളെല്ലാം അഴിഞ്ഞില്ലാതാകുന്നു ... അകലെ എവിടെയോ ഒരു പാട്ടുകേള്‍ക്കുന്നു " മരണമെത്തുന്ന്ന നേരത്ത് നീ എന്റെ അരികില്‍ ഇത്തിരി നേരം ഇരിക്കണേ .. കനലുകള്‍ കോരി മരവിച്ച വിരലുകള്‍ ഒടുവില്‍ നിന്നെ തലോടി ശമിക്കുവാന്‍ ഒടുവിലയകത്തെയ്ക്കെടുക്കും ശ്വാസ കണികയില്‍ നിന്റെ ഗന്ധമുണ്ടാകുവാന്‍ .......

Monday, February 11, 2013

നിമ്മിയും ഞാനും തമ്മില്‍........

മദ്യശാലയില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ നേരം ഏറെ വൈകിയിരുന്നു വീട്ടുവഴിയിലെയ്ക്കുള്ള അവസാന വണ്ടിയും പോയിക്കഴിഞ്ഞിരിയ്ക്കുന്നു ...വഴി മോശമായതിനാല്‍ ഓട്ടോക്കാരാരും രാത്രി ഈ വഴി വരാറില്ല ....അഞ്ചു കിലോമീറ്റെര്‍ നടക്കുകയല്ലാതെ വേറെ വഴിയില്ല ....ഉള്ളിലെ
"ഊര്‍ജ്ജ മരുന്നിന്റെ" ബലത്തില്‍ നടക്കാന്‍ തന്നെ തീരുമാനിച്ചു "അപ്പങ്ങളെമ്ബാടും ഒറ്റയ്ക്ക് ചുട്ടമ്മായി"....ഒരു മൂളിപ്പാട്ടിന്റെ സുഖം ....ഏതപ്പം ഏതമ്മായി..ആാ ... അല്‍പ്പ ദൂരം ചെന്നപ്പോള്‍ ചേരുമൂട് കവലയിലെ ബസ്‌ സ്റ്റോപ്പില്‍ ഒരു പെണ്‍കുട്ടി നില്‍ക്കുന്നു ..... ഒന്നമ്പരന്നു ഈ പാതിരാത്രിയില്‍ ഇവളിവിടെ എന്തെടുക്കുന്നു ..കാര്യം തിരക്കി ഒള്ക്കും പോകേണ്ടത് ഞാന്‍ പോണ വഴിയ്ക്ക് തന്നെ ....ഇനിയിപ്പോ വണ്ടി കിട്ടൂല്ല കൂടിക്കൊളിന്‍....നടക്ക തന്നെ ....പേര് നിമ്മി കൊച്ചിയില്‍ ജോലി ചെയ്യുന്നു അത്യാവശ്യമായി പെട്ടെന്ന് വീട്ടിലേയ്ക്ക് വരേണ്ടി വന്നു ..വന്ന വഴി ബസ്‌ താമസിച്ചു പെട്ടുപോയതാണ്.... നിമ്മി പറഞ്ഞു കൊണ്ടേയിരുന്നു ...മൂളിക്കേക്കലുകള്‍ക്കിടയില്‍ തെളിഞ്ഞ നിലാവെളിച്ചത്തില്‍ ഞാന്‍ നിമ്മിയെ അളന്നെടുക്കുകയായിരുന്നു ...നല്ല ശാലീന സൌന്ദര്യം ...ആരെയും ഒരിയ്ക്കല്‍ കൂടി നോക്കാന്‍ പ്രേരിപ്പിയ്ക്കുന്ന ഉടല്‍വളവുകള്‍.. മെടഞ്ഞിട്ട നീണ്ട മുടിക്കെട്ട്‌...കൊലുസ്സിന്റെ പതിഞ്ഞ മര്‍മ്മരം ..അടക്കിപ്പിടിച്ച ചിരിമുത്തുകള്‍ കയ്യിലെ വലിയ ബാഗ് അവള്‍ക്കു താങ്ങാവുന്നതിലും അപ്പുറം ഭാരം നിറഞ്ഞതായിരുന്നു ..എന്നിലെ "സഹായി " സട കുടഞ്ഞെഴുന്നേറ്റു...ബാഗു കൈമാറുന്നതിനിടയില്‍..അറിഞ്ഞു കൊണ്ട് തന്നെ കൈകള്‍ പരസ്പരം ഉരസി...ഒരു നൂറ്റിപ്പത്ത് വാള്‍ട്ടിന്റെ ബള്‍ബു ബോധ മണ്ഡലത്തില്‍ എവിടെയോ പതിയെ മിന്നിക്കത്തി ...ഞാന്‍ എന്നെക്കുറിച്ച് വാചാലനായി ..ജോലി സ്വപ്‌നങ്ങള്‍.. ഏക മകന്റെ വിവാഹവും കാത്തിരിയ്ക്കുന്ന അച്ഛനുമമ്മയും ....ചെറുതെങ്കിലും ഒരു വീട്.. അത്യാവശ്യം വേണ്ടുന്ന ജീവിത ചുറ്റുപാടുകള്‍... നിമ്മി എല്ലാം മൂളിക്കെട്ടുകൊന്ടെയിരുന്നു ..ഒടുവിലായി ചോദിച്ചു ..എന്നിട്ടെന്തേ കല്യാണം കഴിച്ചില്ല.. ആരെയെങ്കിലും കണ്ടു വച്ചിട്ടുണ്ടോ ..? ..{. ... ദേ കാത്തിരുന്ന ചോദ്യം നീ വലിയവനാകുന്നു കര്‍ത്താവേ }കഴിഞ്ഞ 2 വര്ഷം നീണ്ട പെണ്ണുകാണലും ഒരു സാധാരണ ഫോടോഗ്രാഫെരായത് കൊണ്ട് വരുമാനത്തിന്റെ പേരില്‍ ആളുകളില്‍ നിന്നുംണ്ടായ മോശം പ്രതികരണങ്ങളും, നീണ്ട കാലം പെണ്ണ് കണ്ടുണ്ടായ നിരാശയും ........നിമ്മിയ്ക്ക് സമ്മതമാണെങ്കില്‍... മറുപടി ഒരു പൊട്ടിച്ചിരി ആയിരുന്നു ...എനിക്കെതിര്‍പ്പില്ല അപ്പച്ചനെ വീട്ടിലെക്കയയ്ക്കൂ ... {ഉള്ളില്‍ കല്യാണിയുടെ മൂന്നു ബിയറുകള്‍ ഒരുമിച്ചു പതഞ്ഞുപൊന്തി} അപ്പോഴേയ്ക്കും ഏകദേശം 3 കിലോമീറ്ററുകള്‍ താണ്ടികഴിഞ്ഞിരുന്നു ഞങ്ങള്‍..അല്‍പ്പ ദൂരം കൂടി പോയാല്‍ നിമ്മിയുടെ വീടായി ...ഞങ്ങളുടെ നടത്തം പതുക്കെയായി ...കാലു കഴയ്ക്കുന്നു നമുക്കല്‍പ്പം ഇരുന്നാലോ ...? അടുത്ത് കണ്ട കടത്തിണ്ണയില്‍... ഞങ്ങളിരുന്നു ... മുന്നില്‍ നിലാവ് പെയ്തിറങ്ങുന്ന വയല്‍പ്പരപ്പുകള്‍... ചുറ്റും നൃത്തം വയ്ക്കുന്ന ചീവിടിന്റെ സംഗീതധാര... ഞാന്‍ നിമ്മിയുടെ കണ്ണുകളിലേയ്ക്ക് നോക്കി......പ്രണയം തിളങ്ങുന്ന ആ കണ്ണുകള്‍ എന്നോടെന്തൊക്കെയോ പറയുന്നുണ്ടായിരുന്നു ..." അനുരാഗത്തിന്‍ വേളയില്‍ അഴകായ് വന്നൊരു സന്ധ്യയില്‍ " എവിടെ നിന്നോ ആ പാട്ടൊഴുകി വരുന്നു ...അവളുടെ നിശ്വാസം എന്നെ മത്തുപിടിപ്പിച്ചു ....എത്ര സുന്ദരമായ രാത്രി ...ചുറ്റിനും പരക്കുന്ന പാലപ്പൂമണം എന്നില്‍ വികാരത്തിന്റെ വേലിയേറ്റങ്ങള്‍ സൃഷ്ട്ടിച്ചു ...".അവളുടെ കണ്ണുകളിലേയ്ക്ക് നോക്കിയിരുന്നാലെന്റെ സാറേ പിന്നെ ചുറ്റിനുമുള്ളതോന്നും കാണാന്‍ പറ്റില്ല ....." അവളുടെ മൃദുവായ കൈവെള്ളയില്‍ ഞാന്‍ കൈകള്‍ ചേര്‍ത്ത് വച്ചു ... എന്റെ ശരീരത്താകെ ഒരു വിറയല്‍ പരന്നു ...അതവളിലെയ്ക്കും പരക്കുന്നപോലെ... ആ കണ്ണുകള്‍ മെല്ലെ കൂമ്പിയടഞ്ഞു .....അവളുടെ ചുണ്ടുകള്‍ ഒരു ചുംബനത്തിനു ദാഹിയ്ക്കുന്നതായി എനിയ്ക്ക് തോന്നി .....അവളുടെ ചുടു നിശ്വാസം എന്റെ നാസിക തുമ്പില്‍ പതിച്ചു ....വര്‍ഷങ്ങളായി ഉള്ളില്‍ എവിടെയോ ഉറങ്ങിക്കിടന്നൊരു സിംഹം ചങ്ങലപൊട്ടിയ്ക്കാന്‍ വെമ്പുന്നു .....ചില നിമിഷങ്ങളില്‍ എന്റെ നിയന്ത്രണത്തിന്റെ വേലികള്‍ അറിയാതെ ഞാന്‍ പൊട്ടിച്ചെറിഞ്ഞു ..ഞാനവളെ ആഞ്ഞു പുല്‍കി ...ഞെരിച്ചുടയ്ക്കാന്‍ വെമ്പുന്ന കരുത്തില്‍..... എന്റെ കാഴ്ച നഷ്ട്ടപ്പെട്ടു.... ഉണ്മാധത്ത്തിന്റെ നിമിഷങ്ങള്‍ .....എനിക്ക് ശ്വാസം മുട്ടുന്ന പോലെ ..എല്ലുകള്‍ ഞെരിഞ്ഞുടയുന്നപോലെ ...എനിക്കൊന്നുറക്കെ നിലവിളിയ്ക്കണമെന്നുണ്ട് ..കഴിയുന്നില്ല ചുണ്ടുകള്‍ ബന്ധിയ്ക്കപ്പെട്ടിരിയ്ക്കുന്നു ..കാലുകള്‍ കുഴയുന്നു.... അടഞ്ഞുപോയ കണ്ണുകള്‍ വലിച്ചു തുറക്കാന്‍ ആവുന്ന ശ്രമിച്ചു കഴിയുന്നില്ല.. ശ്വാസം നിലച്ചുപോകുന്നു ...ആയ്യ്യ്യോാാാാാാാ ...... കണ്ണുതുറക്കുമ്പോള്‍ ചുറ്റിനും രണ്ടുമൂന്നു പേര്‍ കൂടി നില്‍ക്കുന്നു.... ഞാനെവിടെയാണ് കിടക്കുന്നത് .....? നിമ്മിയെവിടെ ..? ഒന്നും ഓര്‍മ്മകിട്ടുന്നില്ല ചുറ്റുംകൂടിയവര്‍ മിണ്ടാതെ പിരിഞ്ഞുപോയി... തലച്ചരിച്ചു ചുറ്റിനും നോക്കി പതിയെ ബോധം തിരികെ കിട്ടുന്നു.... കൊട്ടാരക്കര ബസ്സ്സ്റ്റാന്റിലെ ഇരുപ്പു ബന്ചിനോട് ചേര്‍ന്ന് തറയില്‍ കിടക്കുകയാണ് ഞാന്‍ ...ആകാശില്‍ നിന്നിറങ്ങി രാത്രി പതിനൊന്നരയ്ക്കുള്ള തെങ്കാശി ബസു കാത്തു ഈ ബെഞ്ചില്‍ ഇരുന്നത് മാത്രം ഓര്‍മ്മയുണ്ട് .....ഇപ്പോ സമയം വെളുപ്പിന് 2.30 ...പതിയെ എഴുന്നേറ്റു ബഞ്ചില്‍ ഇരുന്നു ...തല നേരെ നില്‍ക്കുന്നില്ല ...വല്ലാത്ത ഭാരം ഇനിയിപ്പോ നേരം വെളുക്കുന്നതുവരെ ഇവിടെ കുത്തിയിരുന്ന് കൊതുകുകടികൊള്ളൂകയെ നിവര്ത്തിയുള്ളു ...രാത്രിയില്‍ "ജിന്ന് " വാങ്ങിച്ചടിക്കല്ലേ എന്ന് പണ്ടേ സ്വാമി പറഞ്ഞിട്ടുള്ളതായിരുന്നു ....മൂത്തൊരു പറയുന്നത് കേള്‍ക്കാത്തതിന്റെ ഓരോ പങ്കപ്പാടുകളെ .....എങ്കിലും എന്റെ നിമ്മീ എന്നോടീ ചതി വേണ്ടായിരുന്നു .......

Monday, February 4, 2013

ഓര്‍മ്മകളില്‍ മാജി .......

ട്രെയിന്‍ വിടാന്‍ സമയമടുക്കുന്നു....അപരിചിതരുടെ മുഖമായിരുന്നു  അപ്പോള്‍ എനിക്കും അവള്‍ക്കും ....അവള്‍ വിദൂരതയിലേക്ക് നോക്കി നിന്നു....കയ്യില്‍ കരുതിയിരുന്ന പിറന്നാള്‍ സമ്മാനം ഞാന്‍ അവള്‍ക്കു നല്‍കി ....എന്റെ മുഖത്തേയ്ക്കു നോക്കാതിരിയ്ക്കാന്‍ അവള്‍ കിണഞ്ഞു പരിശ്രമിയ്ക്കുന്നുണ്ടായിരുന്നു ...ഞാനും ......വണ്ടി അനങ്ങിതുടങ്ങിയിരിയ്ക്കുന്നു ....വാതുക്കല്‍ നിന്നു കൊണ്ട് ഒരിയ്ക്കല്‍ കൂടി ഞാനവളെ നോക്കി ..കയ്യില്‍ ചുരുട്ടിപ്പിടിച്ച സമ്മാനപ്പൊതിയില്‍ തെരുപ്പിടിപ്പിച്ചു അവള്‍ പതിയെ നടന്നകലുകയായിരുന്നു ...ഒരിയ്ക്കലെങ്കിലും അവള്‍ തിരിഞ്ഞു നോക്കണേ എന്ന് മനസ്സ് വെറുതെയെങ്കിലും  ആഗ്രഹിച്ചു ...നോക്കിയില്ല ...മങ്ങിത്തുടങ്ങിയ കഴ്ച്ചകള്‍ക്കൊപ്പം, എരിഞ്ഞടങ്ങിയ കാലത്തിനൊപ്പം ഞാനും പുറകിലേയ്ക്ക് നടന്നു ....ചുറ്റിനും കടലായിരുന്നു ...ഹൃദയം മുറിയ്ക്കുന്ന സങ്കടക്കടല്‍.....കണ്ടിട്ടില്ല.... പിന്നീടൊരിയ്ക്കലും   .........................

Friday, January 18, 2013