Wednesday, April 23, 2014

"യോ യോ......

നമ്മുടെ കഥാ നായകൻ സുമാർ ഒരു ഒന്നര ക്കൊല്ലം മുൻപു വരെ ഏതൊരു നാട്ടിൻപുറത്തും കാണപ്പെടുന്നപോലെ ലുങ്കിയുടുത്തു സൈക്കിളിൽ പോകുന്ന നാടൻ പയ്യനയിരുന്നു ... അടക്കവും ഒതുക്കവുമായി ചെവിയിൽ തുളസ്സിക്കതിർ ചൂടി പോയിരുന്ന പാവത്താൻ..ആയിടയ്ക്കു നായകൻ ബേംഗ്ലൂരിൽ ജോലിക്കാരനായ ഒരു കടും ഫ്രീക്കൻ ബന്ധുവിനൊപ്പം ജോലി തേടിപ്പോയതാണു ഈ കഥയിലെ ഏക ട്വിസ്റ്റ്‌.... ആറുമാസ്സത്തിനു ശേഷം നാട്ടിലെത്തിയ നായകനെ പെറ്റ തള്ള പോലും തിരിച്ചറിഞ്ഞില്ല...ഓഹ്‌ മാൻ വാട്ട്‌ എ ചെയിഞ്ച്‌....മഞ്ഞ പാന്റും മഞ്ഞയുടുപ്പും പച്ച ഷൂവും...മുടിയൊക്കെ കറണ്ടടിച്ചപോലെ മേൽപ്പോട്ടെഴുന്നേറ്റു നിൽക്കുന്നു....ബക്കിയുള്ളിടത്തു എലി കരണ്ടിയ പോലെ ചിലറ കലാ പരിപാടികൾ..മേൽക്കാതിലും അടിക്കാതിലും സൈക്കിൾ ടയറുകൾ....പാതിരത്രിയിലെങ്ങാനം വെട്ടമില്ലാതെ പെട്ടെന്നു മുന്നിൽക്കണ്ടാൽ പേടിച്ചു കാറ്റു പോയേക്കും...മൊത്തത്തിൽ ഒരു കടും വെട്ടു സാധനം ...സാക്ഷൽ "അൽ കമലാസനൻ " ... നാട്ടാരൊക്കെ ചുള്ളന്റെ "ഫ്രീക്കു " കണ്ടന്തംവിട്ടു...പയ്യൻ കൂളിംഗ്‌ ഗ്ലാസ്സിലൂടെ നാട്ടാരെ നോക്കി .".യോ യോ ".. പറഞ്ഞു...നാട്ടിലെ വളർന്നുവരുന്ന കുട്ടി ഫ്രീക്കന്മാരൊക്കെ മൂപ്പരുടെ.. "യോ യോ "...കമ്പനിയിൽ കൂടാൻ മൽസരം നടത്തി....പിന്നെ കുറേ ദിവസത്തേയ്ക്കു ഇതായിരുന്നു ചർച്ച...അങ്ങനെ ഓരോ ദിവസവും കട്ട നിറങ്ങളിലൂടെ മച്ചു നാട്ടാരെ ആകെ വട്ടാക്കിക്കൊണ്ടിരുന്നു..രണ്ടാഴ്ച്ചയ്ക്കു ശേഷം തിരിച്ചു പോയ മച്ചൂനെ പിന്നെ കാണുന്നതു ഇന്നു രാവിലെയാണു...പാലുവാങ്ങി നടന്നു വരും വഴി കലുങ്കിലൊരു അപരിചിതൻ.... തലയാകെ മൂടിക്കെട്ടിയിരിയ്ക്കുന്നു അടുത്തു ചെന്നു സൂക്ഷിച്ചു നോക്കി....തള്ളേ നമ്മടെ പഴയ "യോ യോ " പയ്യൻ .. ക്ലീൻ ഷേവ്‌..പുരികം പോലുമില്ല ...തലയിലെ കെട്ടഴിച്ചു ... ഞെട്ടിപ്പോയി...അവിടവിടെ പുഴുക്കടി പിടിച്ചപോലെ മുടി വട്ടത്തിലും നീളത്തിലും കൊഴിഞ്ഞു പോയിരിയ്ക്കുന്നു......കറണ്ടും കളറും മാറി മാറിയടിച്ചു ഒടുക്കം ഇങ്ങനായത്രെ ...പാവം പായസ്സത്തിൽ വീണ ടർക്കിക്കോഴിയെപ്പോലെ കലുങ്കിൽ കുന്ത്തിച്ചിരുന്നു.... "ഉള്ള ജോലീം പോയി..പകൽ വീട്ടിനു വെളിയിലിറങ്ങാൻ പേടിയാ ..വീട്ടിലാണേ തള്ള ഒടുക്കത്തെ തെറിവിളി...ഒണ്ടാരുന്ന ലൈനും പൊട്ടി..പകുതി സമാധാനം അധികമാരും തിരിച്ചറിയുന്നില്ലെന്നുള്ളതാ...മരുന്നു കഴിയ്ക്കുന്നുണ്ട്‌ പഴേ പോലെ മുടി വളരുമായിരിയ്ക്കും..." ഫ്രീക്കൻ ഗദ്ഗധഖൺഠനായി അകലേയ്ക്കു നോക്കി ദീർക്ഖ നിശ്വാസം വിട്ടു....മുന്നിൽ കൊഴിഞ്ഞു വീണു കിടന്നിരുന്ന പഴുത്ത "യോ യോ "കളിൽ ചവിട്ടി വീഴാതിരിക്കാൻ ശ്രദ്ധിച്ചു ഞാൻ മുന്നോട്ടു നടന്നു......

പരിഷ്ക്കാരി

ഇസ്തിരിയിടാത്ത കുപ്പായമിട്ടു ഒറ്റമുണ്ടുമുടുത്തു ഇന്നീ രാജധാനിയിലേയ്ക്കു വന്നൊരാൾ ഞാൻ മാത്രമാണു ...അതുകൊണ്ടു തന്നെ വേഷ ഭൂഷകളുടെ അളവുകോൽ കൊണ്ട്‌ മാന്യതയുടെ തലനാരിഴ കീറുന്ന "പരിഷ്ക്കാരികൾ " ചിലപ്പോഴെങ്കിലും എന്നെ തുറിച്ചു നോക്കി കടന്നുപോകുന്നുണ്ട്‌...

അപ്പാപ്പൻ.....

അത്യാവശ്യം തിരക്കുള്ളൊരു കല്യാണ വീട്‌...ഒരു 1940 മോഡെൽ "അപ്പാപ്പൻ " കാലത്തെ മുതൽ സജീവമായി രംഗത്തുണ്ട്‌ ..ആ സ്തലത്തെ മിക്ക കല്യാണങ്ങൾക്കും മുടങ്ങാതെ എത്താറുള്ള ആളാണു അപ്പാപ്പൻ ...കല്യാണ വീട്ടിൽ വരുന്ന കാണാൻ കൊള്ളാവുന്ന സ്ത്രീ രത്നങ്ങളെ തിരഞ്ഞു പിടിച്ചു ആലിംഗനം ചെയ്തു വിശേഷം തിരക്കലാണു പ്രധാന കലാപരിപാടി...തരം കിട്ടിയാൽ ഒരു കിസ്സും അടിയ്ക്കും ....ആളും തരവും നോക്കി ആലിംഗനത്തിന്റെ നീളം കൂട്ടുകയും കുറയ്ക്കുകയും ചെയ്യാറുണ്ട്‌..പ്രായത്തിൽ മൂത്തൊരപ്പാപ്പനല്ലേന്നുവച്ചിട്ടുത ന്നെ പലരും കാര്യമായിട്ടൊരെതിർപ്പും പ്രകടിപ്പിച്ചില്ല...അപ്പാപ്പന്റെ വിദ്യ നേരത്തെ അറിയാവുന്ന ചില സുന്ദരിമാർ ബുദ്ധിപൂർവ്വം എസ്കേപ്‌ ആയി..ആരെ കണ്ടാലും കെട്ടിപ്പിടുത്തം കഴിഞ്ഞാലുടൻ ചോദിയ്ക്കും "അപ്പാപ്പനെ അറിയില്ലേടീ മോളേ."...പലരും ഇതാരെന്നറിയാതെ വാ പൊളിച്ചു..ചിലരൊക്കെ വിക്കി ..ചിലർ കുതറി മാറാൻ നോക്കി.. അപ്പാപ്പൻ വിട്ടില്ല....തലമൂത്ത ചിലരിട പെട്ടു പലരേയും രക്ഷപെടുത്തി..മൂലയ്ക്കിരുന്ന ഓൾഡ്‌ പീസുകളെയൊന്നും അപ്പാപ്പൻ മൈന്റിയില്ല ...അൽപ്പം ആൾത്തിരക്കൊഴിഞ്ഞു ...റെസ്റ്റെടുത്തു കൊണ്ടിരിയ്ക്കുമ്പൊ ഒരു 95 മോഡെൽ ന്യൂ ജെനറേഷൻ കിളി ഒഴുകിവന്നു ....100 -160 ഇൽ അപ്പാപ്പൻ ചാടിവീണു.." മോളേ നീയങ്ങു വളർന്നല്ലോടേീ കൊച്ചു കള്ളീ..." അന്തം വിട്ട കിളി കുതറിയോടാൻ നോക്കി...അപ്പാപ്പൻ പിടിമുറുക്കി..പതിഞ്ഞ സ്വരത്തിൽ കിളി മൊഴിഞ്ഞു... "എനിയ്ക്കറിയില്ല.. കയ്യേന്നു വിട്‌ " അപ്പാപ്പൻ : അമ്പടീ കൊച്ചുകള്ളീ അങ്ങനിപ്പൊ പോകണ്ട ..അപ്പാപ്പനെ അറിയാത്ത പോലെ " ....കലിപ്പു മൂത്ത പെണ്ണു കെട്ടിപ്പിടുത്തത്തിനിടയിൽ അപ്പാപ്പന്റെ " പരിസ്ത്തിതി ലോല പ്ര ദേശങ്ങളിലെവിടെയോ "പിടിച്ചു കാര്യമായി ഒന്നു ഞെവിടി ...അപ്പാപ്പന്റെ കണ്ണു തള്ളി ..ശ്വാസം നിലച്ചപോലെ ....നക്ഷത്രക്കാലെണ്ണിയ അപ്പ്പാപ്പൻ പിടിവിടീയ്ക്കാൻ ആവുന്നപണിയെല്ലാം നോക്കി ..പെണ്ണു വിട്ടില്ല ...കണ്ടു നിന്നതിലൊരു ചേച്ചിയ്ക്ക്‌ അപകടം മണത്തു...പെണ്ണിന്റെ ചെവിയിലെന്തോ മൊഴിഞ്ഞു പിടിവിടുവിച്ചു.....കണ്ണു നിറഞ്ഞ അപ്പാപ്പൻ സെറ്റിയിൽ തളർന്നിരുന്നു...പെണ്ണു പെണ്ണിന്റെ പാട്ടിനു പോയി....അപ്പാപ്പനെ പിന്നെ കാണുമ്പോൾ ഊണു നടക്കുന്നിടത്തൊരു മൂലയിൽ വിശർത്തു കുളിച്ചു.. മുടിയൊക്കെ പൊങ്ങി ഫ്രൈഡ്‌ റൈസിന്റെ മണ്ടയിൽ അവശനിലയിൽ തളർന്നു കിടക്കുകയായിരുന്നു... .എന്തായാലും പിന്നീടൊരിയ്ക്കലും ആ ഏരിയായിലെ കല്യാണ വീടുകളിൽ അപ്പാപ്പനെ കണ്ടിട്ടില്ല....

കല്യാണം...

വൈകുന്നേരത്തെ സ്റ്റെഡി ക്ലാസിനെത്തിയ അവിവാഹിതരായ 2 ചെറുപ്പക്കാരുടെ മുഖം തീർത്തും അസ്വസ്ത്തമായിരുന്ന്നു...അവന്മാരുടെ സ്പോൺസെർഷിപ്പിൽ ചായയും ഷവർമ്മയും തട്ടിക്കൊണ്ട്‌ പ്രശ്നമാരാഞ്ഞു...രണ്ടു പേർക്കും കല്യാണം കഴിയ്ക്കണം... "ചായകുടി " യാണു ഒരാളുടെ പ്രശ്നം...ജോലിയും മറ്റു ജീവിത ചുറ്റുപാടുകളുമുണ്ട്‌..വയസ്സ്‌ 29 ആയി എത്രകാലമിങ്ങനെ "സിന്ദാബാദ്‌ " വിളിച്ചു ജീവിയ്ക്കും ...? പുറത്തു പോയി ചായ കുടിയ്ക്കാനുള്ള ധൈര്യവുമില്ല ... അപരൻ വേദനിയ്ക്കുന്നൊരു കോടീശ്വരൻ ..ആവശ്യത്തിനും അനാവശ്യത്തിനും പണം.. കാറിനു കാറു..ജോലിയ്ക്കു ജോലി ...ഇതൊക്കെയുണ്ടെങ്കിലും മടുപ്പിക്കുന്നൊരേകാന്തത എവിടൊക്കെയോ തളം കെട്ടിക്കിടക്കുന്നു... ആഗ്രഹമുണ്ടെങ്കിലും ആശങ്കകളാണു മനസ്സു നിറയെ .. വിവാഹിതനായാൽ ഭാര്യയ്ക്കടിമായാകേണ്ടി വരുമോ...സുഹൃത്ബന്ധങ്ങൾ ഉപേക്ഷിക്കേണ്ടി വരുമോ...പെണ്ണുകെട്ടിപ്പോയ ചില സുഹൃത്തുക്കൾക്കുണ്ടായ ദുരാനുഭവങ്ങൾ അങ്ങനെ പല പല ചിന്തകൾ...സമയം പോക്കാനെങ്കിലും ഏതെങ്കിലും ഒരു കിളിയെ അടിച്ചിടാൻ ഉള്ള കഴിവു മുഴുവൻ പ്രയോഗിച്ചു നോക്കി ...ഒരു സിംഗിൾ മൈന പോലും കൊത്തിയില്ല..സങ്കടം സഹിയ്ക്ക വയ്യാതെ ഫെയിസ്ബുക്കിൽ കേറിചൂണ്ടയിട്ടു.. കണ്ണു വേദന വന്നതു മിച്ചം.. ഫ്രെണ്ട്‌ ലിസ്റ്റിൽ നിറഞ്ഞതു മൊത്തം ബന്ധുക്കൾ ... ഇതൊക്കെ നിസ്സാര പ്പെട്ട കാര്യങ്ങളാണെന്നും ഇതിനൊന്നും വേണ്ടി കല്യാണം കഴിച്ചു ജീവിതം കോഞ്ഞാട്ടയാക്കരുതെന്നും ഒന്നര മണിക്കൂർ പല പല ഉദാഹരണ സഹിതം തൊണ്ടയിലെ ചായയും വയറ്റിലെ ഷവർമ്മയും തീരും വരെ ക്ലാസ്സെടുത്തു... നോ പ്ര യോജനം...കെട്ടാൻ തന്നെയുറപ്പിച്ചു രണ്ടും പിരിഞ്ഞുപോയി...ഒരുത്തനെ യെങ്കിലും രക്ഷിക്കാൻ കഴിയുമെന്നൊരു ശ്രമം നടത്തിയതാ രക്ഷയില്ല ...കല്യാണം കഴിയ്ക്കണമത്രേ ..കല്യാണം.... ങ്‌ ഹാ പോയനുഭവിയ്ക്കട്ടെ....

ഉണ്ണിമേരി

മീൻ കടയിലെത്തിയപ്പൊ നല്ല ചൊമന്ന മീൻ ഇരിയ്ക്കുന്നു...കൂട്ടത്തിലൊരെണ്ണത്തിനു നല്ല വലിപ്പവും ഭീകര സൗൻദര്യവും ...ഞാൻ : ഇതെന്തു മീനാണ്ണാ..? .. കടയുടമ : ഉണ്ണിമേരി.....ചില നിമിഷങ്ങൾ മേലാകെ കുളിരു കോരി...പണ്ടേതോ ഓലക്കൊട്ടകയിൽ കണ്ട ഉണ്ണിമേരിയുടെ കുളിസീൻ അത്യധികമായ ഗൃഹാതുരത്വത്തോടെ വീണ്ടും തിരശ്ശീലയിൽ ഓടിത്തുടങ്ങി......ഫ്ലാഷ്ബാക്ക്‌ കട്ടാകുമ്പൊ മീൻ വെട്ടുന്ന അണ്ണൻ നിഗൂഡമായൊരു ചിരിയോടെ എന്നെ നോക്കി നിപ്പുണ്ട്‌..ഒരു പക്ഷെ സെയിം കുളിസീൻ അണ്ണനും കണ്ടിട്ടുണ്ടാകും...എന്തായാലും അന്യായ കാശിനു ഉണ്ണിമേരിയേയും വാങ്ങി ഞാൻ വീട്ടിലേയ്ക്കു നടന്നു...ഇനിയെന്നാണാവോ സിൽക്കിനേം അനുരാധചേച്ചിയേയുമൊക്കെ ഇങ്ങനെ ഒന്നു കവറിലിട്ടു കൊണ്ടാൻ പറ്റുക..

പാർട്ട്‌ണർ....

ഇന്നും വന്നു ആ ഫോൺ സ ന്ദേശം...ഒരു ഓർമ്മപ്പെടുത്തൽ പോലെ ....3 വർഷം മുൻപ്‌ ജീവിതത്തിലിതുവ രെ ചെയ്തിട്ടില്ലാത്തൊരു വലിയ ഇൻ വെസ്റ്റ്മെന്റിൽ ഒരു സംരഭം തുടങ്ങാനാഗ്രഹിച്ചിറങ്ങുമ്പോൾ ഇൻഡ്യയിലെ തന്നെ വലിയൊരു വ്യവസായ ഭീമനെ എന്റെ സംരംഭത്തിനു പണം മുടക്കാൻ പാർട്ട്‌ണർ ആയിക്കിട്ടുമെന്നു സ്വപ്നത്തിൽ പോലും കരുതിയില്ല...മുടങ്ങിപ്പോകും എന്നു ഭയന്നിരുന്ന ഒരവസ്തയിൽ മറക്കാനാവാത്തൊരു സഹായമാണു അവരെനിയ്ക്കു ചെയ്തു തന്നത്‌... അതുകൊണ്ട്‌ ത ന്നെ നന്ദി സൂചകമായി എല്ലാ മാസവും ഞാൻ പോയിക്കണ്ട്‌ അദ്ധേഹത്തിന്റെ ഷെയർ നൽകി നന്ദിയറിയിക്കാറുണ്ട്‌ ..എത്ര സ്നേഹപൂർണ്ണമായ പെരുമാറ്റം എപ്പോഴെങ്കിലും എന്റെ വരവു താമസിച്ചാലുടൻ അദ്ദെഹത്തിന്റെ ഉൽഖണ്ട നിറഞ്ഞ അന്വേഷണമെത്തും ...എന്നെ അന്വേഷിയ്ക്കാനും ആരൊക്കെയോ ഉണ്ടെന്നൊരു തോന്നൽ എന്നിൽ സന്തോഷം നിറയ്ക്കാറുണ്ട്‌... ...ഞങ്ങളുടെയീ പങ്കുവയ്ക്കലിനു ഇപ്പൊ 3 വയസ്സ്‌ തികഞ്ഞിരിയ്ക്കുന്നു.................................................................(നേരത്തിനും കാലത്തിനും വണ്ടിയുടെ സി സി അടച്ചില്ലെങ്കിൽ ഇങ്ങനെ പല വിളികളും വരും )

Wednesday, April 9, 2014

ന്നാലും ന്റെ ഡിയറേ....

കുറച്ചുനാൾ മുൻപൊരു പഴയ പരിചയക്കാരിയുടെ റികെസ്റ്റ്‌ വന്നു ...നേരിട്ടു നല്ലോണം അറിയാവുന്ന ആളായതു കൊണ്ട്‌ വിചാരണ കൂടാതെ അക്സെപ്റ്റ്‌ ചെയ്തു...ഇടയ്ക്കെപ്പോഴോ ഭാര്യയും പറഞ്ഞു അതേ ആളിന്റെ റികെസ്റ്റ്‌ വന്നെന്ന് ...ഞാൻ പറഞ്ഞു അക്സെപ്റ്റിക്കൊ അറിയാവുന്ന ആളാ...വല്ലപ്പോഴും വന്നു ഒരു ലൈക്കൊക്കെ അടിച്ചിട്ടു പോകും...ഇന്നു വന്നു ചറപറാന്നു ലൈക്‌ അടിയ്ക്കുന്ന കണ്ട്‌ ചറ്റിൽ ഒരു മെസേജ്‌ അയച്ചു " ഹായ്‌ ഡിയർ എന്തുണ്ട്‌ വിശേഷം...? " റിപ്ലെ : എന്താ വിളിച്ചതു ഡിയർ എന്നോ...? ഭാര്യയോടു പറയണോ...?..... ഞാനൊന്നു ഞെട്ടി...കർത്താവേ ഡിയർ എന്നുള്ളത്‌ ഇത്രവലിയ കുഴപ്പം പിടിച്ച വാക്കാണോ....സാധാരണ കരളേ എന്നു വിളിച്ചാണു തുടങ്ങാറു....എന്നാലും ഭാര്യയോടു പറയാൻ മാത്രം ഇതിലിത്ര മഹാ സംഭവമെന്താണെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല...എന്നാപ്പിന്നെ നല്ല വാക്കു നാലെണ്ണം പറഞ്ഞിട്ടു ത ന്നെ കാര്യം.. " എങ്കിൽ പിന്നെ പെട്ടെന്നു തന്നെ പറയണേ പറയുമ്പൊ കുറച്ചു കാര്യമായി പറയണം വെറുതെ ചെറിയ കാര്യങ്ങൾ പറഞ്ഞു ഭാര്യയുടെ മുന്നിലെന്റെ വില കളയരുത്‌...വേ ണേ ഫോൺ നമ്പർ തരാം ഇപ്പൊ ത ന്നെ വിളിച്ചു പറയു പ്ലീസ്‌ ... " ആളിന്റെ അനക്കമില്ല .... പോയോ.....എന്നാലുമെന്റെ ഡിയറേ വെറുതെ ഒന്നു ഡിയറേന്നു വിളിച്ചപ്പോഴെയ്ക്കും എന്തിനാണിങ്ങനെ ചൂടാവുന്നതു ഡിയറേ...ഇനിയൊരിയ്ക്കലും ഡിയറിനെ ഡിയ്റേന്നു വിളിയ്ക്കില്ല്ല ഡിയറേ.....ന്നാലും ന്റെ ഡിയറേ....