Friday, October 10, 2014

ചില ന്യൂ ജെനറേഷൻ "മുടികൾ ".........

NU : അസാരം വെറുപ്പീരാണു..ക്ഷമയുള്ളവർ മാത്രം വായിയ്ക്കുക....................... ................................................... ...... കഴിഞ്ഞ ചിങ്ങമാസത്തിലെ ഏറ്റവും തിരക്കുള്ളൊരു ദിവസം അവസാനമാണൊരു വർക്കു വന്നത്‌... എന്റെയൊരു സുഹൃത്തിന്റെ സുഹൃത്തായ ഗൾഫ്‌കാരൻ ചെക്കൻ ലീവിനെത്തി നാടൊട്ടുക്കു പെണ്ണു കണ്ടലഞ്ഞിട്ടു ശരിയായില്ല ...കഴിഞ്ഞ 3 പ്രാവശ്യമായി ഇതേ പരീക്ഷണം തുടരുകയാണു ...ഇത്തവണ രണ്ടിലൊന്നറിഞ്ഞേ പോകൂ എന്ന മട്ടിലാണു "പെൺ വേട്ട " നടത്തിയത്‌..ഒന്നര മാസം കൊണ്ട്‌ 37 പെണ്ണിനെ കാണിച്ചു ബ്രോക്കെറന്മരെല്ലാം തളർന്നു...ചെക്കന്റെ സങ്കൽപ്പത്തിലുള്ള പെണ്ണിനെ കണ്ടെത്താൻ പറ്റുന്നില്ല ...പഠിപ്പൊക്കുമ്പോ മുടിയൊക്കില്ല മുടിയൊക്കുമ്പോ മൂടൊക്കില്ല..ഇതെല്ലാം ഒത്തു വരുമ്പോ പെണ്ണിനു ചെക്കനേ പിടിയ്ക്കില്ല..അങ്ങനെ നാടൊട്ടുക്കു തേഞ്ഞുപാഞ്ഞു ഓടിത്തള്ളി ഒടുക്കം ലീവ്‌ തീരാൻ 2 ആഴ്ച മാത്രം ബാക്കിയായ സമയത്താണു ഒരു പരുവത്തിൽ ഒരെണ്ണത്തിനെ തപ്പിയെടുക്കുന്നത്‌...ചെക്കന്റെ സങ്കൽപ്പത്തിലെ "പലതും " കാര്യമായി ഇല്ലെങ്കിലും സമയം തീരാറായതു കൊണ്ടും ചെറുക്കൻ മദമിളകിയ കാള യെപ്പോലെ കെട്ടാൻ കെട്ടു പൊട്ടിച്ചു നിക്കയായതു കൊണ്ടും ഒരു വിധത്തി ഒത്തു വന്നൊരെണ്ണം കയ്യോടങ്ങുറപ്പിച്ചു....പിന്നെ എല്ലാം ഏർപ്പാടാക്കാനുള്ള ഓട്ടത്തിനിടയിൽ നാട്ടിലുള്ള സ്റ്റുഡിയോകളിലൊക്കെ കേറിയിറങ്ങി ആളേക്കിട്ടാതായപ്പോളാണു എന്നെ തിരക്കി വന്നത്‌... ഭാഗ്യത്തിനു ആശാനു വല്യ പണിയൊന്നുമില്ലാതെ ചൊറീം കുത്തിയിരിയ്ക്കുന്ന ടെയിമാരുന്നു...വർക്കേറ്റപ്പോ ഒരു ആവശ്യം ചെറുക്കൻ മുന്നോട്ടു വച്ചു.... "വീഡിയോ എടുക്കാൻ മുടി വളർത്തിയൊരു വീഡിയോക്കാരൻ വേണം ... എങ്കിലേ ഒരു ന്യൂ ജെനറേഷൻ ലുക്ക്‌ കിട്ടൂ .."...... ഞാൻ : " അല്ല ഇനിയിപ്പോ പെട്ടെന്നു നല്ലോണം വർക്കറിയാവുന്നവരെ തന്നെ കിട്ടാൻ പാടാണു...അപ്പോപ്പിന്നെ മുടി കൂടി വേണമെന്നു പറഞ്ഞാൽ..". ... ചെക്കൻ : അതു അണ്ണനെവിടുന്നേലും ഒപ്പിച്ചേ പറ്റൂ... നമുക്കു മുടി മസ്റ്റാണു.....".... ഞാനാകെ വട്ടായി കല്യാണത്തിനു ഇനി 3 ദിവസമേ ബാക്കിയുള്ളൂ..ഈ മുടി വളത്തിയവനെ എവിടെപ്പോയി തപ്പും...ഓർമ്മയിലുള്ള മുടിയന്മാരെയെല്ലാം തപ്പിയെടുത്തു വിളിച്ചു നോക്കി എല്ലാർക്കും വർക്കുണ്ട്‌...പരിസരത്തെ ജില്ലകളിലുള്ള വീഡിയോ സുഹൃത്തുക്കളെയൊക്കെ വിളിച്ചു ..പലയിടത്തും വീഡിയോക്കാരു ഫ്രീയുണ്ട്‌ പ ക്ഷേ മുടിയില്ല....മുടിയില്ലാത്തവനെ ചെക്കനു വേണ്ടാ താനും ...എന്റെ മുടി വളർത്തിയാൽ ചുരുളത്തേയുള്ളു നീളില്ല എന്ന സത്യം ഞാൻ നേരത്തെ ബോധ്യപ്പെടുത്തിയതു കൊണ്ടും സമയത്തിനി തപ്പിയാൽ വേറേ ഫോട്ടോഗ്രാഫറേ കിട്ടാനില്ല എന്നതുകൊണ്ടും എനിയ്ക്കു മുടിയിൽ നിന്നും ഇളവു ആദ്യമേ കിട്ടിയിരുന്നു...ഒടുക്കം എറണാകുളത്തുള്ള ഒരു മുടിയനെ നമ്മടെ ചാത്തന്മാർ പൊക്കിത്തന്നു...പ്രോഫെയിലിൽ കേറി നോക്കിയപ്പോ കട്ട ഫ്രീക്കൻ...കമ്പ്ലീറ്റ്‌ "യോ യോ."...എന്തു പണ്ടാരമായാലും വേണ്ടില്ല ചെക്കൻ കല്യാണമുറപ്പിച്ച പോലെ ഞാനിതുമങ്ങുറപ്പിച്ചു....തലേന്നു ത ന്നെ മുടിയനെത്തി കൂടെ അന്യഗ്രഹജീവികളേപ്പോലുള്ള 2 അസിസ്റ്റന്റന്മാരും...കാലത്തേ മുടിയനെ ചെക്കനെ കാണിച്ചു സംതൃപ്തിപ്പെടുത്തി... ചെക്കൻ ഹേപ്പി...മുടിയനും സൂസോകളും പണിയാരംഭിച്ചു...ആകെ ബഹളം...അലർച്ചയും കൊലവിളിയും ...തട്ടിമറിക്കലും ...അസിസ്റ്റന്റ്‌ സൂസോകളെ കണ്ട കൊച്ചു പിള്ളെരൊക്കെ പേടിച്ചു നെലവിളിച്ചു...കട്ടിലിൽ കാലം ചെയ്യാൻ കിടന്ന അമ്മൂമ്മയെ പൊക്കിയെടുത്തു കല്യണ ചെക്കനേക്കൊണ്ട്‌ യോ യ്യൊ അടിപ്പിച്ചു...മുള്ളുമലേന്നു വന്ന മാമനും ചക്കുവരക്കേന്നു വന്ന മാമിയ്ക്കുമൊക്കെ "യോ യോ "അടിയ്ക്കാൻ ട്രെയിനിംഗ്‌ കൊടുത്തു....അര മണിക്കൂറിനുള്ളിൽ കല്യണവീട്ടിൽ കമ്പ്ലീറ്റ്‌ "യോ യോ "മയമായി...മൂക്കിൻ തുമ്പിൽ വൈഡ്‌ ആംഗിൾ ലെൻസ്‌ മുട്ടിയപ്പോ കണ്ണു തുറന്ന പൂപ്പാറേലെ മൂത്തമ്മ തല കറങ്ങി താഴെ വീണു ...താഴെ കിടന്ന വല്യമ്മയെ കൂളിംഗ്‌ ഗ്ലാസ്‌ വപ്പിച്ചു ചെറുക്കന്റെ കൂട്ടാരു പയലുകൾ പിന്നേം "യോയ്യോ "അടിച്ചു....ആകെ അങ്കം അട്ടഹാസം ...കല്യാണ വീട്ടിലാകെ വീഡിയോക്കാരന്റെ മുടി പാറി... താടി മാത്രമുള്ള ഞാനും "സായിബാബ " കട്ടുള്ള എം എ തായിയും ആരാലും ശ്രദ്ധിക്കപ്പെടാതെ തിണ്ണയിൽ കുത്തിയിരുന്നു കട്ടൻ ബീഡി നീട്ടി വലിച്ചു ...കല്യാണമണ്ഡപത്തിൽ മന്ത്രം ചൊല്ലിയ പൂജാരി മന്ത്രം നിർത്തി തുമ്മലോട്‌ തുമ്മൽ...സ്വാമി താലി പൂജിച്ചാലേ മുഹൂർത്തത്തിനു കല്യാണം നടക്കൂ.....ഒടുക്കം ഒരു വിധം തുമ്മലടങ്ങിയപ്പോ സ്വാമി കോപിഷ്ടനായി അലറി... " പൂജ നടത്തുമ്പോ മൂക്കിന്റെ കീഴീ ഈ മൈ***ന്റെ മുടി കൊണ്ടപ്പൊ തുടങ്ങിയയതാ ഈ തുമ്മൽ ...എവനെ ഇവിടുന്നിറക്കീല്ലെങ്കി എനിക്കു മന്ത്രം ചൊല്ലാൻ പറ്റില്ല..."... മുഹൂർത്തം മൊടങ്ങിയാ നാട്ടാരുടെ തൊഴി മേടിക്കുകയും ഞാൻ പട്ടിണിയാകുകയും ചെയ്യുമെന്നുള്ളതു കൊണ്ട്‌ നടന്നും ഇരുന്നും കെടന്നും പറന്നും പൊങ്ങിച്ചാടിയുമൊക്കെ എടുത്തോണ്ടിരുന്ന മുടിയനെ ഞാൻ താഴെയിറക്കി... ക്ഷമയുടെ നെല്ലിപ്പലകക്കളെല്ലാം ഞാൻ കോൺക്രീറ്റ്‌ ചെയ്തു ബലപ്പിച്ചു....ഓരോരോ ഗതികേടുകളേ....മുഹൂർത്തം കഴിഞ്ഞുടൻ മണ്ഡപത്തിന്റെ അങ്ങേയറ്റത്തൂന്നൊരു മൂളൽ.... മുടിയൻ വീണ്ടും പണി തൊടങ്ങിയിരിയ്ക്കുന്നു.....ന്തായാലും അന്നത്തെ അങ്കങ്ങളെല്ലാം കടിച്ചു പിടിച്ചവസാനിപ്പിച്ചു ഒരു വിധത്തിൽ മുടിയനേയും സംഖത്തിനേയും പായ്ക്ക്‌ ചെയ്തു.... വൈകിട്ടു റൂമിൽ വന്നു മുടിയൻ കോപ്പി ചെയ്തു തന്ന വിഷ്വൽ കണ്ട്‌ ഇടി വെട്ടി കണ്ണിലിരുട്ട്‌ കേറി... നീല ...പച്ച ...ചൊമപ്പ്‌.....മൊത്തം കട്ടപ്പൊക.....അവ ന്റെ ജാഡേം സ്റ്റെയിലുമൊക്കെ കണ്ടാ തോന്നും ഹോളീവുഡ്‌ സിലിമ എടുക്കുവാന്നു.....ഓരോരോ വേഷം കെട്ടലുകളേ..... ചെക്കനെ ഫോണിൽ വിളിച്ചു കാര്യം പറഞ്ഞു....അര മണിക്കൂറു കഴിഞ്ഞപ്പോ ചെക്കനലച്ചു തള്ളി ഓടി വന്നു "ഇനിയിപ്പോ എന്തു ചെയ്യുമണ്ണാ കൊലച്ചതിയായിപ്പോയല്ലോ...."......ഞാൻ : " (തീർത്തും നിസ്സംഗതയോടെ ) ഇനിയൊന്നും ചെയ്യാനില്ല ..മൊത്തം ബ്ലേക്ക്‌ ആന്റ്‌ വൈറ്റിൽ കാണാം വേറൊരു വഴിയുമില്ല .....chekkan : "ന്യൂ ജെനറേഷനാൺ വീഡിയോ ആണെന്നു പറഞ്ഞു ഞാനെല്ലാരുടേം മുന്നിൽ ജാഡയിട്ടതാ... പെണ്ണുമ്പിള്ള വീട്ടുകാരുടെ മൊകത്തു ഞാനിനി എങ്ങനെ നോക്കും ദൈവമേ.... "...ആകെ മുടി പൊങ്ങി ചെക്കനിറങ്ങിപ്പോയി....എം എ തായി കണ്ണാടിൽ നോക്കി കോഴി മൊട്ടയിട്ടിട്ട്‌ കൊക്കുന്ന പോലിരുന്നു ചിരിച്ചോണ്ട്‌ പച്ചൊള്ളം കോരിയൊഴിച്ചു മുടി സ്പൈക്കു ചെയ്തു.... ഞാൻ ബീഡി ആഞ്ഞു വലിച്ചു താടി തടവി അന്തരീക്ഷത്തിലേക്കു പുക വിട്ടു....

No comments: