Friday, September 14, 2012

.കഴിഞ്ഞ കുറെ ദിവസങ്ങളായി ഞാന്‍ തുടര്‍ച്ചയായ യാത്രകളിലായിരുന്നു .ഇന്നലെയാണ് ഇവിടെയ്ക്ക് തിരികെ എത്തിയത്.. വര്‍ഷങ്ങളായി ഉച്ച സമയത്ത് വൈകിയെത്തി ഭക്ഷണം കഴിക്കുന്ന വെജിറ്റെറിയന്‍ ഹോട്ടലിലെയ്ക്ക് ഞാന്‍ നടന്നു......നാട്ടിലുണ്ടെങ്കില്‍ മിക്കപ്പോഴും ഉച്ചയ്ക്ക്  ഇവിടെയ്ക്കാണെത്തുക... അവിടത്തെ കൃഷ്ണേട്ടന്‍ എപ്പോഴും എനിക്കായി ഒരു ഊണ് കരുതി വച്ചിരിക്കും.. ഒരു നേരത്തെ ഭക്ഷണത്തിന് വക കണ്ടെത്താന്‍  ഞാന്‍ പാട് പെട്ടിരുന്ന കാലം മുതല്‍ ഉള്ള സൌഹൃദമാണ് കൃഷ്നേട്ടനുമായി ..എന്റെ ഉയര്‍ച്ച താഴ്ചകള്‍ എല്ലാം അടുത്ത് നിന്ന് കണ്ടറിഞ്ഞ മനുഷ്യരില്‍ ഒരാള്‍  ....കൃഷ്ണേട്ടനെ കണ്ടു സലാം  പറഞ്ഞതും എനിക്ക് വല്ലാത്ത അത്ഭുതം തോന്നി...  ..ഇതുവരെ ഞാന്‍ കണ്ടിരുന്ന കൃഷ്നെട്ടനായിരുന്നില്ല അത് നരകയറിയ താടി വളര്‍ത്തി ...അല്‍പ്പം മുഴിഞ്ഞ വേഷത്തില്‍ ശോഷിച്ചു പോയൊരു രൂപം... പെട്ടെന്ന് കൃഷ്നെട്ടന് വയസായ പോലെ ...ഹോട്ടലിലെ തിരക്കിനിടയില്‍ എനിക്ക് ഭക്ഷണം കൊണ്ട് തന്നു ഒന്നും മിണ്ടാതെ കൃഷ്ണേട്ടന്‍ പോയി.. അല്‍പ്പം തിരക്കൊഴിഞ്ഞപ്പോള്‍ കൃഷ്ണേട്ടന്‍ എന്റെ അരുകിലെത്തി ...ചില നിമിഷങ്ങളുടെ മൌനം ..കൃഷ്ണേട്ടന്‍ കൈകളില്‍ മുഖം താങ്ങി  വിങ്ങിക്കരയാന്‍ തുടങ്ങി  ...കൃഷ്ണേട്ടനും ശാരധേട്ടത്തിയ്ക്കും  ഒരേയൊരു മകനെ ഉണ്ടായിരുന്നുള്ളൂ അവനും എന്റെ പേരായിരുന്നു ...കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് അവന്‍ ആത്മഹത്യ ചെയ്തിരിക്കുന്നു ..ഒരു നിമിഷം കഴിച്ചു കൊണ്ടിരുന്ന ചോറെന്റെ തൊണ്ടയില്‍ കുടുങ്ങി ...എന്തുപറഞ്ഞു കൃഷ്ണേട്ടനെ ആശ്വസിപ്പിയ്ക്കും എന്നറിയാതെ ഞാന്‍ കുഴങ്ങി ...വര്‍ഷങ്ങളായി ഈ ഹോട്ടലിലെ സപ്ലെയര്‍ ജോലി ചെയ്താണ് കൃഷ്ണേട്ടന്‍ കുടുംബം പുലര്‍ത്തിയിരുന്നത് ...കിട്ടുന്നതില്‍ നിന്നും മിച്ചം പിടിച്ചും ചിട്ടി കൂടിയുമോക്കെയാണ് മകനെ  വളര്‍ത്തിയതും പഠിപ്പിച്ചതും ...കൂടെ പഠിച്ചിരുന്ന ഏതോ ഒരു പെണ്‍കുട്ടിയുമായി അവനു പ്രണയം ഉണ്ടായിരുന്നു....പിന്നീട് കൃഷ്ണേട്ടന്‍ അവന്റെ ഒരു നോട്ട് ബുക്ക്‌ എന്നെ ഏല്‍പ്പിച്ചു...അതിന്റെ മറുപുറം മുതല്‍ പുറകോട്ടു അവളെ കുറിച്ച്  അവനെഴുതിയ കവിതകളും കുറിപ്പുകളുമായിരുന്നു ...ഒരു നല്ല സുഹൃത്തിനോട്‌ ഒരിക്കലും തുറന്നു പറയാനാകാതെ പോയ അവന്റെ പ്രണയത്തിന്റെ നൊമ്പരങ്ങളായിരുന്നു ആ വരികള്‍ മുഴുവന്‍... അവളുടെ പേരുപോലും എവിടെയും എഴുതിക്കണ്ടില്ല ..ഒരുപക്ഷെ അവള്‍ പോലും തിരിച്ചറിയപ്പെടാതെ പോയ ..അവന്റെ ഉള്ളില്‍ മാത്രം സൂക്ഷിക്കപ്പെട്ട പ്രണയം .. അവന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ക്ക് പോലും ഇങ്ങനെ ഒന്ന് അവന്റെ ഉള്ളില്‍ ഉള്ള കാര്യം അറിയില്ലായിരുന്നു .. കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഒന്ന് മനസിലായി അവന്റെ പെണ്‍ സുഹൃത്തുക്കളില്‍ ഒരാള്‍ കുറച്ചു നാള്‍ മുന്‍പ് ഒരു പ്രണയത്തകര്ച്ചയുടെ പേരില്‍ ആത്മഹത്യ ചെയ്തിരുന്നു ..... ആ മരണത്തിനു ശേഷം അവനെ കൂടുതല്‍ മൌനിയായി കാണപ്പെട്ടു എന്നൊരു സുഹൃത്ത്‌ സൂചിപ്പിച്ചു  ഒരുപക്ഷെ അവളായിരുന്നിരിക്കുമോ...അതും ആര്‍ക്കും അറിയില്ല....പ്രണയിച്ചവരും ..പ്രണയം അറിയാതെ പോയവരും എല്ലാം തിരശീലയ്ക്കുള്ളിലെയ്ക്ക് പിന്‍വാങ്ങിയിരിക്കുന്നു മറ്റുള്ളവരുടെ ഓര്‍മ്മകളില്‍ അവയൊക്കെയും ചിതലരിച്ച പുസ്തകങ്ങളായിരിക്കുന്നു... മറക്കാനാവാത്ത നൊമ്പരങ്ങളുമായി ഈ കൊച്ചു വീട്ടില്‍ ഒരച്ഛനും അമ്മയും ജീവിചിരിയ്ക്കുന്നു.. ആര്‍ക്കുവേണ്ടി ജീവിയ്ക്കുന്നു എന്നറിയാതെ ...ഒരു നിമിഷമെങ്കിലും അവനു ഒന്ന് ആലോചിക്കാമായിരുന്നു ..നൊന്തു പെറ്റു വളര്‍ത്തി വലുതാക്കിയ മക്കള്‍ നഷ്ട്ടപ്പെടുന്നവര്‍ക്കെ ആ വേദന മനസിലാക്കാനാകു ... 

No comments: