Tuesday, July 2, 2019

സുഖമല്ല.. ദുഖമാണ്..

സൗഹൃദ സംഭാഷണം പോലെ നമ്മൾ പരസ്പരം കാണുമ്പോൾ വളരെ ഫോർമലായി എന്തെങ്കിലും ചോദിക്കണമല്ലോ എന്നു കരുതി തിരക്കുന്ന ഒന്നാണ്.. ന്താണ് സുഖല്ലേ..?
99.9% പേരും അതെ സുഖമാണ് എന്ന മറുപടി പറഞ്ഞു കടന്നു പോകും..
എന്നാൽ ആ ഒരേയൊരാൾ തിരിഞ്ഞു നിന്ന് ദുഖമാണ് എന്നു പറയുന്നത് കേൾക്കുമ്പോൾ സുഖമാണ് എന്ന മറുപടി കേട്ടു അലസമായുള്ള ധൃതിയിൽ പോകാൻ  കാത്തു നിന്ന നമ്മളൊന്ന് തറഞ്ഞു നിൽക്കും.. ദുഖമാണെന്നു പറഞ്ഞയാളുടെ കണ്ണുകളിലേക്ക് നോക്കും..
ആ കണ്ണുകളിൽ ആരോടെങ്കിലും പറയാൻ കാത്തു വച്ച സങ്കടങ്ങൾ കരിനീലിച്ചു കിടപ്പുണ്ടാകും..

ഈയിടെ കൊച്ചിയിലെ തിരക്കിലൂടെ അലസമായി നടന്നു വരുന്പോൾ പഴയൊരു പെണ്സുഹൃത്തിനെക്കണ്ടു.. സുഖമാണോ എന്ന ചോദ്യത്തിന് ദുഖമാണെന്നവൾ മറുപടി പറഞ്ഞപ്പോൾ ഒരൽപ്പം അന്ധാളിപ്പോടെ അവൾ പറയുന്നത് കേട്ടു നിന്നു ...
നന്നേ ചെറുപ്പത്തിൽ വീട്ടുകാർ കാണിച്ചു തന്നൊരുവന്റെ മുന്നിൽ കഴുത്തു നീട്ടിക്കൊടുത്തു...
മുഴുവൻ സമയ മദ്യപാനിയായ അയാളോടൊപ്പമുള്ള ജീവിതം അത്രമേൽ അസഹനീയമായിരുന്നു.. ഒരുമകളുണ്ടായപ്പോൾ പിന്നീട് ജീവിക്കാൻ ആകെയുള്ള പ്രത്യാശ അവൾ മാത്രമായിരുന്നു.. അല്ല അവൾക്കു വേണ്ടിയാണ് ഭർത്താവിന്റെ കണ്ണിൽ ചോരയില്ലാത്ത ക്രൂരതകളെല്ലാം സഹിച്ചു ജീവിച്ചു മോളെ വളർത്തിയത്..
എന്നും വീട്ടിൽ അച്ഛനുമമ്മയുമായുണ്ടാകുന്ന  കലഹങ്ങളെതുടർന്നുള്ള ഒട്ടും സമാധാനമില്ലാത്ത കുടുംബാന്തരീക്ഷമാകാം അവളെ പതിവുപോലെ ഒരു പ്രണയത്തിൽ കൊണ്ടെത്തിച്ചു.. സങ്കടങ്ങൾ തുറന്നു പറയാനൊരു തോൾ തേടിപ്പോയവൾ അവന്റെ ജാതിയും മതവുമൊന്നും നോക്കിയില്ല..
എനിക്കിവൻ മാത്രം മതിയെന്ന കടുംപിടുത്തം മുറുകിയപ്പോ വേറൊരു മാർഗ്ഗവുമില്ലാതെ ബന്ധുക്കളുടെയെല്ലാം എതിർപ്പിനെ മറികടന്നു കെട്ടിച്ചു കൊടുത്തു...
അവളെങ്കിലും ജീവിതത്തിൽ സന്തോഷിക്കട്ടെയെന്നു കരുതി..
പക്ഷെ ആ സന്തോഷത്തിനും ആയുസ് നീണ്ടില്ല...നാലുമാസത്തിനുള്ളിൽ ചെറുക്കന്റെ വഴിവിട്ട ജീവിതം മൂലം ആ ബന്ധവും അലസിപ്പിരിഞ്ഞു മാനസികമായി തകർന്ന കുട്ടിയേയും കൂട്ടി വീട്ടിലേക്കു പോരുന്നു.. പെട്ടെന്ന് നടത്തേണ്ടി വന്ന കല്യാണത്തിനായി ഉണ്ടാക്കി വച്ച കടങ്ങളുടെ പലിശ കൊടുക്കാൻ പോലും നിവർത്തിയില്ലാത്ത അവസ്ഥയിൽ ഇതുകൂടിയായപ്പോ ഇനിയെന്തിനു ആർക്കു വേണ്ടി ജീവിക്കണം എന്ന തോന്നൽ മാത്രമാണ് മനസ്സിൽ..
ഒക്കെയും പറഞ്ഞു തീർന്നോടുവിൽ നിറഞ്ഞ കണ്ണുകൾ തുടച്ചു കരച്ചിൽ കടിച്ചമർത്തി അവളാ പൊരിവെയിലേക്കു നടന്നു മറയുമ്പോൾ ഞാനോർത്തത് എന്തിനുവേണ്ടിയാണ് ഈ ജന്മം ആ പെണ്ണ് ജീവിച്ചിരുന്നത് എന്നാണ്..
സ്വപ്‌നങ്ങൾ ചിറകുമുളച്ചു പറക്കേണ്ട പ്രായത്തിൽ കലഹങ്ങളുടെ പടുകുഴിയിൽ വീണു മനസ്സും ശരീരവും മരവിച്ചു വെറും ജഡങ്ങളെപ്പോലെ ഇങ്ങനെ ജീവിക്കുന്ന,
വരണ്ട ചിരിയോടെ നമ്മളോട് സുഖമെന്ന് പറഞ്ഞു നടന്നു പോയവർ എത്രയോപേർ..
ദുഃഖമെന്നു പറയാതെ പറഞ്ഞവർ...
ഒന്നും മിണ്ടാതെ പോയവർ..
ജീവിതം ദുഃഖം മാത്രമാണെന്ന് ഇതുപോലെ നെഞ്ചുടഞ്ഞു പറഞ്ഞവർ..
ഉച്ചി പൊള്ളുന്ന വെയിലിൽ എന്റെ കണ്ണുകളുടെ ചൂട് കൊണ്ട് കാഴ്ച മങ്ങിപ്പോയതാണോ..
അവൾ പോയ പുതുവഴിയിൽ പിന്തിരിഞ്ഞു നിന്ന് ആരൊക്കെയോ മൗനമായി എന്നോട് പറയുന്നുണ്ട്... ഞങ്ങൾക്കും ദുഖമാണ്...

No comments: