Friday, October 19, 2012

സീരിയലുകള്‍ ചെയ്തു തിരുവനന്തപുരത്ത് അരപ്പട്ടിണിയില്‍ ജീവിച്ചിരുന്ന കാലത്തെ ഒരു ചങ്ങാതിയെ ഈയിടെ കണ്ടുമുട്ടി ...ആളിപ്പോ സിനിമയില്‍ തിരക്കുള്ള പ്രോടക്ഷന്‍ എക്സിക്ക്യുട്ടിവാണ്...എങ്കിലും അരിസ്ടോ ജങ്ങ്ഷനിലെ പഴയ ചായക്കടയുടെ മുന്നില്‍ കണ്ടുമുട്ടുമ്പോള്‍ "തനി" സിനിമാക്കാരന്റെ അഹംഭാവം കാണിച്ചില്ല ...ഓര്‍മ്മകള്‍ സ്വാദു നിറച്ച ചായയ്ക്കൊപ്പം ഞങ്ങള്‍ അവന്റെ വളര്‍ച്ചയുടെ വഴികള്‍ നടന്നു തീര്‍ത്തു.. ഒടുവില്‍ അവന്
റെ ചോദ്യം നീയിപ്പോള്‍ എന്ത് ചെയ്യുന്നു എന്തേ ഇവിടം വിട്ടു പോയത് ...നിന്റെ ജൂനിയര്‍ ആയി വന്ന പലരും ഇന്നു സിനിമയിലും സീരിയലിലും തിരക്കുള്ള ക്യാമറമാന്‍ മാരാണ് ...ഞാന്‍ മറുപടി പറഞ്ഞില്ല അവനു വന്നുകൊണ്ടിരുന്ന ഫോണ്‍ കാളുകള്‍ക്കിടയില്‍ അവന്‍ എന്റെ മറുപടിയ്ക്ക് വേണ്ടി തിരഞ്ഞതുമില്ല ....പലരോടും പലതരത്തിലുള്ള നയം നിറച്ച അവന്റെ മറുപടികള്‍.. എനിക്കതിശയം തോന്നിയില്ല ...അവന്‍ പണ്ടും ഇങ്ങനെയായിരുന്നു...പെട്ടെന്ന് വന്നൊരു ഫോണ്‍കോളിന് അവന്റെ ബഹുമാനം നിറച്ച സര്‍ വിളികള്‍..സംസാരം നീണ്ടു പോയപ്പോള്‍ ഒരു സിഗരറ്റിനു തീ കൊളുത്തി ഞാന്‍ അല്‍പ്പം മാറി നിന്നു ...ഡേയ് ഞാന്‍ പോകുന്നു എനിക്കല്‍പ്പം തിരക്കുണ്ട്‌ സംവിധായകന്‍ പ്രസാദ് സാറിനും ഫാമിലിയ്ക്കും ദിലീപിന്റെ സിനിമ കാണാന്‍ ൫ ടിക്കറ്റ്‌ എടുത്തു വീട്ടിലെത്തിയ്ക്കണം..സാറിന്റെ പടം അടുത്തമാസം ഷൂട്ട്‌ തുടങ്ങാനുള്ളതാ സോപ്പിട്ടു നിന്നില്ലെങ്കില്‍ വര്‍ക്ക്‌ വേറെ ആണ്‍പിള്ളേര്‍ കൊണ്ടുപോകും .നീ ഇനി എപ്പോഴാ ട്രിവാന്ട്രം വരിക ..? ..സാധ്യത കുറവാണ് ..നിന്റെ വഴികളില്‍ എന്നെ കാണാന്‍...മുന്‍പേ നീ എന്നോട് ചോദിച്ചില്ലേ നീയെന്തു കൊണ്ട് സിനിമയില്‍ ആരുമായില്ലെന്നു ...ഇതുപോലെ പലതും ചെയ്തു "ആരെങ്കിലുമാകാന്‍" മനസ്സ് സമ്മതിയ്ക്കാഞ്ഞത് കൊണ്ടാണ് ....ഞാന്‍ യാത്രപറഞ്ഞു നടന്നു ...

എവിടെയാണ് ആ പഴയ സ്വരങ്ങള്‍ ...

..ഏറെ കാലത്തിനു ശേഷമാണ് ഞാന്‍ ഇവിടെ പുനലുരിന്റെ ചില ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത് ..നാടിന്റെ ഗൃഹാതുരത്വം മനസ്സില്‍ പേറുന്ന എന്‍റെ നല്ല ചങ്ങാതിമാര്‍ പതിവ് പോലെ വളരെവേഗം പ്രതികരിച്ചു തുടങ്ങി കമെന്റുകള്‍ വായിക്കുന്ന കൂട്ടത്തില്‍ ഒരിടത്ത് എന്‍റെ കണ്ണുകള്‍ ഉടക്കി നിന്നു..എന്‍റെ സഹപാഠിയായിരുന്ന സ്വപ്നയുടെതയിരുന്നു ആ കമെന്റ് ഹൃദയം മുറിയുന്ന ചില വാക്കുകള്‍ ...അത് വായിച്ചു തീരുന്നതിനു മുന്‍പ് തന്നെ എന്‍റെ ഫോണിലേക്ക് സ്വപ്നയുടെ വിളിയെത്തി ...അങ്ങേത്തലക്കല്‍ സ്വപ്ന കരയുകയായിരുന്നു...ഏറെ കാലം മുന്‍പേ വിവാഹത്തോടെ, നാടിന്റെ സ്പന്ധനങ്ങളില്‍ നിന്നു നഗരത്തിന്റെ ഇരംബങ്ങളിലേക്ക് ജീവിതം പറിച്ചു നടപ്പെട്ടെ എന്‍റെ പ്രിയ കൂട്ടുകാരി ...ഇപ്പോള്‍ ഈ ചിത്രങ്ങള്‍ ഓര്‍മ്മകളുടെ നൊമ്പരങ്ങള്‍ കൊണ്ട് അവളുടെ കണ്ണുകളെ നനയിച്ചിരിക്കുന്നു... സ്കൂള്‍ ജീവിതകാലം മുഴുവന്‍ നടന്നു പോയ പാലവും മനസിലെ പച്ചപ്പയ കല്ലടയാറുമൊക്കെ അവളെ പഴയ ഓര്‍മ്മകളിലേക്ക് മടക്ക യാത്ര നടത്താന്‍ പ്രേരിപ്പിച്ചു ...ഓര്‍മ്മകള്‍ ഒരു തിരത്തള്ളലായി ഒഴുകിയെത്തി ..അവള്‍ പറഞ്ഞുകൊണ്ടേയിരുന്നു...ദൈന്യം നിറഞ്ഞ പഴയ പുസ്തകസഞ്ചിയുമായി എന്‍റെ മനസും അവളുടെ ഓര്‍മ്മകള്‍ക്കൊപ്പം യാത്ര ചെയ്തു .. ബോയ്സ് ഹൈസ്കൂളിലെ പഴയ വാകമാരചോട്ടിലെ പടികള്‍ ഞങ്ങള്‍ ഒരുമിച്ചു കയറി ...സഹപാഠികളെ പലരെയും ഓര്‍മ്മിച്ചെടുത്തു ..പലരും ഇന്നു എവിടെയാണെന്നറിയില്ല ..മങ്ങിമറഞ്ഞു പോകുന്ന ഓര്‍മ്മചിത്രങ്ങളായി ചില മുഖങ്ങള്‍...സത്യന്‍ ,ഹരി ,ലിജോ ..പിന്നെയും ഒരുപാടുപേര്‍ ...അവള്‍ എനികൊരുപാട് നന്ദി പറഞ്ഞു അവളുടെ ഓര്‍മ്മകളെ തിരികെ കൊടുത്തതിനു ...അവളുടെ വാക്കുകള്‍ ഇടയിലെപ്പോഴോ നിലച്ചിരിക്കുന്നു ...പക്ഷെ ഞാനിപ്പോഴും ഈ സ്കൂള്‍ വരാന്തയില്‍ നില്‍ക്കുകയാണ് ..എന്‍റെ ഓര്‍മ്മകളില്‍ മരിക്കാത്ത, പിന്നീടൊരിക്കലും കണ്ടുമുട്ടിയിട്ടില്ലാത്ത എന്‍റെ പഴയ ചങ്ങാതിമാരുടെ സ്വരങ്ങള്‍ തിരയുകയാണ് ഞാനിവിടെ ....

Saturday, October 13, 2012

നന്നായി കവിതയെഴുതുമായിരുന്നു അനുചേച്ചി ...കോളേജ് മാഗസിനിലും ആനുകാലികങ്ങളിലും  അനുച്ചേച്ചിയുടെ പ്രണയം നിറച്ച  കവിതകള്‍ അച്ചടിച്ച്‌ വന്നിരുന്നു തൊണ്ണൂറുകളില്‍...പിന്നീട് കല്യാണ ശേഷം ബോംബെ യിലേക്ക് ഒരു പറിച്ചു നടീല്‍...ബോംബെ പോലൊരു മഹാനഗരത്തിന്റെ ശ്വാസം മുട്ടിയ്ക്കുന്ന തിരക്കുകള്‍ക്കിടയില്‍ കുടുംബം കെട്ടിപ്പെടുക്കാനുള്ള നെട്ടോട്ടങ്ങള്‍ക്കിടയില്‍ അതുവരെ നെഞ്ചോടു  ചേര്‍ത്ത് വച്ചിരുന്ന നാട്ടിന്‍പുറത്തെ നന്മയുടെ കണങ്ങള്‍ പലതും തന്നില്‍ നിന്ന് ഒഴിഞ്ഞു പോകുന്നത് അനുചേച്ചി വേദനയോടെ കണ്ടു നിന്നു  ...ഒപ്പം ജീവശ്വാസമായിരുന്ന, മനസിലെ  കവിതയുടെ ഉറവ വറ്റിയോഴിയുന്നതും...ബിസിനെസ്സുകാരനായ, പണത്തെ മാത്രം സ്നേഹിയ്ക്കുന്ന ഭര്‍ത്താവിനും നഗര ജീവിതത്തിന്റെ പളപളപ്പുകളെ മാത്രം പ്രണയിക്കുന്ന ഹിന്ദി പറയാന്‍ ഇഷ്ട്ടപ്പെടുന്ന മക്കളും ..ജീവിത വേഗങ്ങളുടെ ഇരംബങ്ങളും..അനുച്ചേച്ചിയുടെ കവിഹൃദയത്തെ കാണാതെ പോയി ...വര്‍ഷങ്ങള്‍ക്കിപ്പുറത്ത് എന്റെ ചില ചെറിയ എഴുത്തുകള്‍ {?} വായിക്കുന്നതിലൂടെയാണ് ഞാനും അനുചേച്ചിയും പരിചയപ്പെടുന്നത് ...കുറെ സംസാരിച്ചു കഴിഞ്ഞപ്പോള്‍  ചേച്ചിയുടെ മനസ്സിലെ എഴുത്തിനോടുള്ള, ഇന്നും കെട്ടുപോകാത്ത പ്രണയം ഞാന്‍ തിരിച്ചറിഞ്ഞു ...വീണ്ടും എഴുതി തുടങ്ങാന്‍ ഞാനനാണ് ചേച്ചിയെ നിര്‍ബന്ധിച്ചത് ബ്ലോഗ്‌ എഴുതി തുടങ്ങിയ അവര്‍ വളരെ പെട്ടെന്നാണ് എഴുത്തിലേയ്ക്കു സജീവമായത് ...എഴുതിയത് ചിലത് എനിക്കയച്ചു തന്നതില്‍ മനോഹരമായൊന്നു ഞാന്‍ ഒരു ആഴ്ചപ്പതിപ്പിന് അയച്ചു കൊടുത്തു .എന്റെ സുഹൃത്തായ സബ് എഡിറ്റര്‍ അത് വളരെ മനോഹരമായി ലെ ഔട്ട്‌ ചെയ്തു അര പേജില്‍ ചേച്ചിയുടെ ചെറിയ പടം ഉള്‍പ്പടെ പ്രസിദ്ധീകരിച്ചു ....ഞാനയച്ചു കൊടുത്ത കോപ്പി ..കയ്യില്‍ കിട്ടിയപ്പോള്‍ ഏറെ കാലത്തിനു ശേഷം അവര്‍ സന്തോഷം കൊണ്ട് മതി മറന്നു...അര മണിക്കൂറോളം എന്നോട് ഫോണില്‍ സന്തോഷമറിയിച്ച അവര്‍ എനിക്കൊരുപ്പാട് നന്ദിയും കടപ്പാടും പറഞ്ഞു...ഞാന്‍ അവരെ തിരുത്തി ..അവരുടെ എഴുത്തിലെ മികവു കൊണ്ടാണ് അത് ഇത്ര മനോഹരമായി വന്നത് ..ഞാന്‍ ഇതിനിടയിലെ വെറുമൊരു നിമിത്തം മാത്രം ..ധൈര്യമായി എഴുത്ത് തുടരാനും ഞാന്‍ പറഞ്ഞു .....പിന്നെ ചില ദിവസങ്ങള്‍ അവരെ ഓണ്‍ലൈനില്‍ കണ്ടില്ല വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നുമുണ്ടായിരുന്നില്ല ...എന്റെ തിരക്കുകളില്‍ മുഴുകി ഞാനും ....ഇന്നു ചേച്ചിയുടെ സങ്കടം നറഞ്ഞ  ഒരു മെസേജു  വന്നു ...ഞാന്‍ വിളിച്ചപ്പോള്‍ അവര്‍ കരയുകയായിരുന്നു ..കവിത അച്ചടിച്ച്‌ വന്ന വീക്കിലി ആശങ്കയോടെ ആണ് അവര്‍ ഭര്‍ത്താവിനെ കാണിച്ചത് ...പ്രതികരണം ഭീകരമായിരുന്നു ..കവിതയിലെ   തെളിഞ്ഞ പ്രണയത്തിന്റെ വരികള്‍ അയാളെ പ്രകോപിതനാക്കി.. വീക്കിലി വലിച്ചു കീറിയത് ചോദ്യം ചെയ്തതിനു മക്കള്‍ക്ക്‌ മുന്നില്‍ വച്ച് കൊടിയ മര്ധനവും സഹിയ്ക്കേണ്ടി വന്നു  ..പണ്ടൊരിയ്ക്കല്‍ ഒത്തിരി കാശ് സംബാധിക്കാന്‍ അയാള്‍ പറഞ്ഞ മാര്‍ക്കെറ്റിംഗ്  ജോലി അവര്‍ വേണ്ടെന്നു പറഞ്ഞതിന്റെ  പ്രതികാരമായിരുന്നു അത് ...നിസന്ഗരായ  മക്കള്‍ ടിവിയിലെയ്ക്ക് മിഴിയൂന്നി ഇതൊന്നും കാണാതെയിരുന്നു  .മര്ധനങ്ങല്‍ക്കൊടുവില്‍ ഇനിയോരിയ്ക്കലും എഴുതിപ്പോകരുതെന്ന ഉഗ്ര ശാസനയും കംബ്യൂട്ടെറില്‍ എഴുതി സൂക്ഷിചിരുന്നതെല്ലാം നിര്‍ബന്ധിച്ചു ഡിലീറ്റ് ചെയ്യിപ്പിച്ചു  ....ഫോണിന്റെ അങ്ങേതലയ്ക്കലെ തേങ്ങലുകള്‍ എപ്പോഴോ മുറിഞ്ഞു പോയി ..എന്തുപറഞ്ഞാണ് ഞാന്‍ അവരെ ആശ്വസിപ്പിയ്ക്കുക ..കൂടെ ജീവിയ്ക്കുന്നത് ഒരു  മനുഷ്യ ജീവിയാണെന്നും അവര്‍ക്കും ഒരു മനസുണ്ടെന്നും തിരിച്ചറിയാന്‍ കഴിയാത്ത ഇത്തരം മൃഗങ്ങളുടെ കാല്‍ക്കീഴില്‍ ഞെരിഞ്ഞമര്‍ന്നു പോകുന്നു  ഇതുപോലെ എത്രയോ തെങ്ങലുകള്‍....

Sunday, October 7, 2012

എഴുതി തീരാത്ത കഥകള്‍ ...

ഇവിടെയാണ് ഞാന്‍ അവളെ പരിചയപ്പെട്ടത്‌ ....ഞാന്‍ കണ്ടുമുട്ടിയപ്പോള്‍ അവളുടെ വാക്കുകള്‍ ഒരു സങ്കടക്കടലായിരുന്നു ...മറ്റൊരു രാജ്യത്തിരുന്ന് രണ്ടുപേര്‍ക്കും മനസിലാകുന്ന ഏതൊക്കെയോ ഭാഷകളില്‍ അവള്‍ അവളുടെ കദനം മുഴുവന്‍ എന്നോട് പറഞ്ഞു ....അറബിനാട്ടിലെ പൊരിയുന്ന ചൂടില്‍ ഉരുകിയോലിച്ചുപോയ അവളുടെ സ്വപ്നങ്ങള്‍ക്ക് കണ്ണീരിന്റെ നനവായിരുന്നു ...നനഞ്ഞു കുതിര്‍ന്ന കണ്ണുകളായിരുന്നു അവള്‍ക്കുണ്ടായിരുന്നത്...അവളു
ടെ തിരമുറിയാത്ത സങ്കടക്കടലിന്റെ തീരത്തിരുന്നു ഞാന്‍ ഉദയങ്ങളും   അസ്തമയസന്ധ്യകളും കണ്ടു ....ജീവിതത്തിന്റെ ആകസ്മികതകളില്‍ കാലിടറിയപ്പോഴാണ്  അവള്‍ ജോലി തേടി ഈ മണലാരണ്യത്തില്‍ എത്തിയത് ...അവധി ദിവസങ്ങളില്‍ ചുറ്റുമുള്ളവര്‍  ജീവിതം ആഖോഷമാക്കുന്നത് കണ്ടു  ...കണ്ണീരോടെ കിട്ടുന്ന തുച്ചമായ ശമ്പളം എണ്ണിത്തിട്ടപ്പെടുത്തി ഒറ്റ മുറിയുടെ വീര്‍പ്പുമുട്ടലില്‍ അവള്‍ തളര്‍ന്നുറങ്ങി ...കേക്കുകള്‍ ഉണ്ടാക്കുന്ന ഒരു കടയിലായിരുന്നു അവള്‍ക്കു ജോലി കരയുന്ന മനസിനെ ഉള്ളില്‍ ചങ്ങലക്കിട്ടു മറ്റുള്ളവര്‍ക്ക് വേണ്ടി അവള്‍ മനോഹരമായ കേക്കുകള്‍ ഉണ്ടാക്കി ...ജോലിയില്‍ ഉള്ള നൈപുണ്യം കണ്ടറിഞ്ഞു കടയുടമ അവള്‍ക്കു തുടരെ തുടരെ ജോലി കൊടുത്തു കൊണ്ടേയിരുന്നു ഭക്ഷണം കഴിക്കാന്‍ പോലും ഇടവേളകള്‍ കിട്ടാതെ ആ പാവം വലഞ്ഞു ....അവളുടെ കഥ കേട്ട് തുടങ്ങിയതില്‍ പിന്നെയാണ് ഞാന്‍ ബേക്കറികളില്‍ കണ്ണാടി അലമാരകളില്‍ ഇരിക്കുന്ന അലങ്കാര കേക്കുകളെ ശ്രദ്ധിച്ചു തുടങ്ങിയത് ...എപ്പോഴൊക്കെയോ അവിടെ എനിക്കവളുടെ ദൈന്യം നിറഞ്ഞ മുഖം കാണാന്‍ കഴിഞ്ഞു ...സുന്ദരമാക്കി നമ്മുടെ മുന്നിലെത്തപ്പെടുന്ന  പലതിന്റെയും നിര്‍മ്മിതിക്ക് പിന്നില്‍ ഇതു പോലെ എത്രയോ വേദനിക്കുന്ന മുഖങ്ങള്‍ ...അവരുടെ സങ്കടങ്ങള്‍ ....എനിക്കറിയാവുന്ന വാക്കുകള്‍ കൊണ്ട് ഞാന്‍ അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു ...ഞാന്‍ അവള്‍ക്കാരായിരുന്നു അറിയില്ല ....പലപ്പോഴും പലതായിരുന്നു ഞാന്‍...ഒരുപക്ഷെ ജീവിതത്തില്‍ ഒരിക്കലും ഞാന്‍ അവളെ കണ്ടുമുട്ടിയെന്നു വരില്ല ...എങ്കിലും അവള്‍ എനിക്ക് പ്രിയപ്പെട്ടവള്‍ തന്നെ ....അവള്‍ പറയുന്നു ചങ്ങാതീ ഒരിക്കലും നമ്മള്‍ കണ്ടു മുട്ടിയില്ലെങ്കിലും ഞാന്‍ നിന്നെ മറക്കുകയില്ല മരിക്കുവോളം ...കാരണം ജീവന്‍ അവസാനിപ്പിക്കാന്‍ കാത്തു നിന്ന സമയങ്ങളിലാണ് ഞ്ഞാന്‍ നിന്നെ കണ്ടു മുട്ടിയത്‌ ..ജീവിക്കാന്‍ വീണ്ടും കൊതി തോന്നിത്തുടങ്ങിയത് നിന്‍റെ വാക്കുകളിലൂടെയാണ് ....ക്ഷമിക്കു കൂട്ടുകാരി ...നമുക്കിടയില്‍ കാതങ്ങളുടെ നീളമോരുക്കി ഒരു കടലുണ്ട് ...എങ്കിലും ഞാന്‍ നിന്നരുകിലുണ്ടാകും അറിയാത്ത ഭാഷയില്‍ പറഞ്ഞു തീരാത്ത കഥകളുമായി .......