Wednesday, June 15, 2011

ഇവിടെ ഈ ജനലഴികളില്‍ മുഖം ചേര്‍ത്ത് നില്‍ക്കുമ്പോള്‍ ..

പുറത്തു മഴയുടെ ആരവം കെട്ടടങ്ങിയിരിക്കുന്നു ....പകുതി ചാരിയ ജനല്‍പ്പാളികളില്‍ നിന്നും ഇറ്റുവീഴുന്ന നനുത്ത മഴത്തുള്ളികള്‍ ....മഴയെ ഇങ്ങനെ കണ്ടു നില്ക്കാന്‍ എന്ത് രസമാണ് .....ഓരോ സമയത്തും ഓരോരോ താളവും ഭാവവുമാണ്‌ മഴയ്ക്ക്‌ ...ചിലപ്പോള്‍ രൗദ്ര മുഖം ചിലപ്പോള്‍ ...ശാന്തം ...എനിക്കെന്നും മഴയുടെ ശാന്തഭാവമായിരുന്നു ഇഷ്ട്ടം ...കോരിച്ചൊരിയുന്ന മഴ നനഞ്ഞു നടന്നു പോയ എത്രയോ കാതങ്ങള്‍...... ഇന്നു ഇവിടെ ഈ ജനലഴികളില്‍ മുഖം ചേര്‍ത്ത് നില്‍ക്കുമ്പോള്‍ ... ഒരു ചാറ്റല്‍ മഴപോലെ എന്നിലേക്ക്‌ പെയ്തിറങ്ങുന്ന വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ ......

Sunday, March 27, 2011

തിരമുറിയാത്ത നൊമ്പരങ്ങള്‍ .....

എനിക്കാരായിരുന്നു ആ കൂട്ടുകാരി ...അറിയില്ല ..ഒരിക്കല്‍ പോലും കണ്ടിട്ടില്ല .കണ്ടു മുട്ടിയതും പരിചയപ്പെട്ടതും ഇവിടെ വച്ചായിരുന്നു ..ഉള്ളില്‍ ഒതുക്കിവച്ചിരുന്ന എഴുത്തിന്റെ കനലിനെ ഊതിപ്പെരുപ്പിക്കനകാതെ ...മനസിന്റെ മൂലയില്‍ ഒരു പിടി മണ്ണിട്ട്‌ മൂടെണ്ടി വന്നപ്പോള്‍ {ഒരിക്കലും, കൂടെ താമസിച്ചിരുന്ന ഒരാത്മാവിന്റെ ഹൃദയം കാണാന്‍ കഴിയാതെ പോയ ഒരു മനുഷ്യന്‍ പീഡിപ്പിച്ചു നിര്‍ബന്ധപൂര്‍വ്വം }ഒന്നുച്ചത്തില്‍ കരയാന്‍ പോലുമാകാതെ ,പേറ്റു നോവിന്റെ വേദനയില്‍ തന്‍ ജന്മം നല്‍കിയ അക്ഷര കൂട്ടുകളെ {സ്വന്തം ഹൃധയമിടിപ്പുകളെ } അക്ഷരങ്ങളുടെ വിലയറി യാതൊരുവന്‍ നിര്‍ദയം പിച്ചി ചീന്തുന്നത് കണ്ടു മനസിന്റെ താളം തെറ്റിപ്പോയ എന്‍റെ കൂട്ടുകാരി ....ഒത്തിരി കരഞ്ഞു അവര്‍ ആരും കാണാതെ ...സ്വന്തം ഭര്‍ത്താവിനോ മക്കള്‍ക്കോ ആ മനസ് കാണാന്‍ കഴിഞ്ഞില്ല ..ആരും അവരെ മനസിലാക്കിയില്ല ...സമാന ചിന്താഗതിക്കാരായ സുഹൃത്തുക്കളോട് മിണ്ടുന്നത് പോലും സംശയധൃഷ്ട്ടിയോടെയനവര്‍ കണ്ടത് ...സംശയരോഗത്തിന്റെ മുള്‍മുനയില്‍ അവര്‍ പിന്നെയും പിന്നെയും ചോദ്യം {ഭേദ്യം } ചെയ്യപ്പെട്ടുകൊണ്ടിരുന്നു ....ഉള്ളിലുള്ള വിഷമങ്ങള്‍ ആരോടും തുറന്നു പറയാനാകാതെ ഒന്ന് തേങ്ങുവാന്‍ പോലുമാകാതെ ...മനോരോഗ വിദഗ്ദ്ധന്‍ കുറിച്ച് നല്‍കിയ മരുന്നുകളുടെ തടവറയില്‍ ...നിരന്തരം മയക്കത്തിന്റെ സഹയാത്രികയായി അവര്‍ ...എപ്പോഴൊക്കെയോ അബോധമാനസോടെ അവര്‍ എന്നെ വിളിച്ചിരുന്നു ....ചിലപ്പോള്‍ പൊട്ടിക്കരഞ്ഞു മറ്റു ചിലപ്പോള്‍ ചില പുലംബലുകള്‍ ....ഒടുവില്‍ അവര്‍ ആ മരുന്നുകളെ സ്നേഹിച്ചു തുടങ്ങി ...മരുന്നുകളുടെ സെടക്ഷനില്‍ പകുതി ജീവനുള്ള മനസുമായി പിന്നെയും കുറേകാലം ....ഇടവേളകളില്‍ അവര്‍ കവിതകള്‍ എഴുതി ...കഥകള്‍ കുറിച്ചു...എപ്പോഴോ എല്ലാം മറ്റുള്ളവരുടെ കൈകളില്‍ എത്തി .....മേലില്‍ കവിതയോ കഥയോ എഴുതരുത് എന്നുള്ള വിലക്ക് ലംകിച്ചതിനു പിന്നെയും കൊടും പീഡനം.... എഴുതിയതെല്ലാം അയാള്‍ ഡിലീറ്റ് ചെയ്തു{ അങ്ങനെ ചെയ്യരുതേ ഇതെല്ലാം എനിക്കെന്റെ കുഞ്ഞുങ്ങളെപോലെയാണ് എന്നുള്ള അവരുടെ യാചന പോലും കേള്‍ക്കാതെ} ....കുറെ ദിവസം അവരെ കുറിച്ചു ഒരു വിവരവും ഞങ്ങള്‍ സുഹൃതുക്കല്‍ക്കര്‍ക്കും കിട്ടിയില്ല ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ സ്വിച് ഓഫ്‌ ആയിരുന്നു ...വീട്ടു തടങ്കലില്‍ ആയിക്കനുമെന്നൂഹിക്കേണ്ടി വന്നു ..ഞാന്‍ എന്‍റെ ജീവിതപാചിലുകലുമായി പ്രയാണം തുടര്‍ന്നു. ഇടയിലെപ്പോഴോ ഒരു മെയില്‍ എന്നെ തേടിയെത്തി താളം തെറ്റിതുടങ്ങിയ മനസിന്റെ വേദനയില്‍ പൊതിഞ്ഞ ചില വാക്കുകള്‍ ഒപ്പം ഒരു കവിത ശകലവും ....അതിങ്ങനെയായിരുന്നു "മോണിടോറില്ലെ ശൂന്യമായ പേജുകള്‍എന്നെനോക്കി പരിഹസിച്ചു …എഴുതിയ പേജുകളില്‍ നിന്നുംഅക്ഷരങ്ങള്‍ എന്നോട് ഒന്നുംബാക്കിവയ്കാതെ പിരിഞ്ഞുപോയി...ഒരുവാക് പോലും പറയാതെഇറങ്ങിപോക്ക് നടത്തിയിരുന്നു …ഏതോ നിമിഷങ്ങളില്‍ മാത്രം
എന്നെതെടിയെത്തുന്ന എന്റെ വാക്കുകള്‍ , വരികള്‍
ഞാന്‍ ആര്‍ത്തിയോടെ വാരിപ്പുനരുന്നവ എല്ലാം നഷ്ടമായിരിക്കുന്നു ..
എന്റെ രക്തം കണ്ണുനീരില്‍ ചാലിച്ച് ഞാന്‍ ജീവന്‍ കൊടുത്തവര്‍ പിറന്നുവീണ ചോരകുഞ്ഞിനെ
കണ്നിറയെ കാണുന്നതിനു മുന്‍പേ എന്നില്‍ നിന്നും
അടര്തിയെടുതതിന്‍ പൊരുള്‍
അറിയാതെ വിറങ്ങലിച്ചു നില്‍കെകഴുത്തു ഞെരിക്കപെട്ട ഒരു
കുഞ്ഞു നിലവിളി എന്റെ കാതുകളില്‍അലയടിക്കുന്നു ....എന്നെ ഭ്രാന്തു പിടിപ്പിക്കുന്നുഒരായിരം നിലവിളികള്‍ എന്റെച്ചുടും..
ആദ്യം ശാന്തമാകേണ്ടത് ഏതെന്നറിയാതെ ...എന്നെ ഭയപ്പെടുത്തുന്നു
എന്റെ നിസ്സംഗത...
എന്റെ നിശബ്ദത.... " വായിച്ചു കഴിഞ്ഞപ്പോള്‍ ഉള്ളു വിങ്ങി ....കണ്ണുനിറഞ്ഞു കവിഞ്ഞു ...സ്വന്തം കുഞ്ഞുങ്ങളുടെ കൂട്ടക്കുരുതി കണ്ടു നില്‍ക്കേണ്ടി വന്ന ഒരമ്മയുടെ തേങ്ങല്‍ പോലെ...എനിക്ക് നിങ്ങളെ രക്ഷിക്കാന്‍ കഴിയുന്നില്ലല്ലോ കൂട്ടുകാരി ...ഞാന്‍ നിസ്സഹായനാണ് .....

Friday, February 11, 2011

ഓര്‍മ്മകള്‍ കാത്തു നില്‍ക്കുന്നുണ്ട് ഈ പുഴക്കരയില്‍ ....

വിളക്കുവെട്ടം എന്ന എന്‍റെ കൊച്ചുഗ്രാമത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ തുടങ്ങുന്നതെവിടെയാണ്...? മനസ്സ് വര്‍ഷങ്ങള്‍ക്കു പുറകിലേക്ക് പായുന്നു ... വിളക്കുവെട്ടം നിവാസികള്‍ക്ക് സുപരിചിതനയിരുന്ന മണ്മറഞ്ഞ നാണു എന്ന എന്‍റെ വല്യച്ഛന്റെ തോളിലിരുന്നു ജന്ഗ്ഷനിലെക്കുള്ള യാത്രയും അപ്പുക്കുട്ടന്‍ പിള്ളയുടെ ചായക്കടയിലെ സ്വധിഷ്ട്ടമായ പ്രഭാത ഭക്ഷണത്തിലും നിന്നാണ് ആ
മങ്ങി മറഞ്ഞ ഓര്‍മ്മകള്‍ ഉണര്‍ന്നെനീക്കുന്നത്‌ .. ആ പോക്കിലും വരവിലും ഞാന്‍ അത്ഭുതത്തോടെ കണ്ടിരുന്നത്‌ വിളക്കുവെട്ടം സ്കൂളിനെയയിരുന്നു..ഒരുപാടു കുട്ടികളുടെ കലപിലയും സ്കൂളിലെ മണി ശബ്ദവും കുട്ടിക്കാലത്തിന്റെ ഓര്‍മ്മകളില്‍ ആദ്യം എത്തിച്ചേരുന്ന സ്വര സന്നിധ്യങ്ങളാണ്. നഴ്സറി സ്കൂളിലേക്കുള്ള യാത്രകളാണ് പിന്നീടു മനസിലുള്ളത്...തുടര്‍ന്ന് ഒന്നാം ക്ലാസ്സ്
മുതല്‍ നാലാം ക്ലാസ്സ് വരെയുള്ള പ്രൈമറി സ്കൂള്‍ ജീവിതം .. ജോസഫ്‌ സാറിന്റെയും ,സുരേന്ദ്രന്‍ സാറിന്റെയും,അസ്സിസ് സാറിന്റെയുമൊക്കെ കീഴിലുള്ള പഠനം ...നഴ്സറിയിലെ ഒട്ടുമിക്ക കൂട്ടുകാരും അവിടെയും കൂടെയുണ്ടായിരുന്നു.. സാറന്മാരുടെ ചൂരല്‍ മൂളുന്ന ശബ്ധത്തിനോപ്പം സിദ്ധാര്‍ത്ഥന്‍ അണ്ണന്റെ കടയില്‍ നിന്നും പത്തു പൈസയ്ക്ക് വാങ്ങിയിരുന്ന പൊരിക്കടലയുടെ സ്വാദിലും
സ്കൂള്‍ ജീവിതത്തിന്റെ ഓര്‍മ്മകള്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്... അവിടെ നിന്ന് പുനലൂരിലെ വലിയ സ്കൂളിലേക്കുള്ള മാറ്റം ജന്ക്ഷനിലെക്കുള്ള നിരന്തര യാത്രകള്‍ക്കൊരു വിരാമമിട്ടു..എങ്കിലും അവധിയുള്ള എല്ലാ ദിവസങ്ങളിലും കൂട്ടുകാര്‍ക്കൊപ്പം കളിയ്ക്കാന്‍ എത്താറുണ്ടായിരുന്നു. കൂടുതലും സ്കൂള്‍ മുറ്റത്തായിരുന്നു ഞങ്ങളെല്ലാം സമയം ചിലവഴിച്ചിരുന്നത്‌ ...കൂടുതല്‍
ഒച്ച വയ്ക്കുമ്പോള്‍ വീടിനു പുറത്തിറങ്ങി ഞങ്ങളെ വിരട്ടിയോടിച്ചിരുന്ന ബെബിയണ്ണന്‍ ആയിരുന്നു അന്നത്തെ ഏറ്റവും പേടിപ്പെടുത്തുന്ന കഥാപാത്രം .കുറച്ചുകൂടി വലുതായപ്പോള്‍ ആറിന്റെ തീരതെയ്ക്കായി ഞങ്ങളുടെ താവളം ..അച്ഛനമ്മമാര്‍ക്കൊപ്പം ആറ്റില്‍ കുളിക്കാന്‍ പോയിതുടങ്ങിയ കാലം മുതലാണ് ഈ പുഴയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മനസ്സില്‍ സജീവമാകുന്നത് .... നീന്തല്‍
പഠിച്ചു തുടങ്ങിയതും അക്കാലത്താണ്. മഴക്കാലത്ത്‌ കലങ്ങിമറിന്ജോഴുകുന്ന പുഴയില്‍ ചൂണ്ടയിടാന്‍ പോകുന്നതായിരുന്നു അന്നത്തെ വലിയ വിനോദം. ഏതു വെള്ളപ്പൊക്കത്തിലും എടുത്തുചാടി നീന്തുന്ന ഷിജുവും വിജിയുമോക്കെയയിരുന്നു ഞങ്ങളുടെ അന്നത്തെ ഹീറോകള്‍..ഒഴുക്കുവെള്ളത്തില്‍ നീന്താന്‍ പഠിക്കുന്നത് ഷിജുവിനോപ്പമാണ്.അന്നൊക്കെ അവധിധിവസങ്ങളില്‍ കൂടുതല്‍ സമയവും ഈ
ആറിന്റെ തീരങ്ങളില്‍ തന്നെയായിരുന്നു ചിലവഴിച്ചിരുന്നത്‌. വേനലില്‍ മെലിഞ്ഞുണങ്ങിയ പുഴ വര്‍ഷകാലങ്ങളില്‍ സംഹാരരൂപിണിയായി കുലംകുത്തിയൊഴുകി... എല്ലായിപ്പോഴും ഞങ്ങള്‍ പുഴക്കരയിലുണ്ടായിരുന്നു...സ്കൂള്‍ വാര്‍ഡിലെ എന്‍റെ ബാല്യകാല സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചിലവഴിച്ചിരുന്ന കാലം. പഞ്ഞുവരുന്ന ഒഴുക്കിനെ കീറി മുറിച്ചു അക്കരയിക്കരെ നീന്തീയും ഒഴുകിയെത്തുന്ന
വിറകുകള്‍് ശേഖരിച്ചുമൊക്കെ പുഴയില്‍ മദിച്ചു നടന്ന ഒരു കാലം... പുഴയിലെ കുളിക്കാലങ്ങളില്‍് പരിചയപ്പെട്ടതാണ് മുതിര്‍ന്ന ചേട്ടന്മാരായ അജി ,കുട്ടപ്പന്‍ ,ബാബുരാജ്‌,ബിജുഅണ്ണന്‍ തുടങ്ങിയ കുറേപേര്‍. അവരോടൊപ്പമുള്ള സഹവാസമാണ് നാട്ടിലെ കാലരങ്ങവുമായും , ക്ലബ്‌ പ്രവര്തതനന്ഗളുമായും ബന്ധപ്പെടുതിയത് .തുടര്‍ന്ന് "താര' ആര്‍ട്സ് ആന്‍ഡ്‌ സ്പോര്‍ട്സ് ക്ലബ്ബിന്റെ
പ്രവര്‍ത്തനങ്ങളുമായി വളരെ സജീവമായി രംഗതെതതതാനും ഈ പുഴ തന്നെ കാരണമായി. അപ്പോഴേക്കും ഈ പുഴയുംമായുളള ആത്മബന്ധം കൂടുതല്‍ കൂടുതല്‍ ധൃഢമായിക്കൊണ്ടിരുന്നു. ഒരു പക്ഷെ പില്‍ക്കാലത്ത് ഞാനെത്തിപ്പെട്ട ഫോട്ടോഗ്രഫി രംഗത്ത് കുറെ കാര്യങ്ങള്‍ ചെയ്യാനയതും പ്രുകൃതിദൃശ്യങ്ങള്‍ കുറെയേറെ പകര്‍്തതാനായ്തിന്റെയും പ്രചോദനം എന്റെയീ പ്രകൃതി സുന്ദരമായ കൊച്ചു ഗ്രാമം
തന്നെയാണ് ... ഇവിടുത്തെ പുഴയും,വയലും,മലയും,കുന്നുകളും എവിടെ പെയ്തിറങ്ങിയ വര്‍ഷകാലവും വേനലുമോക്കെയാണ് പില്‍ക്കാലങ്ങളില്‍ എന്‍റെ മനസിലെ ദൃശ്യങ്ങള്‍ക്ക് കരുത്തായത്. നഗരവല്‍ക്കരണത്തിന്റെ കോളേജ് പഠനകാലത്തും ഇവിടവുംമായുള്ള ബന്ധം മുറിയാതെ കാത്തു സൂക്ഷിക്കുവാന്‍ ഞാന്‍ ശ്രമിച്ചിരുന്നു... പിന്നീടു ജോലി തേടി മധ്യപ്രദേശിലെക്കുളള യാത്ര ..ജീവിതതിലാദ്യമായി നാടും
വീടും വിട്ടുള്ള ആദ്യ പ്രയാണം. കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിന്നും കേരള എക്സ്പ്രസ്സ്‌ നീങ്ങിതുടങ്ങുമ്പോള്‍ ഉള്ളു വിങ്ങുകയായിരുന്നു ഹൃദയം പറിച്ചെടുക്കുന്ന വേദന.. ഉറ്റവരെയും സുഹൃത്തുക്കളെയും നാടിനെയും വിട്ടുപോകുന്ന നൊമ്പരം .വേഗത്തിലായിതുടങ്ങിയ ട്രെയിനിന്റെ വാതുക്കല്‍ നിന്ന് പ്ലട്ഫോമില്‍ നില്‍ക്കുന്ന ഡാഡിയെ നോക്കി കൈവീശുമ്പോള്‍ കണ്ണ് നിറഞ്ഞു
കാഴ്ച മങ്ങിത്തുടങ്ങിയിരുന്നു .... ജബല്‍പുരിലെ കൊടും ചൂടില്‍ ഒറ്റപ്പെട്ടുള്ള ജീവിതം എവിടെയും വാഹനങ്ങളുടെ ഇരമ്പല്‍ മാത്രം മാനം മുട്ടുന്ന കെട്ടിടങ്ങള്‍ ദുരിതപൂര്ണണമായ ജീവതം അരപ്പട്ടിണിയും മുഴുപ്പട്ടിണിയുമായി തള്ളിനീക്കിയ നാളുകള്‍ .. നഷ്ട്ടപ്രണയം സമ്മാനിച്ച മുറിവുകളുടെ ഓര്‍മ്മച്ചിത്രങ്ങള്‍...ഒറ്റയ്ക്കാകുമ്പോള്‍് എല്ലാം ഒരു തിരതള്ളലായി
മനസ്സിലെക്കൊഴുകിയെതും ...പലപ്പോഴും ഒറ്റയ്ക്കിരുന്നു കരഞ്ഞിട്ടുണ്ട് .. അപ്പോഴും നാടിന്‍റെ പച്ചപിടിച്ച ഓര്‍മ്മകള്‍ മാത്രമായിരുന്നു തെല്ലെന്കിലുമൊരു ആശ്വാസം .. അവിടെ തുടങ്ങിയ പ്രവാസ ജീവിതം.. പിന്നീടു യാത്രകള്‍് ഒരുപാടു .... ഇടയിലെപ്പോഴോ വഴിമാറി ഫോടോഗ്രാഫിയിലേക്ക് ... ഫോടോഗ്രാഫിയ്ക്കൊപ്പമായി പിന്നെ മനസും ശരീരവും .. തുടരെതുടരെയുള്ള യാത്രകള്‍.... ജീവിതം മറ്റൊരു
വഴിയിലൂടെ ഗതി മാറി ഒഴുകികഴിഞ്ഞിരുന്നു .... നാടുമായുള്ള ആത്മബന്ധം വളരെ കുറഞ്ഞു തുടങ്ങി... വീട്ടില്‍ വല്ലപ്പോഴും എത്തുന്ന അഥിതിയായി മാറി ഞാന്‍ ...പതിയെ പതിയെ ജോലി സംബന്ധമായ തിരക്കുകളില്‍ പെട്ട് തിരക്കില്‍ നിന്നും തിരക്കിലേക്ക് അകലങ്ങളില്‍ നിന്നും അകലങ്ങളിലേക്ക്....നഗരങ്ങളില്‍ നിന്നും നഗരങ്ങളിലേക്ക്.... ഇപ്പോഴും അത് തുടര്ന്നുകൊണ്ടെയിരിക്കുന്നു ... എങ്കിലും ഈ
പ്രയാണങ്ങളിക്കിടയിലെപ്പോഴോക്കെയോ നാടിന്‍റെ ഓര്‍മ്മകള്‍ മനസിന്റെ പടി കടന്നെതാറുണ്ട് "ഓര്‍മ്മകള്‍ മഞ്ചാടിമണികള്‍ പോലെയാണ്..ചെപ്പുതുറന്നു തൂവിപ്പോയാല്‍ പിന്നെ അവയെ പിടിച്ചു നിര്‍ത്താനാവില്ല" ....ഞാന്‍ ഒന്നും മറക്കുന്നില്ല ..ആരെയും...ലോകത്തിന്റെ ഇതു കോണിലേക്ക് പോയാലും ഓര്‍മ്മകളുടെ തീരങ്ങളിലെവിടെയെങ്കിലും എന്‍റെ ഈ കൊച്ചു ഗ്രമാമുണ്ടാകും... ഈ പുഴയുണ്ടാകും
അതിലെ ഓളങ്ങളുള്ണ്ടാകും... ഓര്‍മ്മകളുടെ ഇടനാഴികളിലെവിടെയോ ഒരു മണി മുഴങ്ങുന്നുണ്ട് ... ജോസഫ്‌ സര്‍ ഇടതു കയ്യില്‍ ചൂരലും വലതു കയ്യില്‍ മണിയുമായി ഈ സ്കൂള്‍ വരാന്തയില്‍ നില്‍പ്പുണ്ട്... സിദ്ധാര്‍ത്ഥന്‍ അണ്ണന്റെ കടയിലെ മുട്ടായി ഭരണികള്‍ക്കു മുന്‍പില്‍ ഞാന്‍ നില്‍ക്കുന്നു ... ബട്ടന്‍സ് പൊട്ടിയ ഒരുടുപ്പിന്റെ കീശയില്‍ കരുതിയ നാണയതുട്ടുകളുമായി....