Monday, June 7, 2010

മരണ ഗസല് ഞാന്‍ പാടിത്തിമര്‍്ക്കട്ടെ...നല്ലമൂഡിലാണിന്നെന്റെ കൂട്ടുകാര്‍...


സ്വന്തം ആത്മാവിഷ്ക്കാരത്തിന്റെ ഹൃദയ വ്യഥകളില്‍ രക്തം വാര്‍ന്നു ,ലഹരി പൂക്കുന്ന വഴികളില്‍ കൂട്ടം തെറ്റി മേഞ്ഞു ഒടുവില്‍ ഉള്ളിലൊതുക്കിയ വേഭനകള്‍്ക്കെല്ലാം അവധി കൊടുത്ത് ശൈത്യം വിറങ്ങലിച്ചു നില്‍ക്കുന്ന മരണത്തിനൊപ്പം ഒരു ' മാന്‍ഷന്‍ ഹൌസിന്റെ "കഴുത്തു പൊട്ടിച്ചു യാത്ര പോയവന്‍ സന്തോഷ്‌ ജോഗി ... അല്ല.. കിഷോരിലാല്‍...ജോഗിയെ അങ്ങനെ വിളിക്കാനാണ് നാം ഇഷ്ട്ടപ്പെട്ടത്‌. ഓര്‍മ്മകള്‍ കൂട്ടിക്കൊണ്ടു പോകുന്നത് പഴയ ഒരു സിനിമാ സൗഹൃദ സദസിലെയ്ക്ക് .....പത്രപ്രവര്‍ത്തകനായ എന്‍റെ ഒരു സുഹൃത്തുമൊത്തു നഗരത്തിലെ ഇടുങ്ങിയ തെരുവിന്റെ അങ്ങേയറ്റത്ത്‌..അങ്ങാടിക്കുരുവികള്‍ കൂടുകൂട്ടിയ ഒരു പഴയ കെട്ടിടത്തിന്റെ മരഗോവേണി കയറിതുടങ്ങുമ്പോള്‍ വരവേറ്റത് ഒരു ഗസലിന്റെ ഈണമായിരുന്നു .... മുകള്‍ നിലയിലെ തെരുവിന്നഭിമുഖമായ കുടുസ്സു മുറിയിലെ കൂട്ടുകാര്‍്ക്കിടയിലിരുന്നു ജോഗി ഗസല്‍ പാടുകയായിരുന്നു... മുന്നില്‍ ഒഴിഞ്ഞു തുടങ്ങിയ ലഹരി പാത്രം... പാനപാത്രത്തില്‍ ബാക്കിയായത് പകുത്തു മോന്തി..അന്ന് രാത്രി വൈകുവോളം ജോഗിയുടെ ഗസലിലലിഞ്ഞുതീര്‍ന്നു.... കുപ്പികള്‍ ഒഴിയുകയും ഗ്ലാസുകള്‍ നിറയുകയും ചെയ്തു.. വീണ്ടും വീണ്ടും ...ജോഗി പാടിക്കൊണ്ടേയിരുന്നു... ഒടുവില്‍ ഔദ്യോഗികമായ പരിചയപ്പെടല്‍...ബലിഷ്ട്ടമായ കരം നീട്ടി ഹസ്തധാനം ചെയ്യുമ്പോള്‍ അതൊരു കെട്ടിപ്പുണരലായി... മിഴികള്‍ നിറഞ്ഞിരുന്നു... കഴിഞ്ഞ ജന്മങ്ങളിലെവിടെയോ...നഷ്ട്ടപ്പെട്ടുപോയ സുഹൃത്തിനെ തിരിച്ചു കിട്ടിയപോലെ....കുറെ സംസാരിച്ചു സിനിമയെപ്പറ്റി, ഗസലിനെപ്പറ്റി.. ജോഗി മനസ്സില്‍ പെയ്തു നിറയുകയായിരുന്നു..അന്ന് ജോഗി നടനായി വലിയരീതിയില്‍ അറിയപ്പെട്ടു തുടങ്ങിയിരുന്നില്ല . നിലത്തുറയ്ക്കാത്ത കാലുകളോടെ സുഹൃത്തിന്റെ തോളില്‍ കയ്യിട്ടു പടിയിറങ്ങി പോകുന്ന ജോഗിയുടെ മങ്ങി മറഞ്ഞ ദൃശ്യം ഇപ്പോഴും കണ്മുന്നിലുണ്ട്....പിന്നീടു ജോഗിയെക്കുറിച്ചു കൂടുതല്‍ തിരക്കിയറിഞ്ഞു.. മനസു നിറയെ സിനിമയെ ഭ്രാന്തമായി പ്രണയിച്ചു നടന്ന ജോഗിയുടെ ചെറുപ്പകാലം ...ആഗ്രഹങ്ങളുടെ ചെടികള്‍ പുഷ്പ്പിക്കാതയപ്പോള്‍ പിന്നെ മറ്റു പലവേഷങ്ങള്‍ ...ഗായകന്‍ ,നടന്‍ ,എഴുത്തുകാരന്‍ ...അങ്ങനെ ജീവിതത്തില്‍ കെട്ടിയ വേഷങ്ങലോരുപാട് ....ഒടുവില്‍ സിനിമയെന്ന തന്റെ സ്വപ്ന തീരത്ത്...ചെറുതും വലുതുമായ കുറെ വേഷങ്ങള്‍ ..കീര്‍ത്തി ചക്രയിലെ കിശോരിലാലിലൂടെ..ഒരു നടനെന്ന തിരിച്ചറിവിലേക്ക്... പതിയെ പതിയെ സന്തോഷിലെ നടന്‍ വളരുകയായിരുന്നു..പക്ഷെ പലപ്പോഴും ലഹരി നിറയ്ക്കുന്ന സൗഹൃദങ്ങളുടെ വലയിലായിരുന്നു ജോഗി ..ആരൊക്കെയോ ചേര്‍ന്ന് ആ മനുഷ്യനെ തെറ്റില്‍ നിന്നും തെറ്റിലേയ്ക്ക് വലിച്ചിഴയ്ക്കുകയായിരുന്നു..ഉള്ളില്‍ നിന്നും ഭ്രാന്തമായി പുറത്തേയ്ക്ക് ചാടാന്‍ വെമ്പല്‍ കൊണ്ട ആത്മാവിഷ്ക്കാര ത്വരകള്‍ പലപ്പോഴും ഒരു ഉന്മാതത്തിന്റെ വക്കിലെയ്ക്ക് ജോഗിയെ കൊണ്ടെത്തിച്ചിരുന്നു ...ആരൊക്കെയോ എവിടൊക്കെയോ സന്തോഷിന്റെ സ്വപ്നങ്ങളെ മതില്‍ക്കെട്ടിനുള്ളില്‍ തളയ്ക്കാന്‍ ശ്രമിച്ചു ..ആ മതില്‍ക്കെട്ടിനു പുറത്തു കടക്കാനാവാതെ ശ്വാസം മുട്ടുകയായിരുന്നു സന്തോഷ്‌ ..പലപ്പോഴും അതിനായി സന്തോഷ്‌ മുട്ടിയ വാതിലുക്ളൊന്നും തുറന്നില്ല ..തന്റെ മനസിനെ മഥിച്ചുകൊണ്ടിരുന്ന.. ഭ്രാന്തമായ സ്വപ്നങ്ങളെ പിടിച്ചു നിര്‍ത്താനും ജോഗിയ്ക്കായില്ല ..ഒടുവില്‍ തോറ്റുപോയി സന്തോഷ്‌ ജീവിതത്തോട്..പാടിക്കൊണ്ടിരുന്ന ഒരു ഗസല്‍ പകുതിയില്‍ മുറിഞ്ഞപോലെ...എവിടെയായിരുന്നു കൂട്ടുകാരാ നിനക്ക് കണക്കു കൂട്ടലുകള്‍ പിഴച്ചുപോയത്...? ആരായിരുന്നു നിന്നെ മരണന്തിന്റെ വഴി തിരഞ്ഞെടുക്കാന്‍ ..പ്രേരിപ്പിച്ചത്...?....... പിന്നെയും തുടരുന്ന ഉത്തരമില്ലാത്ത ചോദ്യങ്ങള്‍.... ഉത്തരം കിട്ടില്ലെന്നറിഞ്ഞിട്ടും ഒന്ന് കൂടി ചോദിച്ചു കൊള്ളട്ടെ .... സുഹൃത്തിന്റെ ഫ്ലാറ്റില്‍ ലഹരിയുടെ കാണാക്കയങ്ങളില്‍ മുങ്ങി ...ഒരുമുഴം തുണിത്തുംപില്‍ മരണത്തിനു കൂട്ട് പോയപ്പോള്‍ നീ തോല്പ്പിച്ചതാരെയാണ്....?