Monday, February 11, 2013

നിമ്മിയും ഞാനും തമ്മില്‍........

മദ്യശാലയില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ നേരം ഏറെ വൈകിയിരുന്നു വീട്ടുവഴിയിലെയ്ക്കുള്ള അവസാന വണ്ടിയും പോയിക്കഴിഞ്ഞിരിയ്ക്കുന്നു ...വഴി മോശമായതിനാല്‍ ഓട്ടോക്കാരാരും രാത്രി ഈ വഴി വരാറില്ല ....അഞ്ചു കിലോമീറ്റെര്‍ നടക്കുകയല്ലാതെ വേറെ വഴിയില്ല ....ഉള്ളിലെ
"ഊര്‍ജ്ജ മരുന്നിന്റെ" ബലത്തില്‍ നടക്കാന്‍ തന്നെ തീരുമാനിച്ചു "അപ്പങ്ങളെമ്ബാടും ഒറ്റയ്ക്ക് ചുട്ടമ്മായി"....ഒരു മൂളിപ്പാട്ടിന്റെ സുഖം ....ഏതപ്പം ഏതമ്മായി..ആാ ... അല്‍പ്പ ദൂരം ചെന്നപ്പോള്‍ ചേരുമൂട് കവലയിലെ ബസ്‌ സ്റ്റോപ്പില്‍ ഒരു പെണ്‍കുട്ടി നില്‍ക്കുന്നു ..... ഒന്നമ്പരന്നു ഈ പാതിരാത്രിയില്‍ ഇവളിവിടെ എന്തെടുക്കുന്നു ..കാര്യം തിരക്കി ഒള്ക്കും പോകേണ്ടത് ഞാന്‍ പോണ വഴിയ്ക്ക് തന്നെ ....ഇനിയിപ്പോ വണ്ടി കിട്ടൂല്ല കൂടിക്കൊളിന്‍....നടക്ക തന്നെ ....പേര് നിമ്മി കൊച്ചിയില്‍ ജോലി ചെയ്യുന്നു അത്യാവശ്യമായി പെട്ടെന്ന് വീട്ടിലേയ്ക്ക് വരേണ്ടി വന്നു ..വന്ന വഴി ബസ്‌ താമസിച്ചു പെട്ടുപോയതാണ്.... നിമ്മി പറഞ്ഞു കൊണ്ടേയിരുന്നു ...മൂളിക്കേക്കലുകള്‍ക്കിടയില്‍ തെളിഞ്ഞ നിലാവെളിച്ചത്തില്‍ ഞാന്‍ നിമ്മിയെ അളന്നെടുക്കുകയായിരുന്നു ...നല്ല ശാലീന സൌന്ദര്യം ...ആരെയും ഒരിയ്ക്കല്‍ കൂടി നോക്കാന്‍ പ്രേരിപ്പിയ്ക്കുന്ന ഉടല്‍വളവുകള്‍.. മെടഞ്ഞിട്ട നീണ്ട മുടിക്കെട്ട്‌...കൊലുസ്സിന്റെ പതിഞ്ഞ മര്‍മ്മരം ..അടക്കിപ്പിടിച്ച ചിരിമുത്തുകള്‍ കയ്യിലെ വലിയ ബാഗ് അവള്‍ക്കു താങ്ങാവുന്നതിലും അപ്പുറം ഭാരം നിറഞ്ഞതായിരുന്നു ..എന്നിലെ "സഹായി " സട കുടഞ്ഞെഴുന്നേറ്റു...ബാഗു കൈമാറുന്നതിനിടയില്‍..അറിഞ്ഞു കൊണ്ട് തന്നെ കൈകള്‍ പരസ്പരം ഉരസി...ഒരു നൂറ്റിപ്പത്ത് വാള്‍ട്ടിന്റെ ബള്‍ബു ബോധ മണ്ഡലത്തില്‍ എവിടെയോ പതിയെ മിന്നിക്കത്തി ...ഞാന്‍ എന്നെക്കുറിച്ച് വാചാലനായി ..ജോലി സ്വപ്‌നങ്ങള്‍.. ഏക മകന്റെ വിവാഹവും കാത്തിരിയ്ക്കുന്ന അച്ഛനുമമ്മയും ....ചെറുതെങ്കിലും ഒരു വീട്.. അത്യാവശ്യം വേണ്ടുന്ന ജീവിത ചുറ്റുപാടുകള്‍... നിമ്മി എല്ലാം മൂളിക്കെട്ടുകൊന്ടെയിരുന്നു ..ഒടുവിലായി ചോദിച്ചു ..എന്നിട്ടെന്തേ കല്യാണം കഴിച്ചില്ല.. ആരെയെങ്കിലും കണ്ടു വച്ചിട്ടുണ്ടോ ..? ..{. ... ദേ കാത്തിരുന്ന ചോദ്യം നീ വലിയവനാകുന്നു കര്‍ത്താവേ }കഴിഞ്ഞ 2 വര്ഷം നീണ്ട പെണ്ണുകാണലും ഒരു സാധാരണ ഫോടോഗ്രാഫെരായത് കൊണ്ട് വരുമാനത്തിന്റെ പേരില്‍ ആളുകളില്‍ നിന്നുംണ്ടായ മോശം പ്രതികരണങ്ങളും, നീണ്ട കാലം പെണ്ണ് കണ്ടുണ്ടായ നിരാശയും ........നിമ്മിയ്ക്ക് സമ്മതമാണെങ്കില്‍... മറുപടി ഒരു പൊട്ടിച്ചിരി ആയിരുന്നു ...എനിക്കെതിര്‍പ്പില്ല അപ്പച്ചനെ വീട്ടിലെക്കയയ്ക്കൂ ... {ഉള്ളില്‍ കല്യാണിയുടെ മൂന്നു ബിയറുകള്‍ ഒരുമിച്ചു പതഞ്ഞുപൊന്തി} അപ്പോഴേയ്ക്കും ഏകദേശം 3 കിലോമീറ്ററുകള്‍ താണ്ടികഴിഞ്ഞിരുന്നു ഞങ്ങള്‍..അല്‍പ്പ ദൂരം കൂടി പോയാല്‍ നിമ്മിയുടെ വീടായി ...ഞങ്ങളുടെ നടത്തം പതുക്കെയായി ...കാലു കഴയ്ക്കുന്നു നമുക്കല്‍പ്പം ഇരുന്നാലോ ...? അടുത്ത് കണ്ട കടത്തിണ്ണയില്‍... ഞങ്ങളിരുന്നു ... മുന്നില്‍ നിലാവ് പെയ്തിറങ്ങുന്ന വയല്‍പ്പരപ്പുകള്‍... ചുറ്റും നൃത്തം വയ്ക്കുന്ന ചീവിടിന്റെ സംഗീതധാര... ഞാന്‍ നിമ്മിയുടെ കണ്ണുകളിലേയ്ക്ക് നോക്കി......പ്രണയം തിളങ്ങുന്ന ആ കണ്ണുകള്‍ എന്നോടെന്തൊക്കെയോ പറയുന്നുണ്ടായിരുന്നു ..." അനുരാഗത്തിന്‍ വേളയില്‍ അഴകായ് വന്നൊരു സന്ധ്യയില്‍ " എവിടെ നിന്നോ ആ പാട്ടൊഴുകി വരുന്നു ...അവളുടെ നിശ്വാസം എന്നെ മത്തുപിടിപ്പിച്ചു ....എത്ര സുന്ദരമായ രാത്രി ...ചുറ്റിനും പരക്കുന്ന പാലപ്പൂമണം എന്നില്‍ വികാരത്തിന്റെ വേലിയേറ്റങ്ങള്‍ സൃഷ്ട്ടിച്ചു ...".അവളുടെ കണ്ണുകളിലേയ്ക്ക് നോക്കിയിരുന്നാലെന്റെ സാറേ പിന്നെ ചുറ്റിനുമുള്ളതോന്നും കാണാന്‍ പറ്റില്ല ....." അവളുടെ മൃദുവായ കൈവെള്ളയില്‍ ഞാന്‍ കൈകള്‍ ചേര്‍ത്ത് വച്ചു ... എന്റെ ശരീരത്താകെ ഒരു വിറയല്‍ പരന്നു ...അതവളിലെയ്ക്കും പരക്കുന്നപോലെ... ആ കണ്ണുകള്‍ മെല്ലെ കൂമ്പിയടഞ്ഞു .....അവളുടെ ചുണ്ടുകള്‍ ഒരു ചുംബനത്തിനു ദാഹിയ്ക്കുന്നതായി എനിയ്ക്ക് തോന്നി .....അവളുടെ ചുടു നിശ്വാസം എന്റെ നാസിക തുമ്പില്‍ പതിച്ചു ....വര്‍ഷങ്ങളായി ഉള്ളില്‍ എവിടെയോ ഉറങ്ങിക്കിടന്നൊരു സിംഹം ചങ്ങലപൊട്ടിയ്ക്കാന്‍ വെമ്പുന്നു .....ചില നിമിഷങ്ങളില്‍ എന്റെ നിയന്ത്രണത്തിന്റെ വേലികള്‍ അറിയാതെ ഞാന്‍ പൊട്ടിച്ചെറിഞ്ഞു ..ഞാനവളെ ആഞ്ഞു പുല്‍കി ...ഞെരിച്ചുടയ്ക്കാന്‍ വെമ്പുന്ന കരുത്തില്‍..... എന്റെ കാഴ്ച നഷ്ട്ടപ്പെട്ടു.... ഉണ്മാധത്ത്തിന്റെ നിമിഷങ്ങള്‍ .....എനിക്ക് ശ്വാസം മുട്ടുന്ന പോലെ ..എല്ലുകള്‍ ഞെരിഞ്ഞുടയുന്നപോലെ ...എനിക്കൊന്നുറക്കെ നിലവിളിയ്ക്കണമെന്നുണ്ട് ..കഴിയുന്നില്ല ചുണ്ടുകള്‍ ബന്ധിയ്ക്കപ്പെട്ടിരിയ്ക്കുന്നു ..കാലുകള്‍ കുഴയുന്നു.... അടഞ്ഞുപോയ കണ്ണുകള്‍ വലിച്ചു തുറക്കാന്‍ ആവുന്ന ശ്രമിച്ചു കഴിയുന്നില്ല.. ശ്വാസം നിലച്ചുപോകുന്നു ...ആയ്യ്യ്യോാാാാാാാ ...... കണ്ണുതുറക്കുമ്പോള്‍ ചുറ്റിനും രണ്ടുമൂന്നു പേര്‍ കൂടി നില്‍ക്കുന്നു.... ഞാനെവിടെയാണ് കിടക്കുന്നത് .....? നിമ്മിയെവിടെ ..? ഒന്നും ഓര്‍മ്മകിട്ടുന്നില്ല ചുറ്റുംകൂടിയവര്‍ മിണ്ടാതെ പിരിഞ്ഞുപോയി... തലച്ചരിച്ചു ചുറ്റിനും നോക്കി പതിയെ ബോധം തിരികെ കിട്ടുന്നു.... കൊട്ടാരക്കര ബസ്സ്സ്റ്റാന്റിലെ ഇരുപ്പു ബന്ചിനോട് ചേര്‍ന്ന് തറയില്‍ കിടക്കുകയാണ് ഞാന്‍ ...ആകാശില്‍ നിന്നിറങ്ങി രാത്രി പതിനൊന്നരയ്ക്കുള്ള തെങ്കാശി ബസു കാത്തു ഈ ബെഞ്ചില്‍ ഇരുന്നത് മാത്രം ഓര്‍മ്മയുണ്ട് .....ഇപ്പോ സമയം വെളുപ്പിന് 2.30 ...പതിയെ എഴുന്നേറ്റു ബഞ്ചില്‍ ഇരുന്നു ...തല നേരെ നില്‍ക്കുന്നില്ല ...വല്ലാത്ത ഭാരം ഇനിയിപ്പോ നേരം വെളുക്കുന്നതുവരെ ഇവിടെ കുത്തിയിരുന്ന് കൊതുകുകടികൊള്ളൂകയെ നിവര്ത്തിയുള്ളു ...രാത്രിയില്‍ "ജിന്ന് " വാങ്ങിച്ചടിക്കല്ലേ എന്ന് പണ്ടേ സ്വാമി പറഞ്ഞിട്ടുള്ളതായിരുന്നു ....മൂത്തൊരു പറയുന്നത് കേള്‍ക്കാത്തതിന്റെ ഓരോ പങ്കപ്പാടുകളെ .....എങ്കിലും എന്റെ നിമ്മീ എന്നോടീ ചതി വേണ്ടായിരുന്നു .......

Monday, February 4, 2013

ഓര്‍മ്മകളില്‍ മാജി .......

ട്രെയിന്‍ വിടാന്‍ സമയമടുക്കുന്നു....അപരിചിതരുടെ മുഖമായിരുന്നു  അപ്പോള്‍ എനിക്കും അവള്‍ക്കും ....അവള്‍ വിദൂരതയിലേക്ക് നോക്കി നിന്നു....കയ്യില്‍ കരുതിയിരുന്ന പിറന്നാള്‍ സമ്മാനം ഞാന്‍ അവള്‍ക്കു നല്‍കി ....എന്റെ മുഖത്തേയ്ക്കു നോക്കാതിരിയ്ക്കാന്‍ അവള്‍ കിണഞ്ഞു പരിശ്രമിയ്ക്കുന്നുണ്ടായിരുന്നു ...ഞാനും ......വണ്ടി അനങ്ങിതുടങ്ങിയിരിയ്ക്കുന്നു ....വാതുക്കല്‍ നിന്നു കൊണ്ട് ഒരിയ്ക്കല്‍ കൂടി ഞാനവളെ നോക്കി ..കയ്യില്‍ ചുരുട്ടിപ്പിടിച്ച സമ്മാനപ്പൊതിയില്‍ തെരുപ്പിടിപ്പിച്ചു അവള്‍ പതിയെ നടന്നകലുകയായിരുന്നു ...ഒരിയ്ക്കലെങ്കിലും അവള്‍ തിരിഞ്ഞു നോക്കണേ എന്ന് മനസ്സ് വെറുതെയെങ്കിലും  ആഗ്രഹിച്ചു ...നോക്കിയില്ല ...മങ്ങിത്തുടങ്ങിയ കഴ്ച്ചകള്‍ക്കൊപ്പം, എരിഞ്ഞടങ്ങിയ കാലത്തിനൊപ്പം ഞാനും പുറകിലേയ്ക്ക് നടന്നു ....ചുറ്റിനും കടലായിരുന്നു ...ഹൃദയം മുറിയ്ക്കുന്ന സങ്കടക്കടല്‍.....കണ്ടിട്ടില്ല.... പിന്നീടൊരിയ്ക്കലും   .........................